ഇന്ത്യയിലാണെങ്കില്‍ അടുത്ത കാലത്തായി കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനത്തിന്‍റെ കേസുകള്‍ കൂടി വരികയാണ്. പ്രത്യേകിച്ച് അമ്പതിന് താഴെ പ്രായം വരുന്നവര്‍ക്കിടയില്‍

കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം എന്താണെന്നത് പ്രത്യേകമായി വിശദീകരിക്കേണ്ട കാര്യമില്ല. ഏവര്‍ക്കുമറിയാം ഇതെത്രമാത്രം പ്രയാസമുള്ള അവസ്ഥയാണെന്ന്. പല കേസുകളിലും കാര്‍ഡിയാക് അറസ്റ്റ് മരണത്തില്‍ ചെന്നാണ് കലാശിക്കുന്നത്. ഹൃദയാഘാതമാണെങ്കില്‍ അത് രോഗിക്ക് കുറച്ചുകൂടി അവസരം നല്‍കാറുണ്ട്. എന്നാല്‍ ഹൃദയസ്തംഭനം കുറെക്കൂടി വലിയ വെല്ലുവിളിയാണെന്ന് പറയേണ്ടിവരും. 

ഇന്ത്യയിലാണെങ്കില്‍ അടുത്ത കാലത്തായി കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനത്തിന്‍റെ കേസുകള്‍ കൂടി വരികയാണ്. പ്രത്യേകിച്ച് അമ്പതിന് താഴെ പ്രായം വരുന്നവര്‍ക്കിടയില്‍. അതിനാല്‍ തന്നെ എങ്ങനെയെല്ലാം ഇതിനെ പ്രതിരോധിക്കാമെന്ന് മനസിലാക്കുന്നത് ഏറെ നല്ലതാണ്. കാര്‍ഡിയാക് അറസ്റ്റിനെ പരിപൂര്‍ണമായി നമുക്ക് തടയാൻ സാധിക്കില്ല. എന്നാല്‍ ജീവിതരീതികളില്‍ വരുത്തുന്ന പല മാറ്റങ്ങളും ഹൃദയസ്തംഭനത്തെ ഒരളവ് വരെ പ്രതിരോധിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. 

മോണിട്ടറിംഗ്...

നാല്‍പത് വയസ് കടക്കുമ്പോള്‍ മുതല്‍ തന്നെ കൃത്യമായ ഇടവേളകളില്‍ മോണിട്ടറിംഗ് അഥവാ ഹൃദയാരോഗ്യം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. കാരണം ഹൃദയത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ നേരത്തെ തന്നെ കണ്ടെത്താൻ സാധിച്ചാല്‍ അത് കാര്‍ഡിയാക് അറസ്റ്റിനെ പ്രതിരോധിക്കാൻ ഏറെ സഹായിക്കും. പ്രത്യേകിച്ച് പാരമ്പര്യമായി ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരാണെങ്കില്‍. 

ഡയറ്റ്...

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഇരുപതുകളിലും മുപ്പതുകളിലും മുതല്‍ തന്നെ ഭക്ഷണകാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കണം. ഫൈബര്‍ കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ധാരാളം പച്ചക്കറികളും പഴങ്ങളും ഡയറ്റിലുള്‍പ്പെടുത്തുക. ലീൻ പ്രോട്ടീൻ കഴിക്കുക. 

ഉറക്കം...

ഹൃദയാരോഗ്യത്തെ സംബന്ധിച്ച് ഉറക്കം വളരെ പ്രധാനമാണ്. ഏഴ്- എട്ട് മണിക്കൂര്‍ തുടര്‍ച്ചയായതും സുഖകരമായതുമായ ഉറക്കം നിര്‍ബന്ധമാണ്. ഇത് പതിവായി കിട്ടുകയും വേണം. ഏതെങ്കിലും കാരണവശാല്‍ ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ അത് എന്തുകൊണ്ടാണെന്ന് കണ്ടെത്തി പരിഹാരം തേടേണ്ടത് നിര്‍ബന്ധമാണ്. 

സ്ട്രെസ്...

നമ്മുടെ ആരോഗ്യത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നൊരു ഘടകമാണ് സ്ട്രെസ്. ഹൃദയാരോഗ്യത്തെയും സ്ട്രെസ് വളരെ മോശമായി ബാധിക്കാം. പ്രത്യേകിച്ച് പതിവായ സ്ട്രെസ്. അതിനാല്‍ തന്നെ സ്ട്രെസ് അകറ്റുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളോ പരിശീലനങ്ങളോ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. 

വ്യായാമം...

കാര്‍ഡിയാക് അറസ്റ്റ് മാത്രമല്ല, ഹൃദയത്തെ ബാധിക്കുന്ന പല പ്രശ്നങ്ങളെയും അകറ്റിനിര്‍ത്തുന്നതിന് വ്യായാമം വളരെയധികം സഹായകമാണ്. വ്യായാമമില്ലാതെ തുടരുന്നത് സത്യത്തില്‍ ആരോഗ്യത്തിന് അത്രമാത്രം വെല്ലുവിളിയാണെന്ന് പറയേണ്ടിവരും. ജിമ്മില്‍ പോയി കഠിനമായ വര്‍ക്കൗട്ടോ ബോഡി ബില്‍ഡിംഗോ ഒന്നും ഇതിനായി ചെയ്യേണ്ട. പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുയോജ്യമായ വ്യായാമം ചെയ്താല്‍ മാത്രം മതി. 

ജീവിതശൈലീരോഗങ്ങള്‍...

ബിപി (രക്തസമ്മര്‍ദ്ദം - ബ്ലഡ് പ്രഷര്‍), പ്രമേഹം (ഷുഗര്‍), കൊളസ്ട്രോള്‍ പോലുള്ള ജീവിതശൈലീരോഗങ്ങളുണ്ടെങ്കില്‍ ഹൃദത്തിന്‍റെ കാര്യത്തില്‍ കുറെക്കൂടി ശ്രദ്ധ പുലര്‍ത്തണം. കാരണം ഇവയെല്ലാം ഉള്ളവരില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യ ഏറും. അതിനാല്‍ ഈ രോഗങ്ങള്‍ നിയന്ത്രിച്ച് മുന്നോട്ട് പോകണം. ഇടവിട്ട് ഇവ പരിശോധിക്കുക. നിയന്ത്രണവിധേയമല്ലെങ്കില്‍ അങ്ങനെയാക്കി മാറ്റാനുള്ള ശ്രമം നിര്‍ബന്ധമായും എടുക്കുക. 

സോഷ്യല്‍ ലൈഫ്...

കുടുംബാംഗങ്ങള്‍ക്ക് പുറമെ ആരോഗ്യകരമായ സൗഹൃദങ്ങള്‍, സാമൂഹിക ബന്ധങ്ങള്‍ എന്നിവയെല്ലാം ഹൃദയാരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കും. ഒറ്റപ്പെട്ട് ജീവിക്കുന്നവരില്‍ ആണ് ഹൃദയസംബന്ധമായത് അടക്കം പല ഗൗരവമുള്ള ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും കാണുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ക്രിയാത്മകമായ കാര്യങ്ങളില്‍ മുഴുകുക, പഠനങ്ങള്‍ക്ക് മുൻതൂക്കം നല്‍കുക, സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുക എന്നിങ്ങനെ ഹൃദയത്തെ ആരോഗ്യകരമാക്കി നിര്‍ത്താൻ പല ശ്രമങ്ങളും നമുക്ക് നടത്താവുന്നതാണ്. 

Also Read:- 'കൊവിഡ് 19 ബാധിച്ച യുവാക്കളെ പില്‍ക്കാലത്ത് ബാധിക്കാനിടയുള്ള ഗുരുതരമായ മാനസികരോഗം...'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo