ബോധം നഷ്ടപ്പെടുക, അസാധാരണമായ സംസാരം, കണ്ണുകള്‍ ഇമവെട്ടിക്കൊണ്ടേയിരിക്കുക, കൈകള്‍ കൊണ്ട് ആംഗ്യങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുക, തല തിരിച്ചുകൊണ്ടിരിക്കുക, കൈകാലുകള്‍ പെട്ടെന്ന് അപകടകരമായ വിധത്തില്‍ ചലിപ്പിച്ചുകൊണ്ടിരിക്കുക, ബോധമില്ലാതാകുക തുടങ്ങിയവയൊക്കെ അപസ്മാരത്തിന്റെ ഭാഗമായി കാണാറുണ്ട്.

നാഡീ വ്യവസ്ഥയെ ബാധിക്കുന്ന രോഗമാണ് അപസ്മാരം. ലോകത്ത് ഏതാണ്ട് അമ്പത് ലക്ഷത്തിലധികം പേര്‍ അപസ്മാര രോഗികളുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏറിയ പങ്കും വികസ്വര രാജ്യങ്ങളിലാണ്. അസുഖം പ്രാഥമികമായി ബാധിക്കുന്നത് മസ്തിഷ്‌കകോശങ്ങളെയാണ്. മസ്തിഷ്‌കത്തിലെ വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതോടെ ശരീരത്തിലങ്ങോളമിങ്ങോളമുള്ള നാഡികളിലേക്കുള്ള സന്ദേശ സംവിധാനവും താളം തെറ്റുന്നു. തലച്ചോറിന്റെ ഏതു ഭാഗത്തെയാണോ ബാധിക്കുന്നത് അതിനനുസരിച്ച് കാണിക്കുന്ന ലക്ഷണങ്ങളിലും വ്യത്യാസം വരുന്നു. ഉദാഹരണത്തിന് കുറച്ചു നേരത്തേക്ക് ബോധം നഷ്ടപ്പെടുക, അസാധാരണമായ സംസാരം, കണ്ണുകള്‍ ഇമവെട്ടിക്കൊണ്ടേയിരിക്കുക, കൈകള്‍ കൊണ്ട് ആംഗ്യങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുക, തല തിരിച്ചുകൊണ്ടിരിക്കുക, കൈകാലുകള്‍ പെട്ടെന്ന് അപകടകരമായ വിധത്തില്‍ ചലിപ്പിച്ചുകൊണ്ടിരിക്കുക, ബോധമില്ലാതാകുക തുടങ്ങിയവയൊക്കെ അപസ്മാരത്തിന്റെ ഭാഗമായി കാണാറുണ്ട്.

നാഡീ സംബന്ധമായ രോഗങ്ങളില്‍ ഏറ്റവും ഫലപ്രദമായ ചികിത്സ ലഭ്യമായ ഒന്നാണ് അപസ്മാരം. ചികിത്സാ രംഗത്ത് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ വലിയ ശാസ്ത്രീയ പുരോഗതിയാണ് നേടിയത്. അപസ്മാര രോഗികള്‍ക്ക് നല്‍കുന്ന ആരോഗ്യപരിചരണത്തിന്റെയും അത് പകര്‍ന്നു നല്‍കുന്ന പ്രതീക്ഷയുടെയും സുവര്‍ണ്ണ കാലഘട്ടമാണ് കടന്നു പോകുന്നതെന്നു പറയാം. ഇങ്ങനെയൊക്കെയാണെങ്കിലും ചികിത്സയുടെ കാര്യത്തില്‍ ഇനിയുമേറെ ദൂരം നമുക്ക് സഞ്ചരിക്കാനുണ്ട്. ഇപ്പോഴും അപസ്മാരത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആവശ്യമായ അവബോധം സൃഷ്ടിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. ചികിത്സാ മേഖലയില്‍ സംഭവിച്ച പുരോഗതികളെല്ലാം രോഗികളിലേക്ക് എത്തിക്കാന്‍ കഴിയാതെ, അപസ്മാരത്തിന്റെ സങ്കീര്‍ണ്ണമായ രോഗാവസ്ഥകളുള്ളവരെ ഏറ്റവും മികച്ച ചികിത്സാകേന്ദ്രങ്ങളിലേക്കെത്തിക്കാനുള്ള റഫറല്‍ സംവിധാനങ്ങളില്ലാതെ നിരവധി പ്രയാസങ്ങള്‍ നേരിടുന്നുണ്ട് ഇപ്പോഴും. ഇതിലൂടെ സമഗ്രപരിചരണം രോഗിക്ക് ലഭിക്കാതെ പോകുകയാണ്. 

ഭൂതകാലത്തെക്കുറിച്ചു പരിതപിക്കുകയല്ല, മറിച്ച് ഭാവിയിലേക്ക് വേണ്ട ശുഭകരമായ നടപടികളെടുക്കുകയാണ് അഭികാമ്യം. അപസ്മാര രോഗം നേരിടുന്ന ഓരോ വ്യക്തിക്കും ലോകോത്തരചികിത്സ ലഭ്യമാക്കും എന്ന് ഉറപ്പുവരുത്തുന്ന രീതിയിലുള്ള നയപരമായ മാറ്റങ്ങളാണ് നമുക്ക് വേണ്ടത്. അതത് സമൂഹത്തിനും പ്രദേശത്തിനും സഹായകമാകുന്ന പരിചരണ മാതൃക ലോകോത്തര നിലവാരത്തിലുള്ളതാകുകയും വേണം. ഏറ്റവും മികച്ച ചികിത്സ ഏറ്റവും ന്യായമായ ചിലവില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് സമൂഹാരോഗ്യത്തെ ഗൗരവമായി കാണുന്ന ആരോഗ്യപ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാവരും ഏകോപിതമായ പ്രവര്‍ത്തിച്ചാല്‍ അത് സാധ്യമാകുക തന്നെ ചെയ്യും. 

അപസ്മാര രോഗത്തിന്റെ താരതമ്യേന അപകടകരമല്ലാത്ത അവസ്ഥകള്‍ ചികിത്സിക്കാന്‍ പ്രാദേശിക ആശുപത്രികള്‍ തന്നെയാണ് ഏറ്റവും ഫലപ്രദം. അതേ സമയം കൂടുതല്‍ സങ്കീര്‍ണ്ണമായ രോഗാവസ്ഥ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ അത്യാധുനിക സാങ്കേതിക ചികിത്സാ സംവിധാനങ്ങളുള്ള ആശുപത്രികള്‍ക്കേ കഴിയൂ. ഇത് ഉറപ്പുവരുത്തേണ്ട ബാധ്യതയും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കുണ്ട്. പല രോഗികളുടെയും കാര്യത്തില്‍ കുറച്ചധികം സമയത്തേക്ക് രോഗിയെ നിരീക്ഷണത്തിന് വിധേയമാക്കുന്ന വീഡിയോ ഇഇജി, തലച്ചോറിന്റെ ഏതുഭാഗത്തെയാണ് ബാധിച്ചതെന്ന് അറിയാനായി 3-ടി എംആര്‍ഐ തുടങ്ങിയവ ഉപയോഗിച്ച് രോഗനിര്‍ണ്ണയം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇന്ന് സംവിധാനങ്ങളുണ്ട്. രോഗബാധിതമായ ആ പ്രത്യേക ഭാഗം മാത്രം തലച്ചോറില്‍ നിന്ന് ശസ്ത്രക്രിയ വഴി നീക്കം ചെയ്യുകയോ തലച്ചോറിന്റെ മറ്റു ഭാഗങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചിടുകയോ ചെയ്യാനും കഴിയും. 

ചികിത്സയ്ക്കു ശേഷം രോഗി പൂര്‍ണ്ണമായും സ്വാഭാവിക ജീവിതത്തിലേയ്ക്ക് തിരിച്ചുവരികയെന്നതു തന്നെയാണ് ലക്ഷ്യം. അതുകൊണ്ടു തന്നെ തുടര്‍ന്നു വന്നേക്കാവുന്ന ഓരോ പ്രശ്‌നങ്ങളെയും പ്രതീക്ഷകളെയുമെല്ലാം കൈകാര്യം ചെയ്യാന്‍ അപസ്മാര ചികിത്സയില്‍ വൈദഗ്ധ്യം നേടിയ ഡോക്ടര്‍മാരുടെ ഒരു സംഘം തന്നെ ഇടപെടുന്നതാണ് ഏറ്റവും നല്ലത്. അപസ്മാര രോഗികള്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്ന അവസ്ഥകള്‍ക്ക് പരിഹാരമുണ്ടാക്കാനും ഇത് സഹായിക്കും. അപസ്മാര രോഗികള്‍ക്കു നേരെയുള്ള സംശയത്തിന്റെയും ഭയത്തിന്റെയും സഹതാപത്തിന്റെയും കണ്ണടകള്‍ മാറ്റി അനുതാപത്തിന്റെയും ഉത്തേജനത്തിന്റെയും ശാക്തീകരണത്തിന്റെയും കാഴ്ചയിലൂടെ കാണാന്‍ കഴിയണം. സമൂഹം ഒപ്പമുണ്ടെന്ന് ബോധ്യപ്പെടുമ്പോള്‍, അവര്‍ സ്വതന്ത്രരും സമൂഹത്തിനു മുന്നില്‍ നടക്കാന്‍ കെല്‍പുള്ളവരുമായിത്തീരുമെന്നുറപ്പാണ്.

എഴുതിയത്:

ഡോ. സച്ചിന്‍ സുരേഷ് ബാബു,
സീനിയര്‍ കണ്‍സല്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ആന്റ് എപ്പിലെപ്‌റ്റോളജിസ്റ്റ്,
മേയ്ത്ര ഹോസ്പിറ്റല്‍,
കോഴിക്കോട്.