Asianet News MalayalamAsianet News Malayalam

കലിപ്പന്മാരും കാന്താരിമാരും അറിയാന്‍; പ്രണയിക്കുമ്പോള്‍ നോക്കേണ്ട 10 കാര്യങ്ങള്‍...

അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ചയായ വീഡിയോകളായിരുന്നു 'കലിപ്പന്റെ പെണ്ണ്, 'കലിപ്പന്റെ കാന്താരി' എന്നൊക്കെയുള്ള പേരുകളിലിറങ്ങിയ വീഡിയോകള്‍. മൂക്കത്ത് ശുണ്ഠിയുള്ള കാമുകനും അതിനനുസരിച്ച് വിധേയയായ കാമുകിയുമാണ് ഇതിലെയെല്ലാം പ്രധാന കഥാപാത്രങ്ങള്‍

ten suggestions from psychiatrist for good relationship
Author
Trivandrum, First Published Oct 12, 2019, 5:57 PM IST

അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ചയായ വീഡിയോകളായിരുന്നു 'കലിപ്പന്റെ പെണ്ണ്, 'കലിപ്പന്റെ കാന്താരി' എന്നൊക്കെയുള്ള പേരുകളിലിറങ്ങിയ വീഡിയോകള്‍. മൂക്കത്ത് ശുണ്ഠിയുള്ള കാമുകനും അതിനനുസരിച്ച് വിധേയയായ കാമുകിയുമാണ് ഇതിലെയെല്ലാം പ്രധാന കഥാപാത്രങ്ങള്‍. 

തന്റെ ഇഷ്ടാനുസരണം വസ്ത്രമിട്ടില്ലെങ്കില്‍, തന്നോട് പറയാതെ പുറത്തുപോയാല്‍, മറ്റാര്‍ക്കെങ്കിലുമൊപ്പം ബൈക്കില്‍ യാത്ര ചെയ്താലൊക്കെ സ്ഥലകാലബോധമില്ലാതെ കാമുകിയോട് തട്ടിക്കയറുന്ന കാമുകനാണ് കലിപ്പന്‍. കാമുകന്‍ എന്ത് പറഞ്ഞാലും അതെല്ലാം അംഗീകരിച്ച്, അയാളുടെ ദേഷ്യവും ധാര്‍ഷ്ട്യവും സമ്മതിച്ചുകൊടുത്ത് വിനീതവിധേയ ആകുകയെന്നതാണ് കാമുകിയുടെ ഡ്യൂട്ടി. 

എന്ത് പറഞ്ഞാലും ഉള്ളില്‍ സ്‌നേഹമുള്ളയാളാണ് തന്റെ കാമുകനെന്ന് ഇടയ്ക്കിടെ പ്രസ്താവിക്കുകയും വേണം. എപ്പോഴും ചൂടാകുന്ന, അക്ഷമനായ പുരുഷനാണ് ഉള്ളില്‍ സ്‌നേഹമുണ്ടാവുകയെന്നും അവനോട് കൂടി നില്‍ക്കുമ്പോള്‍ മാത്രമാണ് സ്ത്രീക്ക് സുരക്ഷിതബോധമുണ്ടാവൂ എന്നുമുള്ള പഴകിയ ബോധത്തെ ഊട്ടിയുറപ്പിക്കുന്ന ഇത്തരം വീഡിയോകള്‍ ഒരു വിഭാഗം ചെറുപ്പക്കാരെയെങ്കിലും സ്വാധീനിക്കുന്നുണ്ട് എന്നത് സത്യമാണ്. 

എന്നാല്‍ പ്രായ-ലിംഗ ഭേദമെന്യേ ഇത്തരം വീഡിയോകളെ എതിര്‍ത്തും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. കാമുകിയുടെ എല്ലാ കാര്യങ്ങളിലും, അല്ലെങ്കില്‍ പങ്കാളിയുടെ എല്ലാ കാര്യങ്ങളിലും ഇങ്ങനെ ഇടപെടുന്നതും, തീരുമാനമെടുക്കുന്നതും യഥാര്‍ത്ഥത്തില്‍ ആരോഗ്യകരമാണോ? മറിച്ചാണെങ്കില്‍ എന്താണ് ഇതിലെ പാളിച്ചകള്‍? 

ഇതാ പ്രമുഖ മനശാസ്ത്ര വിദഗ്ധനായ സി ജെ ജോണ്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വാളിലെഴുതിയ ഒരു കുറിപ്പ് വായിച്ചുനോക്കൂ. പ്രണയത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തിന് മുകളില്‍ അധികാരം അടിച്ചേല്‍പ്പിക്കുന്നവരുടെ മനശാസ്ത്രം. ഒപ്പം പ്രണയത്തോടെ സ്വന്തം കഴുത്തില്‍ കുരുക്കിടുന്ന അവസ്ഥയിലേക്ക് നടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നവര്‍ക്ക് തിരികെ വരാനൊരു ഓര്‍മ്മപ്പെടുത്തലുമാണിത്. പ്രണയിക്കുമ്പോള്‍ കരുതേണ്ട ചില ജാഗ്രതകള്‍, അത്തരത്തിലുള്ള പത്ത് നിര്‍ദേശങ്ങളാണ് ഡോക്ടര്‍ മുന്നോട്ടുവയ്ക്കുന്നത്. 

ഡോ. സി ജെ ജോണ്‍ എഴുതിയ കുറിപ്പ്...

പ്രണയ തിരസ്‌കാരം നേരിട്ടാല്‍ പെണ്ണിനെ കത്തിച്ചു കൊല്ലണമെന്ന ഒരു വിചാരം ചില ചെറുപ്പക്കാരുടെയെങ്കിലും മനസ്സില്‍ കയറിയിട്ടുണ്ട്. അത് കൊണ്ട് ജാഗ്രതാ നിര്‍ദ്ദേശം ഉള്‍ക്കൊള്ളുന്ന ഈ പഴയ പോസ്റ്റ് വീണ്ടും. പാലിച്ചാല്‍ തടി രക്ഷപ്പെടുത്താം.

പ്രണയാതിക്രമങ്ങള്‍ തടയാന്‍ പോന്ന ജാഗ്രതകളെ കുറിച്ചുള്ള ഈ കുറിപ്പ് പ്രണയ സാധ്യത കൂടുതലുള്ള ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന് തോന്നുന്നു. ഈ ലക്ഷണങ്ങള്‍ കാണിച്ചാല്‍ പക്വമായ ബന്ധം രൂപപ്പെടുത്താമോയെന്ന് ആദ്യം നോക്കാം. ഇല്ലെങ്കില്‍ നയപരമായി പിന്‍വലിയാന്‍ നോക്കണം. എത്രയും വേഗം ചെയ്താല്‍ കുത്തിനും കത്തിക്കലിനും ഇരയാകാതിരിക്കാം.

1. എന്റെ ഇഷ്ടത്തിനനുസരിച്ചു മാത്രം പെരുമാറിയാല്‍ മതിയെന്ന വാശി കാണിക്കുന്നത് അപായ സൂചനയാണ്. അനുസരിക്കാതെ വരുമ്പോള്‍ ഭീഷണികളും വൈകാരിക ബ്ലാക്ക് മെയ്ലിങ്ങുകളുമൊക്കെ പുറത്തെടുക്കുന്നത് ചുവന്ന സിഗ്‌നലാണ്.

2. എവിടെ പോകണം, ആരോട് മിണ്ടണം, ഏതു വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ തുടങ്ങുന്നത് ഒരു മുന്നറിയിപ്പാണ്.

3. ഫോണില്‍ കാള്‍ ലിസ്റ്റ് പരിശോധിക്കല്‍, മെസ്സേജ് നോക്കല്‍, സോഷ്യല്‍ മീഡിയയില്‍ എന്ത് ചെയ്യുന്നുവെന്ന തിരച്ചില്‍ -ഇവയൊക്കെ ഇരുത്തമില്ലാത്ത പ്രണയ ലക്ഷണങ്ങളാണ്.

4. ഫോണ്‍ എന്‍ഗേജ്ഡ് ആകുമ്പോഴും, എടുക്കാന്‍ താമസിക്കുമ്പോഴും കലഹം കൂട്ടുന്നതും സീനാക്കുന്നതും കുഴപ്പത്തിന്റെ ലക്ഷണമാണ്.

5. നിനക്ക് ഞാനില്ലേയെന്ന മധുര വര്‍ത്തമാനം ചൊല്ലി മറ്റെല്ലാ സാമൂഹിക ബന്ധങ്ങളെയും പരിമിതപ്പെടുത്താന്‍ നോക്കുന്നത് നീരാളിപ്പിടുത്തതിന്റെ തുടക്കമാകാം.

6. ചൊല്ലിലും ചെയ്തിയിലും വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍ നിരന്തരം ഇടപെടുന്നതായി തോന്നുന്നുവെങ്കില്‍ ജാഗ്രത പാലിക്കണം .

7. നേരവും കാലവും നോക്കാതെ ശല്യപ്പെടുത്തുന്ന വിധത്തില്‍ വിളിക്കുകയും മെസ്സേജ് അയക്കുകയും,ഇപ്പോള്‍ തിരക്കാണെന്നു പറയുമ്പോള്‍ കോപിക്കുകയും ചെയ്യുന്ന ശൈലികള്‍ ഉണ്ടാകുമ്പോള്‍ സൂക്ഷിക്കണം.

8. നീ എന്നെ വിട്ടാല്‍ ചത്ത് കളയുമെന്നോ, നിന്നെ കൊന്നു കളയുമെന്നോ ഒക്കെയുള്ള പറച്ചില്‍ ഗുരുതരാവസ്ഥയിലേക്കുള്ള പോക്കാണ്. ശരീര ഭാഗങ്ങള്‍ മുറിച്ചു പടം അയച്ചു വിരട്ടുന്നത് ദുരന്ത സൂചനയാണ്.

9. പ്രണയ ഭാവത്തിന്റെ കൊടുമുടിയിലേക്ക് പൊക്കി കയറ്റുകയും, നിസ്സാരകാര്യങ്ങളില്‍ നിയന്ത്രണം വിട്ട് കോപിച്ചു ആശയക്കുഴപ്പം ഉണ്ടാക്കുകയും, പിന്നെ സോറി സോറിയെന്ന് വിലപിക്കുകയും ചെയ്യുന്നവരെ വിശ്വസിക്കാന്‍ പാടില്ല.

10. മറ്റാരെങ്കിലുമായി അടുത്ത് ഇടപഴകിയാല്‍ അസൂയ, വൈകാരികമായി തളര്‍ത്തല്‍. സംശയിക്കല്‍ -തുടങ്ങിയ പ്രതികരണങ്ങള്‍ പേടിയോടെ തന്നെ കാണണം.

ഈ പത്തു സൂചനകളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ സമാധാനപൂര്‍ണമായ പ്രണയം അസാധ്യം. ഈ പ്രണയ വണ്ടിയില്‍ നിന്നും ഇറങ്ങുന്നതാണ് ബുദ്ധി.

Follow Us:
Download App:
  • android
  • ios