ചെറുപ്പക്കാരില്‍ പോലും രക്തസമ്മര്‍ദ്ദം കുത്തനെ ഉയരുകയും അത് ഹൃദയാഘാതത്തിലേക്ക് വരെയെത്തുകയും ചെയ്യുന്ന സാഹചര്യം ഇന്ന് കാണപ്പെടുന്നുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദം അല്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഇപ്പോള്‍ പലരിലും കാണപ്പെടുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം ശരീരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ഹൃദ്രോഗത്തിനും മറ്റ് ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാവും.

കേരളത്തില്‍ 40 വയസ്സിന് മുകളിലുള്ള ഉദ്ദേശം 30–40 ശതമാനം പേർക്ക് ഹൈപ്പർടെൻഷൻ ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രക്തസമ്മര്‍ദ്ദം നിസാരമായി കാണരുത്. കൃത്യമായ പരിശോധനകള്‍ വേണ്ട രോഗമാണിത്. ബിപി ഇടയ്ക്കിടയ്ക്ക് കൂടുന്നവര്‍ വീട്ടില്‍ തന്നെ രക്ത പരിശോധന നടത്തുന്നത് നല്ലതാണ്. പ്രമേഹം, അമിതവണ്ണം തുടങ്ങിയവ ഉള്ള വ്യക്തിയാണെങ്കിലും ബിപി പരിശോധിക്കണം. 

രക്തസമ്മര്‍ദ്ദം പരിശോധിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ആദ്യമായി ബിപി നോക്കുമ്പോള്‍ രണ്ട് കൈകളിലും നോക്കുക. ഏത് കൈയില്‍ ആണോ ബിപി കൂടുതല്‍ ആ കൈയിലായിരിക്കണം പിന്നീട് ബിപി നോക്കേണ്ടത്. 

രണ്ട്... 

ബിപി ഉപകരണം കൈയിൽ കെട്ടുന്ന ബാന്റിന്റെ നടുഭാഗത്ത് ഒരു ബ്ലാഡർ ഉണ്ട്. ഇതു ഹൃദയത്തിന്റെ  നടുഭാഗത്തിന് സമാന്തരമായി വരണം.

മൂന്ന്...

രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് ചായ, കാപ്പി എന്നിവ കുടിക്കരുത്. പുകവലിയും ഒഴിവാക്കുക. 

നാല്...

കസേരയില്‍ നടു നിവര്‍ത്തി ഇരുന്ന് തന്നെ പരിശോധിക്കണം 

അഞ്ച്... 

ബിപി എടുക്കുന്നതിനു അഞ്ചു മിനിറ്റ് മുമ്പ് വിശ്രമിച്ചിരിക്കണം.

ആറ്... 

ബിപി എല്ലാ ദിവസവും ഒരേ സമയം തന്നെ നോക്കണം. 

ഏഴ്...

എന്തെങ്കിലും മരുന്ന് കഴിക്കുന്നവര്‍ അത് കഴിക്കുന്നതിന് മുമ്പ് നോക്കണം. 

എട്ട്...

വസ്ത്രങ്ങളുടെ പുറത്തോടെ പരിശോധന നടത്തരുത്