Asianet News MalayalamAsianet News Malayalam

രക്തസമ്മര്‍ദ്ദം; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

രക്തസമ്മര്‍ദം വല്ലാതെ കൂടി ഏതെങ്കിലും അവയവങ്ങളെ ബാധിക്കുകയോ മറ്റു ഗുരുതരാവസ്ഥകളിലേക്ക് എത്തുകയോ ചെയ്യുമ്പോള്‍ മാത്രമാണ് പലരും ബി.പി. കണ്ടെത്തുക.
 

The Facts About High Blood Pressure
Author
Trivandrum, First Published Dec 9, 2019, 10:42 AM IST

ശരീരത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് രക്തസമ്മര്‍ദം. ശരീരത്തിലെ നേരിയ രക്തലോമികകളിലേക്കുകൂടി രക്തം ഒഴുകിയെത്തണമെങ്കില്‍ വേണ്ടത്ര രക്തസമ്മര്‍ദം കൂടിയേ തീരൂ. ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും അവയവങ്ങളിലേക്കുമൊക്കെ ആവശ്യത്തിന് പ്രാണവായുവും ഊര്‍ജവുമൊക്കെ കിട്ടിയാല്‍ മാത്രമേ ശരീര പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുകയുള്ളൂ.

രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം അഥവാ ബ്ലഡ്പ്രഷർ(Blood Pressure). ഇത് രക്തത്തിന്റെ സഗുമമായ പ്രവാഹം ഉറപ്പുവരുത്തുന്നു. ഹൃദയത്തിന്റെ ഇടത്തേ വെൻട്രിക്കിൾ അറ സങ്കോചിച്ച് രക്തത്തെ ധമനീയിലേയ്ക്ക് തള്ളിവിടുമ്പോഴുണ്ടാകുന്ന രക്തസമ്മർദ്ദത്തെ സിസ്റ്റോളിക് രക്തസമ്മർദ്ദം (Systolic Blood Pressure) എന്നും ഹൃദയം വികസിച്ച് രക്തം നിറയുമ്പോൾ ഉണ്ടാകുന്ന ധമനീമർദ്ദത്തെ ഡയസ്റ്റോളിക് മർദ്ദം (Diastolic Blood Pressure) എന്നും വിളിക്കുന്നു. 

ആരോഗ്യവാനായ ഒരാളിൽ രക്തസമ്മർദ്ദം 120/80 മി.മീറ്റർ മെർക്കുറി എന്ന് സൂചിപ്പിക്കുന്നു. ഇതിൽ 120 മി.മീറ്റർ മെർക്കുറി എന്നത് സിസ്റ്റോളിക് രക്തസമ്മർദ്ദത്തേയും 80 മി.മീറ്റർ മെർക്കുറി എന്നത് ഡയസ്റ്റോളിക് രക്തസമ്മർദ്ദത്തേയും സൂചിപ്പിക്കുന്നു. രക്തസമ്മർദ്ദം 140/ 90 നുമുകളിലായാൽ അത് ഉയർന്ന രക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം അഥവാ ഹൈപ്പർടെൻഷൻ (Hypertension) എന്നറിയപ്പെടുന്നു.

മദ്യം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം ,അമിത വണ്ണം, പുകവലി, പ്രായക്കൂടുതൽ എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. പലപ്പോഴും യഥാസമയം രക്താതിമര്‍ദം കണ്ടെത്താന്‍ കഴിയാറില്ല. ബി.പി. കൂടുന്നതിന സാധാരണയായി ലക്ഷണങ്ങളൊന്നും ഉണ്ടാവാറുമില്ല. വേദന , ദേഹാസ്വാസ്ഥ്യം, ക്ഷീണം തുടങ്ങി ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിലാണല്ലോ രോഗാവസ്ഥകള്‍ നാം തിരിച്ചറിയുന്നത്. 

80 ശതമാനത്തിലധികം പേരിലും ഇത്തരം ലക്ഷണങ്ങളൊന്നും ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ സാധാരണ ഗതിയില്‍ ബി.പി. നേരത്തേ കണ്ടെത്താറുമില്ല. രക്തസമ്മര്‍ദം വല്ലാതെ കൂടി ഏതെങ്കിലും അവയവങ്ങളെ ബാധിക്കുകയോ മറ്റു ഗുരുതരാവസ്ഥകളിലേക്ക് എത്തുകയോ ചെയ്യുമ്പോള്‍ മാത്രമാണ് പലരും ബി.പി. കണ്ടെത്തുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

1. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറു ഗ്രാമിൽ താഴെ ആയിരിക്കുവാൻ ശ്രദ്ധിക്കുക.

2. പുകയില ഉപയോഗം ഒഴിവാക്കുക.

3. ദിനംപ്രതി അരമണിക്കൂർ കുറയാതെ പടി കയറുക, വേഗത്തിൽ നടക്കുക തുടങ്ങിയ വ്യായാമങ്ങളിൽ ഏർപ്പെടുക.

4. ശരീരഭാരം ക്രമപ്പെടുത്തുക. ഓരോരുത്തരും നിലനിറുത്തേണ്ട ശരീരഭാരം എത്രയെന്ന് ആരോഗ്യമേഖലയിലെ വിദഗ്ദ്ധരിൽ നിന്നും പ്രത്യേകം മനസിലാക്കുക.

5. എണ്ണയിൽ വറുത്ത വസ്തുക്കൾ, ഡ്രൈ മീറ്റ്, ബേക്കറി സാധനങ്ങൾ, മായം കലർന്ന വസ്തുക്കൾ, അച്ചാറുകൾ തുടങ്ങിയവ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കൂടുതലുള്ള ആഹാരം ശീലമാക്കുക.

6. യോഗ, ധ്യാനം, പ്രാർത്ഥന, വിനോദം, ക്രിയാത്മക ചിന്ത തുടങ്ങിയ വഴി ടെൻഷൻ ഒഴിവാക്കുക.

7. മദ്യപാനം പൂർണമായി ഒഴിവാക്കുക.

കടപ്പാട്:

Dr Danish Salim,
IMA Vice President-Kovalam,
Kerala Secretary-SEMI,
National Innovation Head-SEMI,
HOD & Academic Director Emergency,
PRS Hospital,Trivandrum, Kerala


 

Follow Us:
Download App:
  • android
  • ios