തുടങ്ങിയത് വുഹാനിലെ ഒരു ഭക്ഷണ മാർക്കറ്റില്‍ നിന്നാണെങ്കില്‍ പിന്നീട് അത് ചൈനയെ മൊത്തമായി ബാധിച്ചു. പിന്നീട് ലോക രാജ്യങ്ങൾ ഓരോന്നായി കൊവിഡ് കീഴടക്കാൻ തുടങ്ങി. ഇന്ത്യയും കേരളവുമടക്കം കൊവിഡിന്‍റെ പിടിയിലായിരിക്കുകയാണ്. വ്യക്തി ശുചിത്വ മാർഗങ്ങൾ (കൈ കഴുകൽ, ചുമ ശുചിത്വം) പരമാവധി നടപ്പിലാക്കുക എന്നതാണ് രോഗം പ്രതിരോധിക്കാന് ഇനി ചെയ്യേണ്ടത്. യാത്രകള്‍ ഒഴിവാക്കുക, ആളുകള്‍ തിങ്ങിനിറയുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുക, ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ളവർ വീട്ടിൽ കഴിയുക. 

രോഗവ്യാപനം തടയാനായി പല കമ്പനികളും തങ്ങളുടെ തൊഴിലാളികള്‍ക്ക് വീട്ടില്‍ തന്നെ ഓഫീസ് ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള അവസരവും നല്‍കുന്നുണ്ട്. പലര്‍ക്കും അത്ര ശീലമില്ലാത്ത കാര്യമായതുകൊണ്ടുതന്നെ തുടക്കത്തിലെങ്കിലും ചില വെല്ലുവിളികളും നേരിടാം. വീട്ടില്‍ നിന്ന് ഓഫീസ് ജോലി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. 

ഒന്ന്... 

എത്ര മണിക്കാണോ ജോലിക്ക് കയറേണ്ടത് ആ കൃത്യസമയത്തുതന്നെ വീട്ടിലിരുന്ന് ജോലി ആരംഭിക്കുക. വീടാണല്ലോ എന്നു കരുതി വൈകി ജോലിയില്‍ പ്രവേശിക്കുന്നത് മടികൂട്ടാനും പണികള്‍ ഇരട്ടിയാക്കാനും വഴിയൊരുക്കും. ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്ന അതേ ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുക. 

രണ്ട്...

വീട്ടിലാണെന്ന് കരുതി കിടക്കയില്‍ ഇരുന്നുളള ജോലി മടി കൂട്ടും, ഉറക്കം വരാനും സാധ്യതയുണ്ട്. കൃത്യമായൊരു ഓഫീസ് സ്‌പേസ് ഇല്ലെങ്കില്‍ ഡൈനിങ് ടേബിളില്‍ ഇരിക്കാം. ഇത് ഓഫീസിലാണെന്ന തോന്നല്‍ ഉണ്ടാക്കും. 

മൂന്ന്...

ജനലുകളും വാതിലുകളുമൊക്കെ തുറന്നിട്ട് പരമാവധി ശുദ്ധവായുവും വെളിച്ചവും കടത്താന്‍ ശ്രമിക്കുക. 

നാല്...

ഓഫീസ് ജോലികള്‍ ചെയ്യുന്നതിനിടയ്ക്ക് വീട്ടുപണികള്‍ ചെയ്യാന്‍ നോക്കരുത്. ഓഫീസ് ജോലികള്‍ ചെയ്യാനുള്ള ഫലപ്രദമായ മണിക്കൂറുകളാണ് നഷ്ടമാക്കാതെ ശ്രദ്ധിക്കണം. 

അഞ്ച്...

കുട്ടികളുള്ളവര്‍ക്ക് ഓഫീസ് ജോലി വീട്ടിലാക്കുമ്പോള്‍ അത്  ഇരട്ടിപ്പണിയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വീട്ടില്‍ അമ്മയോ അച്ഛനോ ബന്ധുക്കളോ തുടങ്ങി കുട്ടിയെ നോക്കാന്‍ ആരെങ്കിലും ഉണ്ടാകുന്നതാണ് നല്ലത്.

ആറ്...

ഭക്ഷണം കഴിക്കാന്‍ ഓഫീസില്‍ എടുക്കുന്ന അതേ സമയം മാത്രം എടുക്കുക. വെള്ളം ഇടയ്ക്കിടെ കുടിക്കാം. ഇടയ്ക്ക് വീട്ടിനുള്ളില്‍ തന്നെ ചെറിയ നടത്തവും ആകാം.