ലോകരാജ്യങ്ങളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊറോണ വൈറസ് വ്യാപനം തുടരുമ്പോള്‍ ഏറ്റവുമധികം അപകടഭീഷണി നേരിടുന്നത് ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരാണ്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ അവരുടെ സേവനം നമുക്ക് അനിവാര്യവുമാണ്. 

അതിനാല്‍ത്തന്നെ അവരുടെ സുരക്ഷ വളരെ പ്രധാനമാണ്. നിലവില്‍ എല്ലാ സുരക്ഷാ സന്നാഹങ്ങളോടും കൂടിത്തന്നെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് രോഗികളേയും രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരേയുമെല്ലാം ചികിത്സിക്കുന്നതും പരിചരിക്കുന്നതും. എങ്കില്‍പ്പോലും വെല്ലുവിളികള്‍ പൂര്‍ണ്ണമായി ഇല്ലാതാകുന്നില്ല.

ഈ സാഹചര്യത്തില്‍ പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകാണ് ബോംബെ ഐഐടിയില്‍ നിന്നുള്ള ഒരു സംഘം. രോഗിയില്‍ നിന്ന് നിശ്ചിത അകലം പാലിച്ചുകൊണ്ട് തന്നെ ഡോക്ടര്‍ക്ക് രോഗിയുടെ മിടിപ്പുകള്‍ മനസിലാക്കാന്‍ സഹായകമാകുന്ന 'സ്മാര്‍ട്ട് സ്റ്റെതസ്‌കോപ്പ്' എന്ന പുത്തന്‍ കണ്ടെത്തലാണ് ഇവര്‍ നടത്തിയിരിക്കുന്നത്. 

രോഗിയുടെ മിടിപ്പ് ബ്ലൂടൂത്ത് സിഗ്നലുകളായി ഡോക്ടര്‍ക്ക് അറിയാന്‍ സഹായിക്കുന്ന സ്‌റ്റെത്ത് ആണിത്. എന്ന് മാത്രമല്ല, ഈ മിടിപ്പുകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനും പിന്നീടൊരു അവസരം വരുമ്പോള്‍ രോഗിയുടെ മുന്‍കാല ആരോഗ്യചരിത്രം പരിശോധിക്കാന്‍ ഇത് ഉപയോഗിക്കാനും സാധ്യമാണ്. ഈ റെക്കോര്‍ഡ് ചെയ്ത സിഗ്നലുകളെ തന്നെ കംപ്യൂട്ടറിലേക്കോ സ്മാര്‍ട്ട് ഫോണുകളിലേക്കോ കാണാന്‍ കഴിയുന്ന ഗ്രാഫ് രൂപത്തിലേക്ക് മാറ്റാനും സാധ്യമാണ്. 

അതായത്, രോഗിയുടെ മിടിപ്പുകളില്‍ വരുന്ന മാറ്റങ്ങള്‍, അസാധാരണനില, സാധാരണനില എന്നിവയെല്ലാം എളുപ്പത്തില്‍ മനസിലാക്കാമെന്ന് സാരം. ഡോക്ടര്‍മാരുടേയും വിദഗ്ധരുടേയും സഹായത്തോടെയാണ് ഐഐടിയില്‍ നിന്നുള്ള സംഘം ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇവരുടെ 'സ്മാര്‍ട്ട് സ്റ്റെതസ്‌കോപ്പിന്' പേറ്റന്റും ലഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടമെന്ന നിലയ്ക്ക്, വിവിധ ആശുപത്രികളിലേക്കായി 1000 സ്റ്റെത്തുകള്‍ വിതരണം ചെയ്തിരിക്കുകയാണിപ്പോള്‍.