ജൂൺ 25, ലോക വെള്ളപ്പാണ്ട്  (Vitiligo) ദിനമാണ്. വെള്ളപ്പാണ്ടിനെക്കുറിച്ച് ആഗോളതലത്തില്‍ ബോധവത്ക്കരണം നടത്തുകയാണ് ഈ ദിവസത്തിന്‍റെ ലക്ഷ്യം. 2011 ലാണ് ആദ്യമായി ഈ ദിനാചരണം ആരംഭിച്ചത്.

ചർമ്മത്തിന് നിറം കൊടുക്കുന്ന 'മെലാനിൻ' (melanin) എന്ന രാസവസ്തുവിന്റെ അപാകതമൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് വെള്ളപ്പാണ്ട്. തൊലിപ്പുറത്ത് വെള്ളനിറത്തിലുള്ള പാടുകളായാണ് ഈ രോഗം കാണപ്പെടുന്നത്. എന്നാൽ ഈ ഭാഗത്തിന് ചുറ്റുമുള്ള ചർമ്മം സാധാരണ നിറത്തിൽ തന്നെ കാണപ്പെടാറുണ്ട്.

ശരീരത്തിൽ പല മാതൃകകളിൽ വെള്ളപ്പാണ്ട് പ്രത്യക്ഷപ്പെടാം. ചിലപ്പോള്‍ ഒരു ഭാഗത്ത് മാത്രമോ കൂടുതൽ ഭാഗങ്ങളിൽ വ്യാപിച്ചോ ശരീരമാസകലം പടർന്നോ ഇതു കാണപ്പെടാം. 

ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ സ്വന്തം കോശങ്ങളെ തന്നെ ആക്രമിക്കുന്ന 'ഓട്ടോ ഇമ്മ്യൂണ്‍' രോഗമാണിത്. വെള്ളപ്പാണ്ട് പകരുന്ന രോഗമല്ല. സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ വെള്ളപ്പാണ്ട് ബാധിക്കാം.

വെള്ളപ്പാണ്ടിന്‍റെ ലക്ഷണങ്ങൾ...

വെള്ള നിറത്തില്‍ ചർമ്മത്തിൽ പാടും അതിനെചുറ്റി, സ്വാഭാവിക നിറത്തിലുള്ള ചർമ്മവുമാണ് ഏറ്റവും സാധാരണമായി കാണപ്പെടുന്ന ലക്ഷണം. തലമുടിയും കണ്‍പുരികങ്ങളും കണ്‍പീലികളും താടിയും അകാരണമായി നരയ്ക്കല്‍ തുടങ്ങിയവയും ലക്ഷണങ്ങളാകാം.

പാടുകളിൽ വെളുത്തനിറമുള്ള രോമങ്ങളും ചിലപ്പോള്‍ കാണാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ രോഗം ഉണ്ടെന്ന് സ്വയം ഉറപ്പിക്കാതെ ഒരു ഡോക്ടറെ കാണുകയാണ് ആദ്യം ചെയ്യേണ്ടത്. 

ചികിത്സ...

മരുന്ന് ഉപയോഗിച്ചും, ലേസറുകള്‍ ഉപയോഗിച്ചും ചികിത്സ നിലവിലുണ്ട്. 'മെലനോസൈറ്റ്' കോശങ്ങളെ (ശരീരത്തിലെ മെലനോസൈറ്റ് കോശങ്ങളാണ് മെലാനിന്‍ ഉത്പാദിപ്പിക്കുന്നത്)  മാറ്റിവയ്ക്കുന്നതാണ് പുതിയ ചികിത്സാരീതി.

Also Watch: വെള്ളപ്പാണ്ടിന് ആധുനിക ശസ്ത്രക്രിയ; കാണാം ഡോക്ടര്‍ ലൈവ്...