സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മം.

പുരുഷന്‍റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മം. 

പുരുഷന്മാരെ ബാധിക്കുന്ന ക്യാൻസറുകളിൽ പ്രധാനമായി മാറിയിരിക്കുകയാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രായമായ പുരുഷന്മാർക്ക് മാത്രമല്ല ചെറുപ്പക്കാർക്കും പ്രോസ്റ്റേറ്റ് ക്യാൻസർ വരാം. 45 വയസ്സിന് താഴെയുള്ള പുരുഷന്മാരെയാണ് ഈ ക്യാൻസർ കൂടുതലും ബാധിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യതയും കൂടുന്നു. 

ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ പൂർണമായും ചികിത്സിച്ചു മാറ്റാവുന്നതാണ്. എന്നാല്‍ ആദ്യഘട്ടങ്ങളിൽ, ചിലപ്പോൾ പ്രോസ്റ്റേറ്റ് ക്യാൻസർ, ഒരു ലക്ഷണവും കാണിച്ചില്ല എന്നു വരാം. ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ, മൂത്രമൊഴിക്കുമ്പോൾ വേദനയും അസ്വസ്ഥതയും, മൂത്രത്തിലോ ശുക്ലത്തിലോ രക്തം, മലാശയത്തിലെ സമ്മർദ്ദം, ഇടുപ്പ്, പെൽവിക് അല്ലെങ്കിൽ മലാശയ ഭാ​ഗത്ത് വേദന. നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ലുകള്‍ക്ക് വേദന, എല്ല് പൊട്ടുക, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം. അതുപോലെ ക്ഷീണം, ശരീരഭാരം കുറയൽ എന്നിവയും പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണങ്ങളാകാം.

പ്രോസ്റ്റേറ്റ് ക്യാന്‍സർ മൂര്‍ച്ഛിക്കുന്നതനുസരിച്ചാണ് മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, എന്നിവയുണ്ടാകുന്നത്. പ്രോസ്റ്റേറ്റ് ക്യാൻസർ പടരുന്നതിന്റെ ലക്ഷണങ്ങളിലൊന്ന് കാലിൽ വീക്കം ഉണ്ടാകുന്നതാണ്. ക്യാൻസർ ലിംഫ് നോഡുകളിലേക്ക് പടർന്നാൽ അത് കാലുകളിൽ വലിയ രീതിയിൽ വീക്കം ഉണ്ടാകുന്നതിന് കാരണമാകും.

പ്രാരംഭ ഘട്ടത്തിൽ രോഗനിർണയം നടത്തുകയും പ്രാരംഭ ഘട്ടത്തിൽ ചികിത്സിക്കുകയും ചെയ്താൽ രോ​ഗം മാറ്റാനാകും. എന്നാൽ ഈ അവസ്ഥയെ കുറിച്ചുള്ള അവബോധമില്ലായ്മ മിക്ക കേസുകളിലും ഇത് മാരകമായ രോഗമായി മാറുന്നു. കാരണം രോഗികൾ വളരെ വൈകിയാകും രോ​ഗം കണ്ടെത്തുന്നത്. ചിലയിനം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ നിലനില്‍ക്കാം. ഭൂരിഭാഗം പ്രോസ്റ്റേറ്റ് ക്യാന്‍സറും ഗ്രന്ഥിയുടെ ബാഹ്യഭാഗത്ത് വരുന്നതിനാല്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: വയറിലെ അര്‍ബുദത്തിന്‍റെ ഈ സൂചനകള്‍ നിസാരമായി കാണേണ്ട...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

YouTube video player