കൊവിഡ് 19 ആധുനിക വൈദ്യലോകത്തിനും അതോടൊപ്പം പൊതുജനത്തിനും തീര്‍ത്തും പരിചയമില്ലാത്ത പുതിയ ഒരു തരം ഒരു പകര്‍ച്ചവ്യാധിയാണ്. ആയതിനാല്‍ പല തരം സംശയങ്ങള്‍ക്കുമുള്ള ശരിയായ ഉത്തരം ഇപ്പോഴും ഉറപ്പിച്ചുപറയാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. 

''ഒരിക്കല്‍ രോഗം പിടിപെട്ട് സുഖപ്പെട്ട ഒരാള്‍ക്ക് കൊവിഡ് 19 വീണ്ടും വരുമോ?'' , ''മറ്റേതൊരു വൈറല്‍ രോഗത്തെ പോലെയും കൊവിഡിന് ശേഷം രൂപപ്പെടുന്ന ആന്റിബോഡികള്‍ ശരീരത്തിനു സ്ഥായിയായ രോഗപ്രതിരോധം നല്‍കുമോ?'' പോലുളള സംശയങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണമായി ദുരീകരിക്കപ്പെട്ടിട്ടില്ല. കൂടാതെ കൊവിഡ് 19 ഭേദമായ ശേഷവും അനുബന്ധമായ ചില ശാരീരിക ബുദ്ധിമുട്ടുകള്‍ കുറച്ച് കാലത്തേക്കെങ്കിലും നില്‍ക്കുന്നതായി ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

ആ നിലയ്ക്ക് കൊവിഡ് 19 ഭേദമായവര്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമ്മള്‍ അറിയേണ്ടതുണ്ട്...

1. കൊവിഡ് 19 പരിശോധനാഫലം നെഗറ്റീവ് ആയ ശേഷവും 7 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. കൂടാതെ ഇക്കാലയളവില്‍ പരിപൂര്‍ണ്ണമായ വിശ്രമം ആവശ്യമാണ്.
2. രോഗം ഭേദമായ വ്യക്തികള്‍ മറ്റുള്ളവരോടൊപ്പം SMS അഥവാ കൃത്യമായ ഇടവേളകളിലെ സോപ്പുപയോഗിച്ചുള്ള കൈകഴുകല്‍, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ നിര്‍ബന്ധമായും പിന്തുടരേണ്ടതാണ്.
3. കഠിനമായ കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. 
4. ലഘുവായ പ്രവര്‍ത്തികള്‍ ചെയ്യുകയും ആവാം.
5. സമീകൃതാഹാര രീതി പിന്തുടരാം.
6. പുകവലി മദ്യപാനം പോലുളള ദുശ്ശീലങ്ങള്‍ ഒഴിവാക്കേണ്ടതുമാണ്.
7. ജീവിതശൈലീ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ കഴിക്കുകയും ശരിയായ ചികിത്സയിലൂടെ രോഗ നിയന്ത്രണം ഉറപ്പു വരുത്തേണ്ടതുമാണ്.
8. ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ രോഗിയില്‍ കൊവിഡ് 19 അവശേഷിപ്പിക്കുമെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
9. ചിലരില്‍ മാനസിക സമ്മര്‍ദ്ദം, ശ്വാസ തടസ്സം, അകാരണമായ ക്ഷീണം, കിതപ്പ്, നടക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറെ കാലത്തെക്കെങ്കിലും നില്‍ക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
10. കൊവിഡ് ഭേദമായവര്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
11. മാനസിക പ്രശ്‌നങ്ങള്‍ അധികരിച്ചാല്‍ ജില്ലാതല മാനസികാരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട ക്ലിനിക്കുകളെ ആശ്രയിക്കാവുന്നതാണ്.
12. ഇ -സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴിയും ഡോക്ടറുടെ സേവനം തേടാവുന്നതാണ്.

Also Read:- കൊവിഡ് 19ഉം ജീവിതശൈലീ രോഗങ്ങളും...