മാംസാഹാരവും, ചീസും, നട്ട്‌സുമൊക്കെയായി 'കൊഴുപ്പേറിയ' ഡയറ്റ് തന്നെയാണ് കീറ്റോ ഡയറ്റ്. ശരീരഭാരം എളുപ്പത്തില്‍ കുറയ്ക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് അധികവും 'കീറ്റോ ഡയറ്റ്' തെരഞ്ഞെടുക്കാറ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറച്ച് നല്ലയിനം കൊഴുപ്പ് കൂടുതല്‍ ശരീരത്തിലെത്തിക്കുകയാണ് 'കീറ്റോ ഡയറ്റ്' ചെയ്യുന്നത്

നമ്മുടെ ആരോഗ്യസ്ഥിതിയും നമ്മളെ ബാധിക്കുന്ന മിക്ക അസുഖങ്ങളുമെല്ലാം ഭക്ഷണമുള്‍പ്പെടുന്ന ജീവിതരീതികളുടെ സ്വാധീനം കൂടിയാണെന്ന് അറിയാമല്ലോ? അതിനാല്‍ തന്നെ ശരീരത്തെ എപ്പോഴും നമുക്ക് അനുകൂലമാക്കി നിര്‍ത്താന്‍, അതിനാവശ്യമായ ഘടകങ്ങള്‍ സമയാസമയം എത്തിച്ചുകൊടുക്കേണ്ടതുണ്ട്. 

പലരും പല തരത്തിലുള്ള ഡയറ്റാണ് പിന്തുടരാറ്. കൃത്യമായ ചിട്ടകളില്ലാതെ ഭക്ഷണം കഴിക്കുന്നവരും നിരവധിയാണ്. പച്ചക്കറികള്‍ മാത്രം കഴിക്കുന്നവര്‍, പച്ചക്കറിയും മാംസാഹാരവും കഴിക്കുന്നവര്‍... അതുപോലെ മാംസാഹാരം മാത്രം കഴിക്കുന്നവരുമുണ്ട്. 

'കീറ്റോ ഡയറ്റ്' എന്നാല്‍ ഏറെക്കുറേ ഇതാണ് അര്‍ത്ഥമാക്കുന്നത്. മാംസാഹാരവും, ചീസും, നട്ട്‌സുമൊക്കെയായി 'കൊഴുപ്പേറിയ' ഡയറ്റ് തന്നെയാണ് കീറ്റോ ഡയറ്റ്. ശരീരഭാരം എളുപ്പത്തില്‍ കുറയ്ക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് അധികവും 'കീറ്റോ ഡയറ്റ്' തെരഞ്ഞെടുക്കാറ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറച്ച് നല്ലയിനം കൊഴുപ്പ് കൂടുതല്‍ ശരീരത്തിലെത്തിക്കുകയാണ് 'കീറ്റോ ഡയറ്റ്' ചെയ്യുന്നത്. 

എന്നാല്‍ ഇതില്‍ മൂന്നിനം പോഷകങ്ങള്‍ ഉറപ്പിച്ചാല്‍ നിങ്ങള്‍ക്ക് ക്ഷീണം, തലവേദന, മൈഗ്രേയ്ന്‍ എന്നിവയെ ഒരു പരിധി വരെയെങ്കിലും ചെറുക്കാനാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഏതെല്ലാമാണ് ആ മൂന്ന് പോഷകങ്ങള്‍ എന്ന് നോക്കാം.

ഒന്ന്...

മഗ്നീഷ്യമാണ് ഈ പട്ടികയിലെ ഒന്നാമന്‍. ശരീരത്തിന് അത്യാവശ്യം വേണ്ട ധാതുക്കളിലൊന്നാണ് മഗ്നീഷ്യം. 'കീറ്റോ ഡയറ്റ്' പിന്തുടരുന്നവര്‍ തീര്‍ച്ചയായും ഇക്കാര്യം ശ്രദ്ധിക്കുകയും വേണം. ശരീരത്തെ ഊര്‍ജസ്വലതയോടെ കാത്തുസൂക്ഷിക്കാനും, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനുമാണ് പ്രധാനമായും മഗ്നീഷ്യം സഹായകമാകുന്നത്. 

ഇതിന്റെ അളവില്‍ വരുന്ന കുറവ് ആളുകളെ വിഷാദത്തിലേക്ക് നയിക്കാന്‍ കാരണമാകും. മൈഗ്രേയ്‌നെ തടഞ്ഞുനിര്‍ത്താന്‍ കഴിവുള്ള ഘടകം കൂടിയാണിത്. കൂടാതെ സ്ത്രീകളിലെ ആര്‍ത്തവത്തിന് മുന്നോടിയായുള്ള അസ്വസ്ഥതകളെ ലഘൂകരിക്കാനും ഇതിന് കഴിയും.

രണ്ട്...

പൊട്ടാസ്യമാണ് പട്ടികയിലെ രണ്ടാമന്‍. 'കീറ്റോ ഡയറ്റില്‍' വളരെ പ്രധാനമാണ് പൊട്ടാസ്യത്തിന്റെ പങ്ക്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കാണ് പൊട്ടാസ്യം ഏറെ ഗുണം ചെയ്യുക. അതായത്, രക്തസമ്മര്‍ദ്ദത്തെ വരുതിയിലാക്കാന്‍ പൊട്ടാസ്യത്തിന് കഴിയുമെന്ന് സാരം. 

തലയ്ക്കകത്തെ 'ഫ്‌ളൂയിഡ് ബാലന്‍സ്' നിലനിര്‍ത്താന്‍ പൊട്ടാസ്യം വളരെയധികം സഹായിക്കും. ഇതിനാലാണ് തലവേദനയെ അകറ്റിനിര്‍ത്താനാകുന്നത്. ഇതിന് പുറമെ, പക്ഷാഘാതം, വൃക്ക സംബന്ധമായ അസുഖങ്ങള്‍ എന്നിവയില്‍ നിന്ന് നമ്മളെ മാറ്റിനിര്‍ത്താനും പൊട്ടാസ്യത്തിനാകും.

മൂന്ന്...

സോഡിയമാണ് ഈ പട്ടികയിലെ മൂന്നാമന്‍. ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയുമ്പോള്‍ ക്ഷീണവും തലവേദനയുമെല്ലാം വരുന്നത് സ്വാഭാവികമാണ്. ഇതിന് പുറമെ തലകറക്കം, മസിലിന് ശക്തിക്ഷയം, മസില്‍ വേദന തുടങ്ങിയ പ്രശ്‌നങ്ങളും സോഡിയമില്ലായ്മയെ തുടര്‍ന്ന് സംഭവിക്കും.

അതിനാല്‍ സോഡിയമടങ്ങിയ ഭക്ഷണം കീറ്റോ ഡയറ്റിന്റെ ഭാഗമായി ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. നട്ട്‌സ്, ബ്രോത്ത്, ധാന്യങ്ങള്‍, കൊഴുപ്പടങ്ങിയ മീന്‍, ഇലക്കറികള്‍, കൂണ്‍, അവക്കാഡോ എന്നിവയെല്ലാം ഇത്തരത്തിലുള്ള ഭക്ഷണങ്ങളാണ്.