വന്‍കുടലിനോട് ചേര്‍ന്ന് കാണപ്പെടുന്ന അവയവമായ അപ്പന്‍ഡിക്സിനുണ്ടാകുന്ന രോഗമാണ് അപ്പന്‍ഡിസൈറ്റിസ്. അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്‍റെ പ്രധാന ലക്ഷണം. വേദനയൊടൊപ്പം മറ്റ് പല ലക്ഷണങ്ങളുമുണ്ടാകാം. 

ആദ്യം പൊക്കിളിന് ചുറ്റും വേദന വരാം. പിന്നീട് അത് അടിവയറില്‍ നിന്ന് മുകളിലേക്ക് വ്യാപിക്കും. അടിവയറിൽ വലതുവശത്ത് താഴെയായി അമർത്തിയാൽ ശക്‌തിയായ വേദന ഉണ്ടാകും. വയറുവേദനയ്ക്ക് പുറുമെ മറ്റ് പല ലക്ഷണങ്ങളും ഉണ്ടാകാം.  ചര്‍ദ്ദി, ഓക്കാനം, പനി, വിശപ്പില്ലായ്മ, ക്ഷീണം, മലബന്ധം, മൂത്രമൊഴിക്കുമ്പോള്‍ വേദന എന്നിവയൊക്കെ അപ്പെന്‍ഡിസൈറ്റിസിന്‍റെ ലക്ഷണങ്ങളാണ്. 

ശരീരം പരിശോധിച്ച് ഡോക്ടര്‍മാര്‍ക്ക് ചിലപ്പോള്‍ രോഗം കണ്ടെത്താം. വേദനയുള്ള ഭാഗത്ത് ഡോക്ടർ പതിയെ അമർത്തിനോക്കും. സമ്മർദ്ദം നൽകുമ്പോൾ വേദനയുണ്ടാകുന്നത് അടിവയറിന്‍റെ ഭിത്തിയിൽ ഉണ്ടാകുന്ന കോശജ്വലനത്തിന്‍റെ സൂചനയായിരിക്കും. ഇത് ചിലപ്പോൾ അപ്പെൻഡിസൈറ്റിസ് മൂലമുള്ളതാകാം. വൃക്കകൾക്കും മൂത്രനാളിയിലും അണുബാധ ഇല്ലെന്ന് ഉറപ്പാക്കുന്നതിന് മൂത്രപരിശോധന നടത്താം. അതുപോലെ അണുബാധ ഉണ്ടോ എന്ന് മനസ്സിലാക്കുന്നതിന് രക്ത പരിശോധന ചെയ്യാം. അപ്പെൻഡിക്സിൽ കാൽസ്യം അടിഞ്ഞിട്ടുണ്ടോയെന്ന് മനസ്സിലാക്കുന്നതിനായി അടിവയറിന്‍റെ എക്സ്-റേ എടുക്കാം. മുഴകളോ മറ്റു സങ്കീർണതകളോ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനായി അൾട്രാസൗണ്ട് അല്ലെങ്കിൽ സിടി സ്കാൻ നടത്താം.

തുടക്കത്തിലെ കാണിച്ചാല്‍ മരുന്നുകളുടെ സഹായത്തോടെ രോഗം ഭേദമാകും. ചിലരില്‍ അപ്പെന്‍ഡെക്റ്റമി ശസ്ത്രക്രിയ വേണ്ടി വരും. അപ്പെൻഡിസൈറ്റിസിനെ പ്രതിരോധിക്കുന്നതിനായി പ്രത്യേക വഴികളൊന്നുമില്ല.