രാജ്യത്ത് പലയിടങ്ങളിലും പക്ഷിപ്പനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഭക്ഷണവുമായി ബന്ധപ്പെട്ടും അല്ലാതെയുമെല്ലാം ഏറെ ആശങ്ക പങ്കുവയ്ക്കുന്നുണ്ട് മിക്കവരും. എന്നാല്‍ ഇത്തരത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമേതുമില്ലെന്ന് തന്നെയാണ് അതത് സര്‍ക്കാരുകളെല്ലാം തന്നെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നത്. 

കോഴികളെയും താറാവുകളെയും കൂട്ടമായി വില്‍പന നടത്തുന്ന പല കേന്ദ്രങ്ങളിലും അവയെ കൂട്ടമായി കൊന്നൊടുക്കേണ്ടതായ സാഹചര്യം വന്നിരുന്നു. എന്നാല്‍ ഭക്ഷണത്തിനായി നമുക്ക് ലഭിക്കുന്ന ഇറച്ചിയും മുട്ടയും നല്ലത് പോലെ വേവിച്ച് കഴിക്കുകയാണെങ്കില്‍ മറ്റ് ആശങ്കകളൊന്നും വേണ്ടെന്ന് തന്നെയാണ് ആരോഗ്യ വിദഗ്ധരും വ്യക്തമാക്കുന്നത്. 

പലരും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ തന്നെ വീട്ടില്‍ ചിക്കനും മുട്ടയുമെല്ലാം വാങ്ങിക്കുന്നത് തന്നെ നിര്‍ത്തിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു തയ്യാറെടുപ്പിന്റെ ആവശ്യമില്ല. ജാഗ്രതയാണ് ഈ ഘട്ടത്തില്‍ പാലിക്കേണ്ടത്. അതിന് സഹായകമാകുന്ന പത്ത് നിര്‍ദേശങ്ങളാണ് ഇനി നല്‍കുന്നത്. 

1. പകുതി വേവിച്ച മുട്ട കഴിക്കരുത്. 
2. ചിക്കന്‍ നന്നായി വേവിക്കാത്തത് കഴിക്കരുത്.
3. പക്ഷികളുമായി നേരിട്ട് സമ്പര്‍ക്കത്തിലാവുന്നത് നല്ലതല്ല. 
4. ചത്ത പക്ഷികളെ കയ്യുറയില്ലാതെ തൊടരുത്. 
5. പച്ച മാംസം തുറന്നുവയ്ക്കരുത്. 
6. പച്ച മാംസം കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറ ഉപയോഗിക്കുക. 
7. കഴിയുമെങ്കില്‍ പച്ച മാംസം വാങ്ങിക്കാന്‍ പോകുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും മാസ്‌ക് ധരിക്കുക. 
8. കൈകള്‍ ഇടവിട്ട് നന്നായി കഴുകി വൃത്തിയാക്കുക. 
9. വീടും പരിസരവും ശുചിയായി സൂക്ഷിക്കുക. 
10. ചിക്കനോ മുട്ടയോ അവയുടെ ഉപ-ഉത്പന്നങ്ങളോ നന്നായി വേവിച്ച് മാത്രം കഴിക്കുക. 

70 ഡിഗ്രി സെല്‍ഷ്യസ് ചൂടിലാണെങ്കില്‍ പക്ഷിപ്പനി വൈറസ് മൂന്ന് സെക്കന്‍ഡുകള്‍ക്കകം തന്നെ നശിച്ചുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിക്കനോ, മുട്ടയോ എല്ലാം നന്നായി വേവിക്കുമ്പോള്‍ സാധാരാണഗതിയില്‍ 74 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുന്നതാണ്. അതിനാല്‍ ഭക്ഷണത്തിലൂടെ പക്ഷിപ്പനി ബാധിക്കുമോ എന്ന ആശങ്ക വേണ്ടേ വേണ്ട. 

Also Read:- പക്ഷിപ്പനിക്കാലത്ത് ചിക്കനും മുട്ടയും ഒഴിവാക്കണോ? അറിയേണ്ടത്...