ആറ് കോടിയിലധികം ആളുകള്‍ക്കാണ് നിലവില്‍ രാജ്യത്ത് പ്രമേഹമുള്ളതായി കണക്കാക്കപ്പെടുന്നത്. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഇത് 7 കോടി മറിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമേഹരോഗികളില്‍ തന്നെ സ്ത്രീക്കും പുരുഷനുമിടയില്‍ വ്യത്യാസങ്ങളുണ്ടെന്ന് തെളിയിക്കുന്ന പുതിയൊരു പഠനവും ഇതിനിടയില്‍ നടന്നിരിക്കുന്നു

ഇന്ത്യയില്‍ ജീവിതശൈലീരോഗങ്ങളുടെ പട്ടികയില്‍ അപകടഭീഷണി മുഴക്കിക്കൊണ്ട് മുന്നേറുന്ന ഒരു രോഗമാണ് പ്രമേഹം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആറ് കോടിയിലധികം ആളുകള്‍ക്കാണ് നിലവില്‍ രാജ്യത്ത് പ്രമേഹമുള്ളതായി കണക്കാക്കപ്പെടുന്നത്. 

അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഇത് 7 കോടി മറിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജീവിതരീതികളിലെ അപാകതകള്‍ തന്നെയാണ് പ്രമേഹരോഗികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കാരണമായിരിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

പ്രമേഹരോഗികളില്‍ തന്നെ സ്ത്രീക്കും പുരുഷനുമിടയില്‍ വ്യത്യാസങ്ങളുണ്ടെന്ന് തെളിയിക്കുന്ന പുതിയൊരു പഠനവും ഇതിനിടയില്‍ നടന്നിരിക്കുന്നു. വാണ്ടര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 

പ്രമേഹരോഗത്തെ തുടര്‍ന്ന് അപകടത്തിലാകാനുള്ള സാധ്യത, അതായത് രോഗത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യത പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ് ഉള്ളതെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. അതും മധ്യവയസിലുള്ള സ്ത്രീകളില്‍ ഈ സാധ്യത കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ ഇതിന് പിന്നിലുള്ള കാരണങ്ങള്‍ ഇവര്‍ വിശദീകരിച്ചിട്ടില്ല. 

പ്രമേഹം മൂലം മരണമടയാനുള്ള സാധ്യതകള്‍ മുമ്പത്തെക്കാള്‍ വര്‍ധിച്ചിരിക്കുന്നുവെന്നും ഇക്കാര്യത്തില്‍ നമ്മള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നുകൂടി ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.