അറിഞ്ഞോ അറിയാതെയോ നാം ചെയ്യുന്ന ചില ദൈനംദിന ശീലങ്ങൾ വൃക്കകളുടെയും മൂത്രാശയത്തിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.
വാരാന്ത്യങ്ങളിൽ വിശ്രമിക്കുന്നതും, വൈകി ഉണരുന്നതും, പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതുമെല്ലാം മിക്ക ആളുകളുടെയും ശീലമാണ്. എന്നാൽ അറിഞ്ഞോ അറിയാതെയോ നാം ചെയ്യുന്ന ചില ദൈനംദിന ശീലങ്ങൾ വൃക്കകളുടെയും മൂത്രാശയത്തിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. ഈ തെറ്റുകൾ ഒഴിവാക്കാം.
ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത്
വാരാന്ത്യങ്ങളിലെ യാത്രകൾ, ആഘോഷങ്ങൾ, പുറത്തുള്ള പരിപാടികൾ എന്നിവയ്ക്കിടയിൽ കൃത്യമായി വെള്ളം കുടിക്കാൻ പലരും മറന്നുപോകുന്നു. കൂടാതെ മദ്യത്തിന്റെയും അമിതമായ കഫീന്റെയും ഉപയോഗം ശരീരത്തിലെ നിർജ്ജലീകരണം കൂട്ടുന്നു.
മൂത്രം ഒഴിക്കാതെ വച്ചുപിടിക്കുന്നത്
നീണ്ട ഡ്രൈവുകൾ, ഷോപ്പിംഗ്, സിനിമ കാണൽ, ഗെയിമിംഗ് എന്നിവയ്ക്കിടയിൽ മൂത്രമൊഴിക്കാനുള്ള തോന്നൽ ഉണ്ടായാലും പലരും അത് നീട്ടിവെയ്ക്കാറുണ്ട്. വല്ലപ്പോഴും ഇങ്ങനെ ചെയ്യുന്നത് കുഴപ്പമില്ലെങ്കിലും, പതിവായി മൂത്രം തടഞ്ഞുവെക്കുന്നത് മൂത്രാശയ പ്രശ്നങ്ങൾക്കും അണുബാധകൾക്കും കാരണമാകും.
അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത്
പുറത്തുനിന്നുള്ള ഭക്ഷണം, ഇൻസ്റ്റന്റ് ന്യൂഡിൽസ്, സംസ്‌കരിച്ച ഇറച്ചി, പിസ്സ, ചിപ്‌സ്, പാക്കറ്റ് ലഘുഭക്ഷണങ്ങൾ എന്നിവ വാരാന്ത്യങ്ങളിൽ ധാരാളമായി കഴിക്കുമ്പോൾ ശരീരത്തിൽ ഉപ്പിന്റെ അളവ് ക്രമാതീതമായി കൂടുന്നു.
ഡോക്ടറുടെ നിർദ്ദേശമില്ലാതെ വേദനസംഹാരികൾ കഴിക്കുന്നത്
വാരാന്ത്യങ്ങളിലെ വ്യായാമങ്ങൾ, ട്രെക്കിംഗ് അല്ലെങ്കിൽ സ്പോർട്സ് എന്നിവയ്ക്ക് ശേഷം ഉണ്ടാകുന്ന ശരീരവേദനയ്ക്ക് പലരും ഡോക്ടറുടെ നിർദ്ദേശമില്ലാതെ വേദനാസംഹാരികൾ കഴിക്കാറുണ്ട്.
ഫാസ്റ്റ് ഫുഡ് കഴിക്കുന്നത്
വാരാന്ത്യങ്ങളിൽ തുടർച്ചയായി ഫാസ്റ്റ് ഫുഡ്ഡുകൾ, മധുരപാനീയങ്ങൾ, വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് ശരീരത്തിൽ അമിതമായി കലോറിയും സോഡിയവും മോശം കൊഴുപ്പും എത്തുന്നതിന് കാരണമാകുന്നു. ഇത് കാലക്രമേണ അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയിലേക്ക് നയിക്കുകയും, വൃക്കരോഗങ്ങൾ ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു.


