രാവിലെയുള്ള തണുപ്പ് മൂലം തുമ്മി തുമ്മിയാണ് പലരും എഴുന്നേല്‍ക്കുന്നത് തന്നെ. ഇത്തരത്തിലുള്ള ജലദോഷം ശമിക്കാന്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. 

മഞ്ഞുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ചിലര്‍ക്ക് തണുപ്പടിച്ചാല്‍ തന്നെ തുമ്മലും ജലദോഷവുമാണ്. രാവിലെയുള്ള തണുപ്പ് മൂലം തുമ്മി തുമ്മിയാണ് പലരും എഴുന്നേല്‍ക്കുന്നത് തന്നെ. ഇത്തരത്തിലുള്ള ജലദോഷം ശമിക്കാന്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. 

പ്രകൃതിദത്തവും പാർശ്വഫലങ്ങളില്ലാത്തതുമായ ഇത്തരം ചില ടിപ്സ് നോക്കാം...

ഒന്ന്... 

ജലദോഷമുള്ളപ്പോൾ ആവി പിടിക്കുന്നത് നിങ്ങളുടെ മൂക്കിന് ആശ്വാസം പകരാൻ സഹായിക്കും. തിളച്ച് ആവി പൊങ്ങുന്ന വെള്ളത്തിനടുത്തേക്ക് തല അടുപ്പിച്ച് മൂക്കിലൂടെ സാവധാനം ശ്വസിക്കുക. ജലദോഷത്തിൽ നിന്ന് രക്ഷ നേടാന്‍ ഇത് സഹായിക്കും. 

രണ്ട്...

തേനിൽ പലതരം ആന്‍റി ബാക്ടീരിയൽ, ആന്‍റി മൈക്രോബയൽ ഗുണങ്ങളുണ്ട്. ചായയിൽ നാരങ്ങാനീരും തേനും ചേർത്ത് കുടിക്കുന്നത് ജലദോഷവും തൊണ്ടവേദനയും കുറയ്ക്കാൻ സഹായിക്കും. ചുമയ്ക്കുള്ള ഏറ്റവും ഫലപ്രദമായ പരിഹാര മാർഗവുമാണ് തേൻ. 

മൂന്ന്...

ചുവന്നുള്ളി ചതച്ചെടുത്ത നീര്, തുളസിയില നീര്, ചെറുതേൻ എന്നിവ സമാസമം എടുത്ത് മൂന്ന് നേരം സേവിക്കുക.

നാല്...

തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നത് ഫലം ചെയ്യും.

അഞ്ച്...

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന സംയുക്തം മികച്ച ഒരു ആന്റി മൈക്രോബിയൽ ഘടകമാണ്. ജലദോഷമുള്ളപ്പോൾ നിങ്ങളുടെ ഭക്ഷണത്തിൽ ഒരു വെളുത്തുള്ളി കൂടുതലായി ചേർക്കുന്നത് ഇതിന്റെ ലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും. ജലദോഷത്തിന്റെ തുടക്കത്തിലെ വെളുത്തുള്ളി കഴിക്കുന്നത് ജലദോഷം ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.

ആറ്...

തിളപ്പിച്ചെടുത്ത പാൽ ചൂടാറും മുമ്പേ കുരുമുളകുപൊടിയും ചേർത്ത് കുടിക്കുന്നത് ജലദോഷം ശമിക്കാന്‍ സഹായിക്കും. 

ഏഴ്...

തുളസിയിലയും കൽക്കണ്ടവും ചേർത്തരച്ച് മിശ്രിതമാക്കി ഭക്ഷിക്കുന്നതും ജലദോഷത്തില്‍ നിന്ന് രക്ഷ നേടാന്‍ സഹായിച്ചേക്കാം.

ശ്രദ്ധിക്കുക: 24 മണിക്കൂറിനുള്ളില്‍ ജലദോഷം മാറിയില്ലെങ്കില്‍, ഒരു ഡോക്ടററുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നതാണ് ഉത്തമം. 

Also Read: മഞ്ഞുകാലത്ത് പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാൻ ഇതാ ചില ടിപ്സ്