കയറ്റിയയക്കാൻ വേണ്ടി ഇന്ത്യയ്ക്കുമേൽ കടുത്ത സമ്മർദ്ദം ചെലുത്തി പ്രസിഡന്റ് ട്രംപ് വാങ്ങിക്കൂട്ടിയ കൊവിഡ് പ്രതിരോധമരുന്നാണ് ഹൈഡ്രോക്സി ക്ളോറോക്വിൻ.  ഈ മരുന്ന് പ്രയോഗിച്ച് ചികിത്സിച്ച രോഗികളിൽ മരണനിരക്ക് അല്ലാത്തിടങ്ങളിലേക്കാൾ കൂടുതലാണ് എന്ന രീതിയിലുള്ള ഫലങ്ങളാണ് അമേരിക്കയിലെ കൊവിഡ് രോഗികൾക്കിടയിൽ നടത്തിയ ഒരു പഠനത്തിൽ പുറത്തുവന്നിരിക്കുന്നത്. 

ആറു ഭൂഖണ്ഡങ്ങളിലുള്ള 671 ആശുപത്രികളിലെ 96,000 -ലധികം കൊവിഡ് രോഗികളിൽ ലാൻസെറ്റ് എന്ന ശാസ്ത്ര മാസിക നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു ഫലം പുറത്തു വന്നിട്ടുള്ളത്. ഈ മരുന്ന് രോഗികളിൽ ഹൃദയതാളം ക്രമരഹിതമായിപ്പോകുന്ന അറിഥ്മിയ (Arrhythmia) എന്ന ഹൃദ്രോഗമുണ്ടാക്കുകയും ഹൃദയം സ്തംഭിച്ച് അവരിൽ പലരും മരിച്ചു പോവുകയുമുണ്ടായി. 

ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെയും മറ്റും ഡോക്ടർമാർ ഡിസംബർ 20 നും ഏപ്രിൽ 14 -നുമിടയിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളുടെ ചികിത്സാപുരോഗതി പഠനവിധേയമാക്കിയിരുന്നു. 14,888  പേരെ ഹൈഡ്രോക്സി ക്ളോറോക്വിൻ അല്ലെങ്കിൽ ക്ലോറോക്വിൻ ഉപയോഗിച്ച് ചികിസ്തസിച്ചിരുന്നു. ശേഷിച്ച  81,144 രോഗികൾ നിയന്ത്രണഗ്രൂപ്പിലും ചികിത്സക്ക് വിധേയരായി. ഏകദേശം  10,700 രോഗികൾ ആശുപത്രികളിൽ ചികിത്സയ്ക്കിടെ മരിച്ചു പോയി. വിവിധകാരണങ്ങൾ പഠിച്ച ശേഷം, പ്രായം, വംശം, ലിംഗം, മുന്നേ ഉള്ള രോഗങ്ങൾ എന്നീ പരിഗണനകൾ നൽകിയ ശേഷം ലഭിച്ച പഠനഫലങ്ങളിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ കഴിച്ച രോഗികളിൽ മരണനിരക്ക് 34 ശതമാനം കൂടിയതാണ്. പ്രസ്തുത മരുന്ന് കഴിച്ച രോഗികളിൽ അറിഥ്മിയ വരാനുള്ള സാധ്യത 137 ശതമാനം അധികരിച്ചതായും കണ്ടെത്തി. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ പഠനം മെഡിക്കൽ ജേർണൽ ആയ ലാൻസെറ്റ് പ്രസിദ്ധപ്പെടുത്തിയത്. കൊവിഡ് രോഗികൾക്ക് ഈ മരുന്നിന്റെപേരിൽ കാര്യമായ പ്രതീക്ഷയ്ക്കു വകയില്ല എന്നാണ്  ഈ പഠനം സൂചിപ്പിക്കുന്നത് എന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ പ്രിവന്റീവ് കാർഡിയോളജി വിഭാഗം തലവൻ ഡേവിഡ് മാരൺ വാഷിങ്ടൺ പോസ്റ്റിനോട് പറഞ്ഞു. കഴിഞ്ഞാഴ്ച JAMA നെറ്റ്‌വർക്കിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലും HCQ കൊവിഡ് ഭേദപ്പെടുത്തുന്നില്ലെന്നു മാത്രമല്ല കാർഡിയാക് അറസ്റ്റിനുള്ള സാധ്യത ഏറ്റുകയും ചെയ്യുന്നു എന്നാണ് കണ്ടെത്തിയത്. സമാനമായ ഒരു പഠനഫലം ബ്രസീലിൽ നിന്നും പുറത്തു വന്നിരുന്നു. 

"ഹൈഡ്രോക്സി ക്ളോറോക്വിൻ നല്ലതാണ്, ഞാൻ ദിവസം ഒരെണ്ണം വെച്ച് കഴിക്കുന്നുണ്ട് " എന്ന് അടുത്തിടെ ട്രംപ് പറഞ്ഞിരുന്നു. ഈ മരുന്ന് തോന്നുംപടി കഴിക്കാൻ പാടില്ല എന്നും അത് ആശുപത്രി സാഹചര്യങ്ങളിൽ, ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി മാത്രമേ പ്രസ്തുത മരുന്ന് കഴിക്കാവൂ എന്ന FDA മുന്നറിയിപ്പ് നിലനിൽക്കുമ്പോഴായിരുന്നു പ്രസിഡണ്ടിന്റെ ഈ അവകാശവാദം എന്നത് ഏറെ ശ്രദ്ധേയമാണ്. ഇപ്പോൾ ഈ പഠനം കൂടി പുറത്തുവന്നതോടെ, കൊവിഡ് രോഗ ചികിത്സയ്ക്കുവേണ്ടിയുള്ള പ്രസ്തുത മരുന്നിന്റെ ഉപഭോഗം കൂടുതൽ വിവാദങ്ങളിലേക്ക് കടക്കുകയാണ്.