ലോകത്ത് തന്നെ ഏറ്റവുമധികം പേര്‍ ചര്‍ച്ച ചെയ്യുന്ന ആരോഗ്യപ്രശ്‌നം അമിതവണ്ണമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുപോലെ, വണ്ണം കുറയ്ക്കാനുള്ള വഴികള്‍ അന്വേഷിക്കുന്നവരും കുറവല്ല. കൃത്യമായ ഡയറ്റ്, വര്‍ക്കൗട്ട്, ചിട്ടയായ ജീവിതം, ആവശ്യത്തിന് ഉറക്കം എന്നിങ്ങനെ പല മാര്‍ഗങ്ങളും വണ്ണം കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 

ഓരോ നേരവും കഴിക്കാനുള്ള ഭക്ഷണത്തിന്റെ സ്വഭാവവും അളവും നിശ്ചയിച്ചുകൊണ്ടുള്ള 'ടൈറ്റ്' ഡയറ്റ് പിന്തുടരുന്നതിലൂടെ മാത്രമല്ല, വണ്ണം കുറയ്ക്കാവുന്നത്. പലപ്പോഴും തിരക്കിനിടെ ഇത്തരത്തിലൊരു ഡയറ്റ് സൂക്ഷിക്കാന്‍ പോലും പലര്‍ക്കുമാകാറില്ല എന്നതാണ് സത്യം. അതിനാല്‍ നിത്യവും കഴിക്കുന്ന ഭക്ഷണത്തിനൊപ്പം തന്നെ മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ വണ്ണം കുറയ്ക്കല്‍ അല്‍പം കൂടി എളുപ്പമുള്ള സംഗതിയാക്കി മാറ്റാം.

ഇതിന് സഹായിക്കുന്ന മൂന്ന് സാധനങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. മറ്റൊന്നുമല്ല, സാധാരണഗതിയില്‍ എല്ലാ വീടുകളിലും ഉപയോഗിക്കുന്ന മൂന്ന് സ്‌പൈസുകളാണ് സംഭവം. 

ഒന്ന്...

ജീരകമാണ് ഇതിലെ ഒന്നാമന്‍. ജീരകത്തിലടങ്ങിയിരിക്കുന്ന 'തൈമോള്‍' എന്ന പദാര്‍ത്ഥം ദഹനപ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ ഏറെ സഹായകമാണ്.

 

 

മികച്ച ദഹനമാണ് വണ്ണം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗം. ശരീരത്തിലെത്തുന്ന കലോറിയുടെ അളവ് കുറയ്ക്കാനും ജീരകത്തിന് പ്രത്യേക കഴിവുണ്ടത്രേ. അതിനാല്‍ ദിവസവും അല്‍പം ജീരകം കഴിക്കാം. ഇത് വെള്ളത്തില്‍ ചേര്‍ത്തോ, അല്ലെങ്കില്‍ സലാഡുകളില്‍ ചേര്‍ത്തോ കഴിക്കുന്നതാണ് ഉചിതം. 

രണ്ട്...

രണ്ടാമതായി ഈ പട്ടികയില്‍ വരുന്നത് മല്ലിയാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും മല്ലിയിലുണ്ട്. ഇതിനൊപ്പം തന്നെ ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനും മല്ലിക്ക് കഴിയും.

 

 

രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച മല്ലി, രാവിലെ അരിച്ചെടുത്ത് ബാക്കി വരുന്ന വെള്ളം കുടിക്കുന്നതാണ് ഇതില്‍ ഏറ്റവും ഉചിതമായ രീതി. 

മൂന്ന്...

കുരുമുളകാണ് ഇതിലെ മൂന്നാമന്‍. വിറ്റാമിനുകള്‍ക്കും ധാതുക്കള്‍ക്കൊപ്പം ഫൈബര്‍ കൂടി കുരുമുളകില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഗഹനം സുഗമമാക്കാന്‍ കുരുമുളക് സഹായിക്കുന്നു.

 

 

എന്ന് മാത്രമല്ല, ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന പ്രവണതയെ ചെറുക്കാനും കുരുമുളകിന് കഴിയുമത്രേ. വെറുതെ ചവച്ചുകഴിക്കുകയോ, അല്ലെങ്കില്‍ പൊടിച്ച് ചായയില്‍ ചേര്‍ത്ത് കുടിക്കുകയോ ചെയ്താല്‍ മാത്രം മതി.