സാധാരണഗതിയില്‍ മലിനമായ വെള്ളത്തെ ആശ്രയിച്ച് കഴിയുന്നവയാണ് 'റെഡ് വേംസ്'. മലിനജലത്തിലെ അവശിഷ്ടങ്ങള്‍, ബാക്ടീരിയ, പായല്‍ എന്നിവയെല്ലാമാണ് ഇവ ഭക്ഷിക്കുക

കുടിവെള്ളം മലിനമായാല്‍ അത് ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്നത് പ്രത്യേകമായി പറയേണ്ട കാര്യമില്ല. ഇത് ഏവര്‍ക്കും അറിയാവുന്നതാണ്. വയറിന്‍റെ ആരോഗ്യം ദുര്‍ബലമാകുന്നതിലേക്കും പല രോഗങ്ങളിലേക്കും വിരബാധയിലേക്കും എല്ലാം ഇത് നയിക്കാം. 

പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ഇന്ന് നമുക്കെല്ലാം ലഭ്യമായിട്ടുള്ള കുടിവെള്ളത്തിന്‍റെ ശുചിത്വത്തെ കുറിച്ച് നമുക്ക് ഉറപ്പിക്കാൻ സാധിക്കാറില്ല. അധികൃതരും, ഹൗസിംഗ് സൊസൈറ്റികളുമെല്ലാം കുടിവെള്ളം നല്ലതാണെന്ന് വാദിക്കും. എങ്കിലും അതിന്‍റെ ശുചിത്വം സംബന്ധിച്ചൊരു ഉറപ്പ് നമുക്കില്ലല്ലോ. 

ഈയൊരു വിഷയം എത്രമാത്രം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് 'എക്സി'ല്‍ (മുൻ ട്വിറ്റര്‍) വന്നൊരു പോസ്റ്റ്. പുണെയില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്‍റെ ഫ്ളാറ്റില്‍ ലഭിക്കുന്ന വെള്ളത്തിലെ 'റെഡ് വേംസ്' അഥവാ ചുവന്ന നിറത്തിലുള്ള വിരകളെയാണ് ഈ പോസ്റ്റിലുള്ള വീഡിയോയിലും ചിത്രത്തിലും കാണിച്ചിരിക്കുന്നത്.

വാട്ടര്‍ പ്യൂരിഫയറിനകത്ത് പെട്ട പുഴുക്കളാണിത്. സാധാരണഗതിയില്‍ മലിനമായ വെള്ളത്തെ ആശ്രയിച്ച് കഴിയുന്നവയാണ് 'റെഡ് വേംസ്'. മലിനജലത്തിലെ അവശിഷ്ടങ്ങള്‍, ബാക്ടീരിയ, പായല്‍ എന്നിവയെല്ലാമാണ് ഇവ ഭക്ഷിക്കുക. അങ്ങനെയെങ്കില്‍ നാം കുടിക്കാനെടുക്കുന്ന വെള്ളത്തില്‍ ഇവയുണ്ടാകുന്നു എന്നതിനര്‍ത്ഥം ആ വെള്ളം അത്രയും മലിനമാണ് എന്നത് തന്നെയാണ്. 

ഇവ നമ്മുടെ ശരീരത്തില്‍ ചെറിയ അളവില്‍ പെട്ടാലും അതിനാല്‍ നമുക്ക് അപകടമാകണമെന്നില്ല. എന്നാല്‍ പതിവായ ഇവ ശറീരത്തിലെത്തുന്നത് പ്രശ്നം തന്നെ. ജലാശയങ്ങള്‍ മലിനമാകുന്നതോ, അത് വിതരണത്തിനെത്തിക്കുന്ന സംവിധാനങ്ങള്‍ വൃത്തിയില്ലാതാകുന്നതോ ടാങ്ക് ശുചിയല്ലാത്തതോ എല്ലാം റെഡ് വേംസിന് കാരണമായി വരാം. 

പുഴയിലെ വെള്ളം മലിനമായി എന്നതാണ് പോസ്റ്റ് പങ്കുവച്ചയാള്‍ ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അങ്ങനെ ആകണമെന്നില്ല, മേല്‍പ്പറഞ്ഞ സാധ്യതയിലെല്ലാം പുഴുക്കള്‍ വെള്ളത്തില്‍ വരാമെന്ന് മറ്റ് പലരും ചൂണ്ടിക്കാട്ടുന്നു. എന്തായാലും പൈപ്പിലൂടെ നമുക്ക് കിട്ടുന്ന വെള്ളത്തിന്‍റെ ഗുണമേന്മ വല്ലപ്പോഴുമൊന്ന് ഉറപ്പുവരുത്തേണ്ടതിന്‍റെ ആവശ്യകത ഈ പോസ്റ്റും ഇതുയര്‍ത്തിയ ചര്‍ച്ചകളും ഓര്‍മ്മിപ്പിക്കുന്നുവെന്ന് ഏവരും പറയുന്നു. 

Scroll to load tweet…

Also Read:- മോണരോഗങ്ങളെ തടയാനും മോണ ആരോഗ്യത്തോടെയിരിക്കാനും ചെയ്യേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo