ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരാണ് ഇന്ന് അധികവും. ഭാരം കൂടുന്നത് പലതരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കാം. വ്യായാമവും ഡയറ്റുമാണ് വണ്ണം കുറയ്ക്കാനുള്ള പ്രധാനപ്പെട്ട രണ്ട് മാർ​ഗങ്ങളെന്ന് പറയുന്നത്. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചായയെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

വണ്ണം കുറയ്ക്കാൻ മാത്രമല്ല ​ഹൃദ്രോ​ഗസാധ്യത കുറയ്ക്കാനും സഹായിക്കുന്ന ഒരു ചായയാണ് ഇത്. കൊക്കൊ പൗഡർ‌, കറുവപ്പട്ട, ഇഞ്ചി, തേയില, ശർക്കര, പാൽ, വെള്ളം ഇത്രയും ചേരുവകളാണ് ഈ 'വെയിറ്റ് ലോസ് ടീ'  തയ്യാറാക്കാനായി വേണ്ടത്...

ഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് കറുവപ്പട്ട. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനുള്ള ചില ഘടകങ്ങൾ കറുവപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. വിസറൽ കൊഴുപ്പിനെ ചെറുക്കാൻ കറുവപ്പട്ട സഹായച്ചേക്കുമെന്ന്  ' 2012 ൽ ജേണൽ ഓഫ് ന്യൂട്രീഷ്യൻ സയൻസ് ആൻഡ് വിറ്റാമിനോളജി' യിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

 

 

കറുവപ്പട്ട മാത്രമല്ല ഇഞ്ചിയും ഭാരം കുറയ്ക്കാൻ ഏറെ നല്ലതാണെന്ന് മുമ്പ് നടത്തിയ ചില പഠനങ്ങളിൽ പറയുന്നു. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾസ്, ഷോഗോൾസ് എന്നി രണ്ട് സംയുക്തങ്ങളാണ് ഇതിനായി സഹായിക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും ദഹനം വളരെ എളുപ്പമാക്കാനും ​സഹായിക്കുന്നു. മാത്രമല്ല, ഇതിലെ ഇഞ്ചിയും കറുവപ്പട്ടയും രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഏറെ നല്ലതാണ്.

ഈ രണ്ട് ചേരുവകൾ മാത്രമല്ല ശർക്കരയും ഭാരം കുറയ്ക്കാൻ ഏറെ നല്ലതാണ്. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും വയറിന്റെ ചുറ്റുമുള്ള കൊഴുപ്പ് വേഗത്തിൽ നീക്കം ചെയ്യാനും ശർക്കര സഹായിക്കുന്നു. ഇനി ഈ ചായ എങ്ങനെയാണ് തയ്യാറാക്കുന്നതെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്...

വേണ്ട ചേരുവകൾ...

വെള്ളം                            1 കപ്പ്
കൊക്കൊ പൗഡർ      1 ടീസ്പൂൺ
തേയില                       അര ടീസ്പൂൺ
ഇഞ്ചി                            1 ( ചെറിയ കഷ്ണം)
കറുവപ്പട്ട                       1 കഷ്ണം
ശർക്കര                         അര ടീസ്പൂൺ
പാൽ                                 2 കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. വെള്ളം തിളച്ച ശേഷം അതിലേക്ക് ഇഞ്ചി, കറുവപ്പട്ട എന്നിവ ചേർക്കുക. നല്ല തിളച്ച ശേഷം തേയിലയും പാലും ചേർക്കുക. ശേഷം തീ ഓഫ് ചെയ്യുക. ശേഷം അതിലേക്ക് ശർക്കരയും കൊക്കൊ പൗഡറും ചേർക്കുക. അഞ്ച് മിനിറ്റ് കഴിഞ്ഞ് അരിച്ചെടുക്കുക. ശേഷം ചൂടോടെ കുടിക്കുക.