ഒമിക്രോൺ വകഭേദം കുട്ടികളിൽ ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് മാതാപിതാക്കൾ ആശങ്കാകുലരാണ്. പുതിയ വേരിയന്റുകളുടെ അപകടസാധ്യതയെക്കുറിച്ചുള്ള ഭയം ഓരോ ദിവസം കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യത്ത് അതിവേഗം പടർന്നു കൊണ്ടിരിക്കുകയാണ്. ഒമിക്രോൺ വകഭേദം കുട്ടികളിൽ ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് മാതാപിതാക്കൾ ആശങ്കാകുലരാണ്. പുതിയ വേരിയന്റുകളുടെ അപകടസാധ്യതയെക്കുറിച്ചുള്ള ഭയം ഓരോ ദിവസം കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് രൂക്ഷമായിരിക്കുന്ന അവസ്ഥയിൽ കുട്ടികളുടെ ആരോ​ഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. 

നിലവിൽ 15-18 പ്രായത്തിലുള്ളവർക്ക് സർക്കാർ വാക്സിനേഷൻ ആരംഭിച്ച് കഴിഞ്ഞു. കൊവിഡ് കുട്ടികളെ ബാധിക്കാതിരിക്കാൻ രക്ഷിതാക്കൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ദില്ലിയിലെ അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പിലെ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറും സീനിയർ പീഡിയാട്രീഷ്യനുമായ ഡോ.അനുപം സിബൽ പറഞ്ഞു.

കൊവിഡ് ബാധിച്ചാൽ കുട്ടികളിൽ തൊണ്ടയിൽ അസ്വസ്ഥതയോ തൊണ്ടയിൽ ചൊറിച്ചിലോ ഉണ്ടാകാം. ചില കുട്ടികൾക്ക് പനിയും ചുമയും ഉണ്ടാകാറുണ്ട്. പനി 103 ഡിഗ്രി വരെ പോകാം. സാധാരണയായി മൂന്നാം ദിവസ‍ം പനി മാറും. ചില കുട്ടികൾക്ക് ശരീരവേദനയും ഛർദ്ദിയും അനുഭവപ്പെടാമെന്ന് ഡോ.അനുപം പറ‍ഞ്ഞു.

ഈ സമയത്ത് കുട്ടികൾക്ക് സിടി സ്കാൻ ചെയ്യേണ്ട ആവശ്യമില്ല. മാത്രമല്ല കുട്ടികൾ റേഡിയേഷന് വിധേയരാകേണ്ടതും ഇല്ല. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കുട്ടികൾക്ക് പനിക്കും ശരീരവേദനയ്ക്കും പാരസെറ്റമോൾ ഗുളികകൾ നൽകുക. നിങ്ങൾക്ക് 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളുണ്ടെങ്കിൽ കുട്ടിയ്ക്ക് വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ എത്രയും വേഗം വാക്സിനേഷൻ എടുക്കണമെന്നും ഡോ.അനുപം പറ‍ഞ്ഞു.

കുട്ടികൾ എൻ 95 മാസ്‌ക് ഉപയോ​ഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇടയ്‌ക്കിടെ കൈ കഴുകുകയോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുക, സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിഭ്രാന്തരാകാതെ ജാഗ്രതപാലിക്കുകയാണ് വേണ്ടതെന്ന് ഡോ.അനുപം പറഞ്ഞു. 

ഒമിക്രോൺ തരംഗം കൊറോണ വൈറസിന്റെ ഭാവി തീവ്രത കുറച്ചേക്കാം: പഠനം