ഉറക്കമില്ലായ്മ ഹൃദയ സംബന്ധമായ അസുഖങ്ങൾ അല്ലെങ്കിൽ സിവിഡിയുടെ (Cardiovascular disease) സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം പറയുന്നു. സ്ലീപ്പ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഉറക്കമില്ലായ്മ സിവിഡിയുടെ സാധ്യത 16 ശതമാനം വർദ്ധിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു.
വായുവും വെള്ളവും ഭക്ഷണവും പോലെ മനുഷ്യന് ആവശ്യമുള്ള ഒന്നാണ് ഉറക്കവും. ഓരോരുത്തർക്കും പ്രായവും ലിംഗവും സാഹചര്യവും അനുസരിച്ച് ഉറക്കവും വ്യത്യസ്തമായിരിക്കും. മുതിർന്ന ഒരാൾ ഏഴ് മുതൽ ഒൻപതു മണിക്കൂർ വരെ ഉറക്കം ആവശ്യമുണ്ട്. ഉറക്കമില്ലായ്മ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. രക്തസമ്മർദ്ദം, മാനസിക പ്രശ്നങ്ങൾ ഇതൊക്കെ ഉറക്കവുമായി ബന്ധപ്പെട്ടതാണ്.
ഉറക്കമില്ലായ്മ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഉറക്കമില്ലായ്മ ഹൃദയ സംബന്ധമായ അസുഖങ്ങൾ അല്ലെങ്കിൽ സിവിഡിയുടെ (Cardiovascular disease) സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം പറയുന്നു. സ്ലീപ്പ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഉറക്കമില്ലായ്മ സിവിഡിയുടെ സാധ്യത 16 ശതമാനം വർദ്ധിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു. ഹൃദ്രോഗ പ്രശ്നം ഉണ്ടായ 1000 പേരിൽ പഠനം നടത്തി.
പഠനത്തിന്റെ തുടക്കത്തിൽ പങ്കെടുത്തവരിൽ പകുതിയോളം പേർക്കും ഉറക്കമില്ലായ്മ ഉണ്ടായിരുന്നുവെന്നും 24 ശതമാനം പേർ അടുത്തിടെ ഉറക്ക മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും പഠനം കണ്ടെത്തി. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉറക്കം വളരെ പ്രധാനപ്പെട്ട ഭാഗമാണെന്ന് മുംബൈയിലെ ഭാട്ടിയ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ രാഹുൽ ഛാബ്രിയ പറഞ്ഞു.
ഇത് നമ്മുടെ ശരീരത്തിനും മനസ്സിനും വിശ്രമം നൽകുന്നു. നമ്മൾ ഉറങ്ങുമ്പോഴെല്ലാം നമ്മുടെ രക്തസമ്മർദ്ദം അൽപ്പം കുറയുന്നു. ഉറക്കമില്ലായ്മ ഹൃദയസംബന്ധമായ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ ജീവിതശൈലി കണക്കിലെടുക്കുമ്പോൾ ഉറക്കമില്ലായ്മ പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഉറക്കക്കുറവ് രക്തസമ്മർദ്ദത്തിന്റെ പ്രതികരണത്തിലും ശരീരത്തിലെ ഹൃദയമിടിപ്പിന്റെ പ്രതികരണത്തിലും വ്യതിയാനത്തിന് കാരണമാകുന്നുവെന്ന് മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റൽസ് പരേലിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. പ്രവീൺ കുൽക്കർണി പറഞ്ഞു. അനാരോഗ്യകരമായ ജീവിതശൈലി ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നല്ല ഉറക്കത്തിനായി ചെയ്യേണ്ടത്...
മൊബൈൽ നോക്കിയ ശേഷം ഉടൻ തന്നെ ഉറങ്ങാൻ പോകുന്നവരാണ് അധികവും. എന്നാൽ ഇതിൽ നിന്നും പുറത്തേക്ക് വരുന്ന നീലവെളിച്ചം തലച്ചോറിനെ ഗുരുതരമായി ബാധിക്കാം. അതോടെ നല്ല ഉറക്കം ലഭിക്കുന്നതിന് തടസ്സമാകും.
കിടപ്പുമുറിയിൽ ടെലിവിഷൻ, മൊബൈൽ ഫോണുകൾ, ലാൻഡ് ഫോണുകൾ എന്നിവ വയ്ക്കരുത്. കിടപ്പുമുറി ഉറങ്ങാനുള്ളതാണ്. അതിനാൽ ഉറക്കത്തിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷമായിരിക്കണം അവിടെയുണ്ടായിരിക്കേണ്ടത്.
ഉറങ്ങുന്നതിന് കുറഞ്ഞത് നാലുമണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണം. അതേസമയം, വെള്ളം കുടിക്കുന്നതിന് തടസ്സമില്ല.
എല്ലാ ദിവസവും ഉറക്കത്തിന് കൃത്യമായ സമയം നിശ്ചയിക്കുന്നത് കൃത്യമായി ഉറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
