ഇന്ത്യയിലെ യുവാക്കളില്‍ രക്തസമ്മര്‍ദ്ദം അപകടകരമാംവിധം കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മസ്തിഷ്‌കാഘാതം, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. രക്തസമ്മര്‍ദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും അപകടകരമാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

വ്യായാമം ശീലമാക്കുക...

വ്യായാമം എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ്. ഇത് രക്തചംക്രമണം സുഗമമാക്കി ഹൃദയത്തെ കരുത്തുളളതാക്കും. വ്യായാമം ചെയ്യുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കുക മാത്രമല്ല അമിതവണ്ണം കുറയ്ക്കാനും സഹായിക്കും. 

 ഹെൽത്തി ഡയറ്റ് ശീലമാക്കു...

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഹെൽത്തി ഡയറ്റ് ശീലമാക്കാവുന്നതാണ്. പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തിയ മികച്ചൊരു ഡയറ്റ് ശീലിക്കുന്നത് പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം എന്നിവ തടയാൻ സഹായിക്കും. 

ഉപ്പ് കുറയ്ക്കൂ...

ലോകത്തെമ്പാടും ആരോഗ്യത്തിന് ഭീഷണിയാകുന്ന കാര്യമാണ് ഉപ്പിന്റെ അമിത ഉപയോഗം. ശരീരത്തിന് ഒരു ദിവസം പ്രവര്‍ത്തിക്കാന്‍ 186മില്ലി ഗ്രാം ഉപ്പ് മാത്രമേ ആവശ്യമുള്ളൂവെന്നാണ് കണക്ക്. എന്നാല്‍ വിവിധ രാജ്യങ്ങളിലെ ഭക്ഷണരീതി, ജീവിതരീതി ഇവ പരിഗണിച്ച് ലോകാരോഗ്യസംഘടന അഞ്ചുഗ്രാംവരെ ആകാമെന്ന് പറയുന്നുണ്ട്.  എന്നാൽ സംസ്‌കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ വഴിയും പാചകരീതിയുടെ പ്രത്യേകതകൊണ്ടും ഇതിന്റെ ഇരട്ടിയോളം ഉപ്പ് നമ്മുടെ ശരീരത്തിലെത്തുന്നുണ്ട്. ഇത് രക്തസമ്മര്‍ദ്ദം വർധിപ്പിക്കാൻ കാരണമാകുന്നുണ്ട്.

മാനസിക പിരിമുറുക്കം കുറയ്ക്കൂ...

മാനസിക പിരിമുറുക്കവും രക്തസമ്മര്‍ദ്ദവും തമ്മില്‍ ബന്ധമുണ്ട്. മനസ്സംഘര്‍ഷമുള്ള സമയത്ത് ഹൃദയമിടിപ്പ് കൂടുന്നതായും രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. മനസ്സിനെ ആയാസപ്പെടുത്തുന്ന ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും മനശ്ശാന്തിക്കുള്ള വ്യായാമമോ ഹോബിയെ പിന്തുടരുകയും ചെയ്യുകയാണ് വേണ്ടത്.

 പുകവലി ഉപേക്ഷിക്കുക...

 പുകവലിക്കുന്നവരുടെ എണ്ണം ഇന്ന് കൂടിവരികയാണല്ലോ. ‌പുകവലി ഹൃദ്രോഗസാധ്യത വന്‍തോതില്‍ വര്‍ധിപ്പിക്കുമെന്നത് എല്ലാവര്‍ക്കും അറിയുന്ന വസ്തുതയാണ്. സിഗരറ്റിന്റെ പുക ഓരോതവണ ഉള്ളിലെത്തുമ്പോഴും രക്തസമ്മര്‍ദ്ദം താത്കാലികമായി കൂടുന്നുണ്ട്. കൂടാതെ നിക്കോട്ടിനിലെ രാസവസ്തുക്കള്‍ രക്തധമനികള്‍ക്ക് ഹാനികരവുമാണ്.