കരുത്തുള്ള മുടിയ്ക്കായി എണ്ണകൾ, ഹെയർ ട്രീറ്റ്മെന്റുകൾ, ഹെയർ മാസ്കുകൾ എന്നിവ നമ്മൾ എല്ലാവരും ഉപയോ​ഗിക്കാറുണ്ട്. എന്നാല്‍ ഇവ ഉപയോ​ഗിക്കുമ്പോൾ മുടിയ്ക്ക് ദോഷം ചെയ്യാറുമുണ്ട്. കേശസംരക്ഷണം ഒരു വെല്ലുവിളിയായി തന്നെ മാറുന്ന അവസ്ഥയാണ് പലപ്പോഴും നമ്മു‌ടെ ഇടയില്‍ കാണുന്നത്. കൃത്യമായ സംരക്ഷണവും സമീകൃതമായ ആഹാരവും മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കരുത്തുള്ള മുടി സ്വന്തമാക്കാം...

ഒന്ന്...

ദിവസേന മുടി കഴുകുന്നതിൽ പ്രശ്നമൊന്നുമില്ല. എന്നാൽ ഷാംപൂ ചെയ്യുന്നത് ആഴ്ചയിൽ രണ്ട് തവണ മതി. ഷാംപൂ വെള്ളത്തിൽ കലർത്തി മാത്രം മുടിയിൽ തേയ്ക്കുക. 

 

 

രണ്ട്...

അകാലനര, മുടികൊഴിച്ചിൽ എന്നിവ തടയാൻ പുറമേ പുരട്ടുന്ന എണ്ണകൾക്കാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഒരു കണ്ടീഷണർ എന്നതിന് പുറമേ എണ്ണയിട്ടു മസാജ് ചെയ്താലുണ്ടാകാവുന്ന രക്തപ്രവാഹവും മുടിവളർച്ചയ്ക്കു സഹായകമായേക്കാമെന്നു മാത്രം. കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പേ എണ്ണ തലയിൽ പുരട്ടി അൽപം നേരം മസാജ് ചെയ്യുന്നത് മുടിയുടെ വളർച്ചയ്ക്ക് നല്ലതാണ്.

മൂന്ന്...

മുടിവളർച്ചയ്ക്ക്  പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ വളരെ പ്രധാനമാണ്. കൂൺ, പീനട്ട് ബട്ടർ, ചീസ്, കോളിഫ്ളവർ, ആൽമണ്ട്, സോയാബീൻ, ഏത്തപ്പഴം, അവോക്കാഡോ തുടങ്ങിയ ഭക്ഷണങ്ങൾ മുടി ആരോ​ഗ്യത്തോടെ വളരാൻ സഹായിക്കുന്നു.

 

 

നാല്...

മുടി മുറിച്ചാൽ നീളം കുറയുമെന്നു പേടിച്ച് വെട്ടാതിരിക്കരുത്. മൂന്നുമാസം കൂടുമ്പോഴോ ആറ് ആഴ്ച കൂടുമ്പോഴോ മുടിയുടെ പിളർന്ന ഭാ​ഗം വെട്ടി വൃത്തിയാക്കണം. എങ്കിലേ മുടി കരുത്തോടെ വളരൂകയുള്ളൂ.

അഞ്ച്...

സ്ഥിരമായി മുടി വലിച്ചുമുറുക്കി പോണിടെയ്ൽ കെട്ടുന്നതും കെട്ടിവയ്ക്കുന്നതുമെല്ലാം മുടിയിഴകൾക്ക് വല്ലാതെ സമ്മർദ്ദം നൽകും. ഏതു ഹെയർസ്റ്റൈൽ ആണെങ്കിലും ഒരൽപം അയച്ച് കെട്ടുന്നത് നല്ലതായിരിക്കും.

ആറ്...

ഹെയർമാസ്ക്കുകൾ മുടിയെ മൃദുവാക്കാനും വരൾച്ച മാറ്റാനും മികച്ചതാണ്.  മുട്ടയുടെ മഞ്ഞ, ഒലിവ് ഓയിൽ എന്നിവ  നന്നായി അടിച്ച് പതപ്പിച്ച ശേഷം തലയിൽ പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. മുടി കൊഴിച്ചിൽ കുറയാനും താരൻ അകറ്റാനും ഈ ഹെയർ മാസ്ക് വളരെ നല്ലതാണ്.