അർധ രാത്രിവരെ പടക്കം പൊട്ടിച്ചും മറ്റും ദീപാവലി ആഘോഷിക്കുമ്പോള്‍ അത് പലപ്പോഴും വായു മലിനീകരണത്തിന് വരെ കാരണമാകാം. അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആസ്‍ത്മ രോഗികളെയാകാം. 

ഈ മാസം 24- നാണ് ദീപാവലി. നാടും നഗരവും നേരത്തെ തന്നെ ആഘോഷം തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി വിവിധ തരം അലങ്കാരദീപങ്ങളും മറ്റും കൊണ്ട് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളും മാളുകളും മനോഹരമായി മാറി കഴിഞ്ഞു. അർധ രാത്രിവരെ പടക്കം പൊട്ടിച്ചും മറ്റും ദീപാവലി ആഘോഷിക്കുമ്പോള്‍, അത് പലപ്പോഴും വായു മലിനീകരണത്തിന് കാരണമാകാം. അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആസ്‍ത്മ രോഗികളെയാണ്. 

അടിസ്ഥാനപരമായി ആസ്ത്മ ഒരു അലര്‍ജി രോഗമാണ്. ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണിത്. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെ വരുന്ന ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ തണുപ്പ്, പൊടി, കായികാഭ്യാസം എന്നിവ ഉണ്ടാകുമ്പോള്‍ കൂടുന്നതും ആസ്ത്മയുടെ ലക്ഷണമാകാം. 

കാലാവസ്ഥ, വായു മലിനീകരണം, ജീവിതശൈലി, ഭക്ഷണങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളും ആസ്‍ത്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ പടക്കം പൊട്ടിച്ചും മറ്റും ആഘോഷിക്കുമ്പോള്‍ ആസ്‍ത്മ രോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് അകലം പാലിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. പ്രത്യേകിച്ച് ഇത്തരം പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവയുടെ പൊടിയും പുകയും ഒന്നും ബാധിക്കാതിരിക്കാന്‍ പരമാവധി വീടുകളിനുള്ളില്‍ തന്നെ കഴിയുക. 

രണ്ട്...

ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്നുകള്‍ കൊണ്ടും മുന്‍കരുതലുകള്‍ കൊണ്ടും ആസ്ത്മ വരാതെ നിയന്ത്രിച്ച് നിര്‍ത്താനും ശ്രമിക്കുക. 

മൂന്ന്...

പുറത്ത് പടക്കം പൊട്ടിച്ചും മറ്റും ആഘോഷങ്ങള്‍ നടക്കുന്ന വേളയില്‍, മാസ്ക് ധരിച്ച് മാറി നില്‍ക്കാനും ശ്രമിക്കുക. ഇതിനായി N95 മാസ്ക് തന്നെ തെരഞ്ഞെടുക്കാം.

നാല്...

വിറ്റാമിനുകളും പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താനും മറക്കേണ്ട. വെള്ളവും ധാരാളം കുടിക്കാം. 

അഞ്ച്...

അടിസ്ഥാനപരമായ കാര്യമായ കൈകളുടെ ശുചിത്വം ഉറപ്പാക്കുക. കൈകള്‍ ഇടയ്ക്കിടെ വൃത്തിയായി കഴുകുക. 

ആറ്...

ആസ്ത്മയുള്ളവരുടെ കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മെത്തയും തലയണയും വെയിലത്ത് നന്നായി ഉണക്കി ഉപയോഗിക്കുക തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങള്‍ ചെയ്യാം. 

ഏഴ്...

പുകവലിക്കുന്നവരില്‍ നിന്നും അകലം പാലിക്കുക. കാലാവസ്ഥ അനുസരിച്ച് ജീവിതശൈലിയിലും മാറ്റം വരുത്താം. 

Also Read: ആസ്‍ത്മ രോഗികള്‍ക്ക് കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...