Asianet News MalayalamAsianet News Malayalam

പക്ഷിപ്പനിക്കാലത്ത് ചിക്കനും മുട്ടയും ഒഴിവാക്കണോ? അറിയേണ്ടത്...

പ്രധാനമായും പക്ഷികളെ ഭക്ഷണാവശ്യത്തിനോ അല്ലാതെയോ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, അവയെ കയറ്റുന്ന വാഹനങ്ങള്‍ തുടങ്ങിയ ഇടങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും സമ്പര്‍ക്കത്തിലാരുന്നവരുമാണ് ഏറെ ജാഗ്രത പുലര്‍ത്തേണ്ടത്. കാരണം, പക്ഷിയുടെ ശരീരദ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയുമെല്ലാമാണ് വൈറസ് മനുഷ്യരിലേക്കെത്തുക

should we avoid eating chicken and egg during bird flu outbreak
Author
Trivandrum, First Published Jan 13, 2021, 7:29 PM IST

രാജ്യത്ത് വിവിധയിടങ്ങളിലായി പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മനുഷ്യരിലേക്കും ഇത് കടന്നുപറ്റുമോ എന്ന ഭയത്തിലാണ് നാമേവരും. നിലവില്‍ മനുഷ്യരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അത്തരമൊരു ദുരവസ്ഥയുണ്ടാകാതിരിക്കാന്‍ പല കാര്യങ്ങളിലും നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. 

പ്രധാനമായും പക്ഷികളെ ഭക്ഷണാവശ്യത്തിനോ അല്ലാതെയോ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, അവയെ കയറ്റുന്ന വാഹനങ്ങള്‍ തുടങ്ങിയ ഇടങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും സമ്പര്‍ക്കത്തിലാരുന്നവരുമാണ് ഏറെ ജാഗ്രത പുലര്‍ത്തേണ്ടത്. 

കാരണം, പക്ഷിയുടെ ശരീരദ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയുമെല്ലാമാണ് വൈറസ് മനുഷ്യരിലേക്കെത്തുക. അതിനാല്‍ ജീവനുള്ള പക്ഷികളെയോ, പക്ഷികളുടെ പച്ച മാംസത്തെയോ കൈകാര്യം ചെയ്യുന്നവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. 

അതേസമയം വേവിച്ച ചിക്കനിലൂടെയോ മുട്ടയിലൂടെയോ മറ്റോ വൈറസ് മനുഷ്യരിലേക്കെത്താനുള്ള സാധ്യതകള്‍ ഇല്ലെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന സൂചന. എന്നാല്‍ മതിയായ രീതിയില്‍ ഇവ വേവിച്ചില്ലെങ്കില്‍ അപകടസാധ്യത തുടര്‍ന്നും നില്‍ക്കുമെന്നും ഇവരോര്‍മ്മിപ്പിക്കുന്നു. 

'ഭക്ഷണത്തിലൂടെ മനുഷ്യരിലേക്ക് പക്ഷിപ്പനി എത്തിയതായി സ്ഥിരീകരിക്കുന്ന ഒരു റിപ്പോര്‍ട്ടും നമുക്ക് ഇതുവരെ ലഭ്യമായിട്ടില്ല. എങ്കിലും ചിക്കനും മുട്ടയും കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് തന്നെയാണ് ഉത്തമം. ഇവ രണ്ടും നന്നായി വേവിക്കുക. 70 ഡിഗ്രി സെല്‍ഷ്യസാണ് നമ്മളിതിന് കണക്കാക്കിയിരിക്കുന്ന ഒരു അളവ്. ഈ ചൂടില്‍ വൈറസുകളും മറ്റ് രോഗകാരികളായ സൂക്ഷ്മാണുക്കളും ചത്തുപോകുന്നു. മുട്ട തയ്യാറാക്കുമ്പോള്‍ അതിന്റെ മഞ്ഞ നന്നായി വെന്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. അതുപോലെ ഓംലെറ്റാണെങ്കില്‍ ഇരുപുറവും ഇട്ട് നന്നായി പാകപ്പെടുത്തിയെടുക്കണം. പക്ഷിപ്പനിയുടെ സീസണ്‍ അവസാനിക്കുന്നത് വരേയും ഈ ജാഗ്രത പാലിക്കണം...'- മുംബൈയില്‍ നിന്നുള്ള പ്രമുഖ ന്യൂട്രിഷ്യനിസ്റ്റ് പൂജ മഖിജ പറയുന്നു. 

റോ ചിക്കനും മുട്ടയും കൈകാര്യം ചെയ്യുമ്പോഴും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ചിക്കന്‍ വെട്ടാനും അരിയാനുമെല്ലാം ഉപയോഗിക്കുന്ന കട്ടിംഗ് ബോര്‍ഡുകള്‍ പിന്നീട് പച്ചക്കറി അരിയുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് തല്‍ക്കാലം ഉപയോഗിക്കരുതെന്നും ആരോഗ്യവിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ റോ ചിക്കന്‍ കൈകാര്യം ചെയ്ത് കഴിഞ്ഞാല് കൈകള്‍ നല്ലത് പോലെ കഴുകി വൃത്തിയാക്കണമെന്നും ഇവര്‍ പറയുന്നു. എന്തായാലും പക്ഷിപ്പനി പേടിച്ച് ചിക്കനും മുട്ടയും ഒഴിവാക്കേണ്ട സാഹചര്യമില്ല എന്ന് തന്നെയാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Also Read:- ഏഴ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി; രാജ്യത്ത് അതീവ ജാഗ്രത...

Follow Us:
Download App:
  • android
  • ios