Asianet News MalayalamAsianet News Malayalam

ഷോപ്പിംഗിന് പുറത്തുപോകാൻ പദ്ധതിയുണ്ടോ? നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ കരുതണേ...

ഇത്രമാത്രം അസഹനീയമായ ചൂട് തുടരുമ്പോള്‍ തീര്‍ച്ചയായും നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിലൊന്ന് പുറത്ത് ഷോപ്പിംഗിനായി പോകുന്നതാണ്. കാലാവസ്ഥ പ്രതികൂലമാണെന്ന് വച്ച് മനുഷ്യര്‍ക്ക് അവരുടെ കാര്യങ്ങള്‍ ചെയ്തല്ലേ പറ്റൂ. അതുകൊണ്ട് തന്നെ എത്ര നിയന്ത്രിച്ചാലും നമുക്ക് പുറത്ത് പോകേണ്ടി വരാം.

things to care while going for shopping during summer hyp
Author
First Published May 15, 2023, 2:30 PM IST

കൊടിയ ചൂടാണ് നിലവില്‍ കേരളത്തില്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വേനല്‍ മഴയുടെ ലഭ്യതയുണ്ടെങ്കില്‍ പോലും വേനലിന്‍റെ കാഠിന്യം അതിജീവിക്കാൻ മാത്രമുള്ള മഴ എവിടെയും അങ്ങനെ കാര്യമായി ലഭിക്കുന്നില്ല എന്നതാണ് സത്യം.

ഇത്രമാത്രം അസഹനീയമായ ചൂട് തുടരുമ്പോള്‍ തീര്‍ച്ചയായും നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിലൊന്ന് പുറത്ത് ഷോപ്പിംഗിനായി പോകുന്നതാണ്. കാലാവസ്ഥ പ്രതികൂലമാണെന്ന് വച്ച് മനുഷ്യര്‍ക്ക് അവരുടെ കാര്യങ്ങള്‍ ചെയ്തല്ലേ പറ്റൂ. അതുകൊണ്ട് തന്നെ എത്ര നിയന്ത്രിച്ചാലും നമുക്ക് പുറത്ത് പോകേണ്ടി വരാം.

എന്നാല്‍ ഈ സാഹചര്യത്തില്‍ കൊടും ചൂടില്‍ പുറത്തുപോകുമ്പോള്‍ അത് നമ്മെ വലിയ രീതിയില്‍ ബാധിക്കാതിരിക്കാൻ ചില തയ്യാറെടുപ്പുകള്‍ ആവാം. അവയാണിനി പങ്കുവയ്ക്കുന്നത്.

വെള്ളം...

പുറത്തുപോകുമ്പോള്‍ ദാഹിച്ചാല്‍ വെള്ളം വാങ്ങിക്കുടിക്കാമെന്നോ അല്ലെങ്കില്‍ ജ്യൂസോ മറ്റോ വാങ്ങിക്കുടിക്കാമെന്നോ കരുതി വീട്ടില്‍ നിന്ന് വെള്ളമെടുക്കാതിരിക്കുന്നവരാണ് അധികപേരും. എന്നാല്‍ നിര്‍ബന്ധമായും ഈ ശീലത്തിന് മാറ്റം വരുത്തുക. ദാഹിക്കുമ്പോള്‍ ഈ കാലാവസ്ഥയില്‍ ജ്യൂസുകളോ കുപ്പി പാനീയങ്ങളോ ചായയോ കാപ്പിയോ ഒന്നുമല്ല- വെള്ളം തന്നെ കുടിക്കുക. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഒരു കുപ്പി വെള്ളം കരുതുന്നത് തുടര്‍ന്നുള്ള മണിക്കൂറുകളില്‍ വെള്ളം കുടിക്കുന്നതിനും നമ്മെ പ്രേരിപ്പിക്കും. വെള്ളമെടുത്താല്‍ മാത്രം പോര, ഇത് ഇടവിട്ട് കുടിക്കുകയും വേണം.

വസ്ത്രം....

കേരളത്തിലാണെങ്കിലും മിക്കവാറും പേരും കാലാവസ്ഥയ്ക്ക് അനുകൂലമായി വസ്ത്രധാരണം ചെയ്യുന്നവരല്ല. എന്നാല്‍ ഈ അസഹനീയമായ ചൂടിലെങ്കിലും ഇക്കാര്യം ശ്രദ്ധിച്ചേ മതിയാകൂ. കഴിയുന്നതും അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍, അതും ഇളം നിറത്തിലുള്ളവ തന്നെ അണിയാൻ ശ്രമിക്കുക.

സണ്‍ഗ്ലാസും സണ്‍സ്ക്രീനും...

ഇത്രയും ചൂടില്‍ പുറത്തുപോകുമ്പോള്‍ സണ്‍സ്ക്രീൻ ഉപയോഗിക്കുന്നത് പതിവാക്കുക. ഇത് ഫാഷന് വേണ്ടിയോ അല്ലെങ്കില്‍ പണം വെറുതെ ചെലവിടുന്നതിനോ അല്ലെന്ന് മനസിലാക്കുക. സണ്‍ഗ്ലാസ് ധരിക്കുന്നതും പതിവാക്കുക. ഈ രണ്ട് ശീലങ്ങളും ചൂടില്‍ നിന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കും. 

സലാഡ്...

കഴിയുമെങ്കില്‍ വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോള്‍ കക്കിരി സലാഡ് അല്ലെങ്കില്‍ തണ്ണിമത്തൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത്- ഇങ്ങനെയുള്ള സലാഡുകള്‍ എന്തെങ്കിലും കയ്യില്‍ കരുതുക.ഷോപ്പിംഗിന് ഇടയിലോ അല്ലെങ്കില്‍ എപ്പോഴാണ് സമയം കിട്ടുന്നതെങ്കില്‍ അപ്പോള്‍ഇതല്‍പം കഴിക്കുക. ചൂട് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനെ പ്രതിരോധിക്കാൻ ഈ ശീലം സഹായിക്കും. 

തണല്‍...

എത്ര അത്യാവശ്യമുള്ള ഷോപ്പിംഗ് ആണെങ്കിലും കൊടിയ ചൂടില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കും വിധത്തില്‍ ഏറെ നേരം നില്‍ക്കുകയോ നടക്കുകയോ ചെയ്യാതിരിക്കുക.കഴിയുന്നതും ഇടവിട്ട് തണലുകളെ ആശ്രയിക്കണം. ഇക്കാര്യം നിര്‍ബന്ധമായും ഓര്‍ക്കുക. ഈ ചൂട് താങ്ങാൻ നമുക്ക് ശേഷിയുണ്ട് എന്ന അമിത ആത്മവിശ്വാസം വേണ്ട. തീര്‍ത്തും അപ്രതീക്ഷിതമായി ചൂട് നമ്മെ തളര്‍ത്താം. സൂര്യാതപ സാധ്യതയും ഇതോടൊപ്പം നിലനില്‍ക്കുന്നു. 

സമയം...

ഷോപ്പിംഗിനോ മറ്റ് ആവശ്യങ്ങള്‍ക്കോ നിലവിലെ കാലാവസ്ഥയില്‍ പുറത്തുപോകുമ്പോള്‍ കഴിയുന്നതും ചൂട് അധികമാകുന്ന മണിക്കൂറുകളില്‍ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.അതിരാവിലെയോ അല്ലെങ്കില്‍ ചൂട് കനക്കും മുമ്പെയോ പുറത്തിറങ്ങാം. അല്ലെങ്കില്‍ വൈകുന്നേരങ്ങളെ ഇതിനായി ആശ്രയിക്കാം. 

Also Read:- കക്കിരി ഫ്രിഡ്‍ജില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

 

Follow Us:
Download App:
  • android
  • ios