ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഡയറ്റ് പ്ലാനുകൾ ഇന്നുണ്ട്. ഡയറ്റ് എന്ന പേരിൽ പലരും പട്ടിണി കിടന്നാകും ഭാരം കുറയ്ക്കുക. സ്വയം വിചാരിക്കുന്നതിലും കൂടുതല്‍ ഭാരം ചിലപ്പോൾ പെട്ടെന്ന് കുറയുന്നത് കാണാം. വളരെ പെട്ടെന്ന് ഭാരം കുറയുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണം കഴിച്ച് വേണം ശരീരഭാരം കുറയ്ക്കേണ്ടത്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതാണ് പഴങ്ങൾ.

ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒരു പഴവർ​ഗമുണ്ട്. ഏതാണെന്നല്ലേ, 'അവോക്കാഡോ' (വെണ്ണപ്പഴം). അവോക്കാഡോകൾക്ക് ശരീരത്തിന് ഒന്നിലധികം വ്യത്യസ്ത പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പും നൽകാൻ കഴിയും. അവോക്കാഡോയിൽ വാഴപ്പഴത്തേക്കാൾ 60 ശതമാനം കൂടുതൽ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.

 

 

 അര അവോക്കാഡോയിൽ 160 കലോറി അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരഭാരം കുറയ്ക്കാൻ വളരെ പ്രധാനമാണെന്ന് ഡയറ്റീഷ്യന്മാർ പറയുന്നു. മറ്റേത് പഴവർഗ്ഗത്തേക്കാളും 'നാരുകൾ'(fiber) ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ (മെറ്റബോളിസം) മെച്ചപ്പെടുത്തി കൊഴുപ്പ് ദഹിപ്പിച്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

അവോക്കാഡോ ഉൾപ്പെടുന്ന ഭക്ഷണം കഴിക്കുന്നത് അമിതവണ്ണമുള്ള ആളുകളുടെ വിശപ്പിനെ എങ്ങനെ ബാധിച്ചുവെന്ന് അടുത്തിടെ ഒരു പഠനം നടത്തുകയുണ്ടായി. ഉച്ചഭക്ഷണത്തിനൊപ്പം പകുതി അവോക്കാഡോ കഴിച്ച ആളുകൾക്ക് അതിനുശേഷം അഞ്ച് മണിക്കൂർ വരെ വിശപ്പ് ഉണ്ടായിരുന്നില്ലെന്ന് പഠനത്തിൽ കണ്ടെത്തി. അവോക്കാഡോയിൽ 'മോണോസാച്ചുറേറ്റഡ്' കൊഴുപ്പും 'പോളിഅൺസാച്ചുറേറ്റഡ്' കൊഴുപ്പും അടങ്ങിയിരിക്കുന്നു.

ഇത്തരത്തിലുള്ള കൊഴുപ്പ് ശരീരത്തിന് വളരെ ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. അവോക്കാഡോ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അവോക്കാഡോയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളാണ് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നത്. 

ശരീരഭാരം കുറയ്ക്കണോ? ശ്രദ്ധിക്കാം ഈ ഏഴ് കാര്യങ്ങള്‍....