തെലുങ്ക് സിനിമാ താരമായ റാണ ദഗുബാട്ടി വൃക്കരോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നതിനിടെ പ്രതികരണവുമായി താരം തന്നെ രംഗത്ത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ആരാധകന്റെ കമന്റിന് മറുപടിയായാണ് റാണ തന്റെ പ്രതികരണമറിയിച്ചത്. 

ശസ്ത്രക്രിയ എങ്ങനെയുണ്ടായിരുന്നു, ആരോഗ്യം നന്നായിരിക്കുന്നോയെന്ന് അന്വേഷിച്ച ആരാധകന്‍, തുടര്‍ന്ന് ഒരു പ്രസിദ്ധീകരണത്തിലൂടെയാണ് സംഭവം അറിഞ്ഞതെന്നും വ്യക്തമാക്കി. ഈ കമന്റിന് താഴെയായി 'അത്തരം പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നത് അവസാനിപ്പിക്കൂ'വെന്ന് പറഞ്ഞുകൊണ്ടാണ് റാണ വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. 

വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് വേണ്ടിയാണ് റാണ വിദേശത്തേക്ക് പോയതെന്നും, അവിടെ വച്ച് അമ്മയുടെ വൃക്ക റാണയ്ക്ക് മാറ്റിവച്ചതായുമാണ് വാര്‍ത്തകള്‍ വന്നിരുന്നത്. അടുത്തിടെയായി റാണ ശരീരഭാരം കുറച്ചതും ആരാധകരെ തെല്ലൊന്ന് ആശങ്കപ്പെടുത്തിയിരുന്നു. 

വിജയ് ദേവരക്കൊണ്ടയുടെ പുതിയ ചിത്രം 'ഡിയര്‍ കോമ്രേഡ്'ന് ആശംസകള്‍ അറിയിച്ചുകൊണ്ട് റാണ എടുത്ത വീഡിയോയ്ക്ക് താഴെയാണ് ആരാധകര്‍ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി എത്തിയത്. എന്നാല്‍ ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് റാണ തന്നെ സത്യാവസ്ഥ വ്യക്തമാക്കുകയായിരുന്നു.
 

 
 
 
 
 
 
 
 
 
 
 
 
 

#dearcomrade #Rowdy @thedeverakonda my best to you and your team @rashmika_mandanna

A post shared by Rana Daggubati (@ranadaggubati) on Jul 23, 2019 at 12:44pm PDT