Asianet News MalayalamAsianet News Malayalam

40 കടന്നവര്‍ ജിമ്മില്‍ പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക...

പ്രമുഖ സ്റ്റാൻഡ് അപ് കൊമേഡിയൻ രാജു ശ്രീവാസ്തവ, കന്നഡ താരം പുനീത് രാജ്‍കുമാര്‍ എന്നിവരുടെയെല്ലാം മരണം സമാനമായ രീതിയില്‍ തന്നെ ആയിരുന്നു. വര്‍ക്കൗട്ടിനെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിക്കുകയും അധികം വൈകാതെ മരണത്തിലെത്തുകയുമായിരുന്നു. 

things to care while going gym after 40
Author
First Published Nov 13, 2022, 3:24 PM IST

കഴിഞ്ഞ ദിവസം ജിമ്മില്‍ വര്‍ക്കൗട്ടിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് നടൻ സിദ്ദാന്ത് വീര്‍ സൂര്യവംശി മരിച്ച വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് സിനിമാലോകവും മറ്റുള്ളവരും കേട്ടത്. സമാനമായ രീതിയില്‍ അടുത്ത കാലങ്ങളില്‍ നടന്നിട്ടുള്ള പല മരണങ്ങളും ഇക്കൂട്ടത്തില്‍ ചര്‍ച്ചയില്‍ വന്നിരുന്നു. 

പ്രമുഖ സ്റ്റാൻഡ് അപ് കൊമേഡിയൻ രാജു ശ്രീവാസ്തവ, കന്നഡ താരം പുനീത് രാജ്‍കുമാര്‍ എന്നിവരുടെയെല്ലാം മരണം സമാനമായ രീതിയില്‍ തന്നെ ആയിരുന്നു. വര്‍ക്കൗട്ടിനെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിക്കുകയും അധികം വൈകാതെ മരണത്തിലെത്തുകയുമായിരുന്നു. 

സെലിബ്രിറ്റികള്‍ അല്ലാത്തവരും ഇത്തരത്തില്‍ ജിമ്മിലെ വര്‍ക്കൗട്ടിനിടെ ഹൃദയാഘാതം സംഭവിച്ച് മരണത്തിലേക്കെത്തുന്ന കേസുകള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ജിമ്മിലെ വര്‍ക്കൗട്ടും ഹൃദയാഘാതവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അടുത്ത കാലത്തായി അന്വേഷിക്കുന്നവരും ആശങ്കപ്പെടുന്നവരും ഏറെയാണ്. 

വര്‍ക്കൗട്ടും ഹൃദയാഘാതവും...

ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നതില്‍ ഈ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യങ്ങളൊന്നുമില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ഇതിന് മുമ്പായി തീര്‍ച്ചയായും ശ്രദ്ധിക്കണം. സാധാരണഗതിയിലുള്ള ഫിറ്റ്നസ് വര്‍ക്കൗട്ടുകളാണ് ചെയ്യുന്നതെങ്കില്‍ അത്ര ഭയപ്പെടേണ്ട കാര്യമില്ല. എന്നാല്‍ അല്‍പം കൂടി ഹെവി ആയിട്ടുള്ള വര്‍ക്കൗട്ടുകളിലേക്കാണ് കടക്കുന്നതെങ്കില്‍ നിര്‍ബന്ധമായും ഒരു ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതാണ്. പ്രത്യേകിച്ചും ഹൃദയാരോഗ്യം തന്നെയാണ് ഡോക്ടര്‍ പരിശോധിച്ച് ഉറപ്പുവരുത്തുക. 

നാല്‍പത് കടന്നവര്‍ ശ്രദ്ധിക്കേണ്ടത്...

നാല്‍പത് വയസ് കടന്നവരാണെങ്കില്‍ ജിമ്മില്‍ വര്‍ക്കൗട്ടിന് പോകുന്നതിന് മുമ്പ് എന്തായാലും ചില പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതാണ് നല്ലത്. അവരവരുടെ ശരീരത്തിന്‍റെ കഴിവ്- സ്റ്റാമിനയെല്ലാം മനസിലാക്കുന്നതിനുള്ള സ്ട്രെസ് ടെസ്റ്റുകള്‍ നിര്‍ബന്ധമായും ചെയ്യണം. 

നമുക്ക് എത്രത്തോളം പ്രഷര്‍ താങ്ങാൻ കഴിയും എന്ന് മനസിലാക്കുന്നതിനാണ് ഇത്. 

'നിങ്ങള്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പരിശീലകനുമായോ ഏതെങ്കിലും സെലിബ്രിറ്റിയുമായോ അല്ല മത്സരിക്കേണ്ടത്. നിങ്ങള്‍ നിങ്ങളോട് മാത്രമാണ് മത്സരിക്കേണ്ടത്. അതുകൊണ്ട് അമിതമായ വ്യായാമം വേണ്ട..'- ദില്ലിയില്‍ നിന്നുള്ള പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. അമിത് ഭൂഷണ്‍ ശര്‍മ്മ പറയുന്നു. 

നാല്‍പത് കടന്നവര്‍ തങ്ങളുടെ ഹൃദയാരോഗ്യത്തിന്‍റെ അവസ്ഥ, മുമ്പ് നേരിട്ടിരുന്ന അസുഖങ്ങള്‍/ ആരോഗ്യപ്രശ്നങ്ങള്‍, മാനസികാവസ്ഥ എന്നിവയെല്ലാം നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതാണെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചുപറയുന്നു. കാരണം നാല്‍പത് കഴിയുമ്പോള്‍ ശാരീരീരികമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത പെട്ടെന്ന് വര്‍ധിക്കാം. 

ജിമ്മില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

ഏത് പ്രായക്കാര്‍ ആണെങ്കിലും തങ്ങളുടെ ആരോഗ്യാവസ്ഥ അനുസരിച്ചുള്ള വര്‍ക്കൗട്ട് മാത്രമേ ചെയ്യാവൂ. ഇത് ഒന്നുകില്‍ ഡോക്ടറുടെ നിര്‍ദേശം തേടിയ ശേഷം മാത്രം ചെയ്യുക. അല്ലെങ്കില്‍ അറിവുള്ള ട്രെയിനറെ സമീപിക്കാം. 

കൃത്യമായ വെന്‍റിലേഷനുള്ള സ്ഥലത്തായിരിക്കണം വര്‍ക്കൗട്ട് നടക്കേണ്ടത്. ആവശ്യത്തിന് വെള്ളം കുടിക്കണം. വര്‍ക്കൗട്ടിന് ശേഷം മദ്യപാനമോ ലഹരി ഉപയോഗമോ വേണ്ട. അതുപോലെ സാധാരണഗതിയില്‍ ഹാര്‍ട്ട് റേറ്റ് മിനുറ്റില്‍ 140ല്‍ കുറവേ വരാവൂ.

വര്‍ക്കൗട്ടിന് മുമ്പോ ചെയ്യുമ്പോഴോ ശേഷമോ എല്ലാം നെഞ്ചില്‍ അസ്വസ്ഥത,കനം, നിറയുന്നത് പോലത്തെ അനുഭവം, കീഴ്ത്താടിയിലോ തോളുകളിലോ നടുവിലോ നെഞ്ചിലോ കൈകളിലോ വേദന, തളര്‍ച്ച എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ വര്‍ക്കൗട്ടിന് മുതിരാതിരിക്കുക. ശാരീരികമായി എന്തെങ്കിലും പ്രശ്നം തോന്നിയാല്‍ നിര്‍ബന്ധമായും മെഡിക്കല്‍ പരിശോധന തന്നെ നടത്തി ഉറപ്പുവരുത്തുക. 

Also Read:- സ്ത്രീകളില്‍ ഹൃദ്രോഗത്തിന് കാരണമായി വരുന്ന അഞ്ച് കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios