കുടവയര്‍ എപ്പോഴും അഭംഗി തന്നെയാണ്. അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ചിലതരം അര്‍ബുദങ്ങള്‍, മറവി രോഗ സാധ്യത തുടങ്ങിയവയ്ക്കൊക്കെ കുടവയര്‍ കാരണമായേക്കാം. കുടവയര്‍ വയ്ക്കാന്‍ കുറച്ച് ദിവസങ്ങൾ മതി. എന്നാൽ, കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുടവയർ എളുപ്പം കുറയ്ക്കാം...

ഒന്ന്...

കാര്‍ബോ ഹൈഡ്രേറ്റ് കൂടുതലുള്ള വിഭവം ചോറാണ്. അതിനാല്‍ വയറ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ചോറിന്റെ അളവ് കുറയ്ക്കണം. ആദ്യം ചോറ് ഒരു നേരമാക്കുക. പിന്നീട് കഴിക്കുന്ന ചോറിന്റെ അളവ് കുറയ്ക്കുക.

രണ്ട്...

വയറ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ശീതളപാനീയങ്ങള്‍ ഒഴിവാക്കണം. ദിവസവും ഇത് കുടിക്കുന്നത് അമിതവണ്ണത്തിനും വിസറല്‍ ഫാറ്റ് അടിഞ്ഞുകൂടാനും കാരണമാവുന്നു. ശീതളപാനീയങ്ങളിലെ ഫ്രക്ടോസ് കോണ്‍സിറപ്പാണ് ആ പ്രശ്‌നത്തിന് കാരണം. ആവശ്യത്തിലധികം ഫ്രക്ടോസ് ലഭിച്ചാല്‍ അത് നേരെ കരളിലേക്ക് പോയി കൊഴുപ്പായി അടിയുന്നു.

ജീവിതശൈലീരോഗങ്ങൾ പിടിപെടുന്നതിന്റെ കാരണം രാത്രിയിലെ ഈ ഭ​ക്ഷണരീതി...

മൂന്ന്...

ഭക്ഷണവും വ്യായാമവും ശരിയാക്കിയാലും ഉറക്കം കുറഞ്ഞാല്‍ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കും. ദിവസവും ആറ് മണിക്കൂറെങ്കിലും ഉറങ്ങിയാല്‍ വിസറല്‍ ഫാറ്റ് നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും.

നാല്...

ഭക്ഷണം വലിച്ചുവാരി കഴിക്കാതെ ആവശ്യത്തിന് മാത്രം കഴിക്കുക. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കി പകരം ഉച്ചഭക്ഷണം അമിത അളവിൽ കഴിക്കുന്നവരുണ്ട്. ആ ശീലം അത്ര നല്ലതല്ലെന്ന് ഓർക്കുക. കാരണം, ശരീരഭാരം കൂടുന്നതിന് കാരണമാകും.

അഞ്ച്...

ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്താല്‍ വിസറല്‍ ഫാറ്റ് കുറയും. നടത്തം പോലുള്ള വ്യായാമങ്ങള്‍ ശീലമാക്കാവുന്നതാണ്.