പഞ്ഞിമിഠായി വില്‍പനയെ ചൊല്ലി ഏതാനും ദിവസങ്ങളായി തന്നെ വലിയ വിവാദം തമിഴ്‍നാട്ടില്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോഴീ കടുത്ത തീരുമാനം. 

പഞ്ഞിമിഠായി വില്‍പന സംസ്ഥാനത്ത് തീര്‍ത്തും നിരോധിച്ച് തമിഴ്‍നാട്. ആരോഗ്യമന്ത്രിയാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്. പഞ്ഞിമിഠായി വില്‍പനയെ ചൊല്ലി ഏതാനും ദിവസങ്ങളായി തന്നെ വലിയ വിവാദം തമിഴ്‍നാട്ടില്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോഴീ കടുത്ത തീരുമാനം. 

പഞ്ഞിമിഠായിയില്‍ ക്യാൻസറിന് കാരണമാകുന്ന രാസവസ്തു കണ്ടെത്തിയതിന് പിന്നാലെ പുതുച്ചേരിയില്‍ പഞ്ഞിമിഠായി വില്‍പന ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ ഈ വിഷയത്തില്‍ ചൂടൻ ചര്‍ച്ചകളും ഏറെ നടന്നിരുന്നു.

പഞ്ഞിമിഠായിയില്‍ 'റോഡമിൻ ബി' എന്ന വിഷാംശമാണ് അധികൃതര്‍ കണ്ടെത്തിയിരുന്നത്. തുണികള്‍, പേപ്പര്‍, ലെദര്‍ ഉത്പന്നങ്ങളിലൊക്കെ നിറം നല്‍കാനായി ഉപയോഗിക്കുന്ന കെമിക്കലാണിത്. ഭക്ഷണസാധനങ്ങളില്‍ ഇത് നിറത്തിനായി ചേര്‍ക്കുമ്പോള്‍ ആരോഗ്യമാണ് വെല്ലുവിളി നേരിടുന്നത്. 

ഒരിക്കല്‍ ശരീരത്തിലെത്തിയാല്‍ അത്ര ദോഷമൊന്നുമാകില്ലെങ്കിലും ഇവ പതിവാിയി ശരീരത്തിലെത്തിയാല്‍ കരള്‍ രോഗത്തിനും ക്യാൻസറിലേക്കുമെല്ലാം നമ്മെ നയിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

പഞ്ഞിമിഠായിയില്‍ ഈ രാസവസ്തു വ്യാപകമായി ഉണ്ട് എന്ന ലാബ് റിസള്‍ട്ട് വന്നതിന് ശേഷമാണത്രേ ഇപ്പോള്‍ സംസ്ഥാനത്തൊട്ടാകെ വില്‍പന നിരോധിച്ചിരിക്കുന്നത്. പഞ്ഞിമിഠായിയില്‍ മാത്രമല്ല പല മിഠായികളിലും സ്വീറ്റ്സിലും റോഡമിൻ ബി അടങ്ങിയതായി ലാബ് പരിശോധനയില്‍ കണ്ടെത്തപ്പെട്ടിട്ടുണ്ട് എന്നാണ് അറിയുന്നത്. 

ഇനിയും ഇത്തരത്തില്‍ റോഡമിൻ ബി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉത്പാദനത്തിലോ വില്‍പനയിലോ വിതരണത്തിലോ ആരെങ്കിലും പങ്കാളിയായതായി മനസിലാക്കിയാല്‍ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്നും തമിഴ്‍നാട് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. 

നിരോധനം വന്നതോടെ നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണ് നിലച്ചിരിക്കുന്നത്. ഈയൊരു വലിയ പ്രശ്നത്തെ പക്ഷേ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കണ്ടറിയണം. ഏതായാലും ആരോഗ്യത്തിന് ദോഷം വരുന്ന ഉത്പന്നങ്ങള്‍ നിരോധിക്കുന്നത് തന്നെയാണ് നല്ലത്, ഇതിന് കയ്യടിക്കാനേ നിര്‍വാഹമുള്ളൂ എന്നാണ് പൊതുജനത്തിന്‍റെ ഭാഗത്ത് നിന്ന് വരുന്ന പ്രതികരണം.

Also Read:- കുടിവെള്ളത്തിലെ 'ചുവന്ന പുഴുക്കള്‍'; ഇത് ഒരോര്‍മ്മപ്പെടുത്തലാണ്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo