കൊവിഡ് 19 മഹാമാരിയെ തുരത്താനുള്ള പരിശ്രമത്തിലാണ് ഇന്ന് കേരളത്തിലെ ആരോഗ്യരംഗം. ഇതിനിടെ മിന്നുന്ന ഒരു നേട്ടം കൂടി കേരളത്തെ തേടിയെത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം (എന്‍ ക്യു എ എസ്) ലഭിച്ചിരിക്കുകയാണിപ്പോള്‍. ഇതോടെ രാജ്യത്തെ തന്നെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ ആദ്യ 12 സ്ഥാനവും കേരളത്തിന് സ്വന്തമായി. 

തിരുവനന്തപുരം കള്ളിക്കാട് ന്യൂ പ്രാഥമികാരോഗ്യ കേന്ദ്രം (95 ശതമാനം പോയിന്റ്), പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം (94 ശതമാനം പോയിന്റ്), തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രം (93 ശതമാനം പോയിന്റ്) എന്നിവയ്ക്കാണ് ഇപ്പോള്‍ ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചിരിക്കുന്നത്. ഒമ്പത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നേരത്തേ തന്നെ ഈ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. 

സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്ട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട്കം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നടന്ന സൂക്ഷ്മ പരിശോധനകള്‍ക്ക് ശേഷമാണ് അംഗീകാരം ലഭിക്കുക. അംഗീകാരം ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 2 ലക്ഷത്തിന്റെ വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.          

സംസ്ഥാനത്തെ ആകെ 64 സ്ഥാപനങ്ങള്‍ക്കാണ് ഇതുവരെ എന്‍ ക്യു എ എസ് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതില്‍ 12 സ്ഥാപനങ്ങളും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളതാണ്. ജില്ലാതല ആശുപത്രികളുടെ വിഭാഗത്തില്‍ കോഴിക്കോട്ടെ ഡബ്ല്യൂ ആന്റ് സി ആശുപത്രി ഇന്ത്യയില്‍ തന്നെ ഒന്നാമതെത്തിയിട്ടുണ്ട്. സബ് ജില്ലാ ആശുപത്രികളുടെ വിഭാഗത്തില്‍ ചാലക്കുടി താലൂക്കാശുപത്രി രാജ്യത്തെ ഒന്നാമതെത്തി. 

കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വേറിട്ടതാക്കുന്നത് ഇത്തരം നേട്ടങ്ങള്‍ തന്നെയാണ്. ഇനി കേരളത്തില്‍ നിന്ന് 2 സ്ഥാപനങ്ങളുടെ കൂടി ദേശീയ ഗുണനിലവാര ഫലം വരാനുണ്ട്. 88 ആശുപത്രികളുടെ സംസ്ഥാനതല പരിശോധന കഴിഞ്ഞ്, ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്.