ടോണ്‍സിലൈറ്റിസ് പെട്ടെന്നുണ്ടാവുകയോ നീണ്ടുനില്‍ക്കുന്ന അണുബാധയുടെ ഭാഗമായോ ഉണ്ടാകാം. വൈറസുകളും ബാക്ടീരിയകളും അണുബാധക്കിടയാക്കാറുണ്ട്. സാധാരണഗതിയില്‍ ടോണ്‍സിലുകള്‍ അണുക്കളെ തടഞ്ഞുനിര്‍ത്തി അവയെ നശിപ്പിച്ചോ നിര്‍വീര്യമാക്കിയോ ആണ് ആരോഗ്യം സംരക്ഷിക്കുക. രോഗാണു ശക്തമാകുമ്പോഴും ശരീരത്തിന്റെ പ്രതിരോധശക്തി കുറയുമ്പോഴും ടോണ്‍സില്‍ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധയാണ് ടോണ്‍സിലൈറ്റിസ്. 

കാരണങ്ങൾ...

വൈറസുകളും ബാക്ടീരിയകളും ടോണ്‍സിലൈറ്റിസിന് കാരണമാകാറുണ്ട്. ശരീരത്തിന്റെ അകത്തും പുറത്തും രോഗാണുക്കളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമ്പോള്‍ രോഗം എളുപ്പം പിടിപെടും. നല്ല ചൂടുള്ള കാലാവസ്ഥയില്‍ തണുത്ത വെള്ളം, തണുത്ത ഭക്ഷണം ഇവ കഴിക്കുമ്പോള്‍ തൊണ്ടയിലെ താപനിലയില്‍ താല്‍ക്കാലികമായ കുറവുണ്ടാക്കി ടോണ്‍സിലൈറ്റിസ് ബാധിക്കാം. അതുപോലെ മഞ്ഞ് കൊള്ളുക, മഴ നനയുക, തുടര്‍ച്ചയായുള്ള എസിയുടെ ഉപയോഗം ഇവയും ചിലരില്‍ ടോണ്‍സിലൈറ്റിസിന് ഇടയാക്കാറുണ്ട്.

ലക്ഷണങ്ങള്‍...

പനി, ശരീരവേദന, ക്ഷീണം ഇവയോടൊപ്പം ശക്തമായ തൊണ്ടവേദനയാണ് സാധാരണ കാണപ്പെടുക. ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്, ടോണ്‍സിലുകളില്‍ ചുവപ്പ്, പഴുപ്പ്, വെളുത്തപാട ഇവ കാണപ്പെടുക, കഴുത്തിലെ കഴലകളില്‍ വീക്കവും വേദനയും, ചെവിവേദന ഇവയാണ് കാണപ്പെടുന്ന മറ്റ് പ്രധാന ലക്ഷണങ്ങള്‍. പലതവണ ടോണ്‍സിലൈറ്റിസ് വന്നവരില്‍ ഗ്രന്ഥിയില്‍ തടിപ്പ് സ്ഥിരമായി കാണാറുണ്ട്. രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ടോണ്‍സിലൈറ്റിസ് കൂടുതലായി ബാധിക്കുന്നതെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഒട്ടോളറിംഗോളജി വ്യക്തമാക്കുന്നു.