മാനസികരോഗങ്ങളും അവയെത്തുടര്‍ന്നുള്ള ആത്മഹത്യയുമെല്ലാം വലിയ ചര്‍ച്ചയായിരിക്കുന്ന കാലമാണിത്. മറ്റേത് രോഗങ്ങളെപ്പോലെയും ശ്രദ്ധ വേണ്ടതും, സമയബന്ധിതമായി ചികിത്സ തേടേണ്ടതുമായ രോഗങ്ങളാണ് മാനസികരോഗങ്ങളെന്ന അവബോധം സമൂഹത്തിനുണ്ടാകണമെന്ന സൂചനകളെങ്കിലും ഈ ചര്‍ച്ചകള്‍ നല്‍കുന്നുണ്ട്. 

ഇതിനോട് ചേര്‍ത്തുവായിക്കാവുന്ന ഒരു പഠനറിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ദിവസം പുറത്തുവരികയുണ്ടായി. 'സ്‌കീസോഫ്രീനിയ റിസര്‍ച്ച്' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. 

'സ്‌കീസോഫ്രീനിയ സ്‌പെക്ട്രം ഡിസോര്‍ഡേഴ്‌സ്' അഥവാ എസ്എസ്ഡി എന്ന മാനസികപ്രശ്‌നം നേരിടുന്നവര്‍ മറ്റുള്ളവരെക്കാള്‍ 170 മടങ്ങ് അധികം ആത്മഹത്യ ചെയ്യുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 20 വര്‍ഷമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളെ വിശദമായി പഠനവിധേയമാക്കിയ ശേഷമാണ് വിദഗ്ധര്‍ ഈ കണ്ടെത്തലില്‍ വന്നെത്തിയിരിക്കുന്നത്. 

ജനികതമായ കാരണങ്ങളാലോ, സാമൂഹികമായ കാരണങ്ങളാലോ, തലച്ചോറിലെ രാസപദാര്‍ത്ഥങ്ങളില്‍ വരുന്ന വ്യതിചലനങ്ങളുടെ ഭാഗമായോ ഒക്കെയാണ് 'സ്‌കീസോഫ്രീനിയ' പിടിപെടുന്നത് എന്നാണ് ശാസ്ത്രത്തിന്റെ വിശദീകരണം. എടുത്തുപറയാന്‍ വ്യക്തമായ ഒരു കാരണം ഇതിനില്ല. 

കാരണങ്ങളുടെ കാര്യത്തില്‍ ഇത്തരത്തിലുള്ള അവ്യക്തതകളുണ്ടെങ്കിലും ചികിത്സയുടെ കാര്യത്തില്‍ ഇതില്‍ സാധ്യതകളുണ്ട്. തെറാപ്പി തന്നെയാണ് പ്രധാനമായും അവലംബിക്കുന്ന ചികിത്സ. എന്നാല്‍ രോഗം കണ്ടെത്തുന്നതിലും സമയത്തിന് ചികിത്സ തേടുന്നതിലും പരാജയപ്പെടുന്നതാണ് പലര്‍ക്കും തിരിച്ചടിയാകുന്നത്. 

'നമ്മള്‍ ഇത്തരത്തിലുള്ള ഒരു പഠനത്തിലൂടെ ലക്ഷ്യമിടുന്നത് തന്നെ എസ്എസ്ഡി എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ ചികിത്സയിലും അവരോട് പാലിക്കേണ്ട നയങ്ങളിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരികയെന്നതാണ്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ജുവേരിയ സഹീര്‍ പറയുന്നു. 

Also Read:- വിഷാദരോഗം മരണത്തിലേക്ക് നയിക്കുമ്പോൾ; ഡോക്ടര്‍ പറയുന്നു...

മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നവരില്‍ ആത്മഹത്യാപ്രവണത കണ്ടേക്കാമെന്ന തിരിച്ചറിവില്‍ നമ്മളിപ്പോള്‍ എത്തിയെന്നും ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ട സമയമായെന്നും അതിന് ഈ പഠനം ഒരു പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. ജുവേരിയയും സംഘവും പറയുന്നു.