Asianet News MalayalamAsianet News Malayalam

രാജ്യത്ത് ആകെ 8,800 ബ്ലാക്ക് ഫംഗസ് കേസുകള്‍; മരുന്ന് ദൗര്‍ലഭ്യം കുറയ്ക്കാന്‍ നടപടി

അഴുകിയ ജൈവിക പദാര്‍ത്ഥങ്ങളിലും മണ്ണിലുമെല്ലാം കാണപ്പെടുന്ന ഫംഗസ്, അമിത സ്റ്റിറോയ്ഡ് ഉപയോഗം മൂലമാണ് കൊവിഡ് രോഗികളിലെത്തുന്നത്. പ്രതിരോധശേഷി കുറഞ്ഞവരിലും ഫംഗസ് എളുപ്പത്തില്‍ കയറിക്കൂടുന്നു. ശ്വസനപ്രക്രിയയിലൂടെ അകത്തെത്തുന്ന ഫംഗസ് നെറ്റിയിലും മൂക്കിനും കവിളെല്ലിനും കണ്ണിനും പല്ലിനുമടിയിലുള്ള വായു അറകളെയാണ് ബാധിക്കുന്നത്

total of 8800 black fungus cases india informs centre
Author
Delhi, First Published May 22, 2021, 6:24 PM IST

കൊവിഡ് രോഗികളില്‍ രോഗമുക്തിക്ക് പിന്നാലെ പിടിപെടുന്ന 'മ്യൂക്കോര്‍മൈക്കോസിസ്' അഥവാ ബ്ലാക്ക് ഫംഗസ് ബാധ വലിയ തോതിലാണ് ആശങ്കയുണ്ടാക്കുന്നത്. ആദ്യഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്ലാക്ക് ഫംഗസ് കേസുകളുടെ എണ്ണം ഏകോപിപ്പിക്കപ്പെടുകയോ, കൃത്യമായി തിട്ടപ്പെടുത്തപ്പെടുകയോ ചെയ്തിരുന്നില്ല. 

എന്നാല്‍ കൊവിഡ് കാലത്ത് അടുത്ത ഭീഷണിയായി ബ്ലാക്ക് ഫംഗസ് മാറിയതിനെ തുടര്‍ന്ന് കാര്യമായ ശ്രദ്ധയാണ് ഇപ്പോള്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ക്ക് ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്ത് ആകെയുള്ള ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്രം. 

നിലവില്‍ ആകെ 8,800 കേസുകളാണ് രാജ്യത്തുള്ളതെന്നും ചികിത്സയ്ക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് മരുന്ന് എത്തിച്ചതായും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് ഗുജറാത്തിലാണ്. ഇതിന് പിന്നാലെ മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും യഥാക്രമം വരുന്നു. 

'ആംഫോടെറിസിന്‍-ബി' എന്ന മരുന്നാണ് ബ്ലാക്ക് ഫംഗസ് ബാധയ്ക്കുള്ള ചികിത്സയ്ക്കായി പ്രധാനമായും ഉപയോഗിക്കുന്ന മരുന്ന്. ഇന്‍ജെക്ഷനായാണ് ഇത് നല്‍കുന്നത്. ബ്ലാക്ക് ഫംഗസ് കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളില്‍ തന്നെ 'ആംഫോടെറിസിന്‍-ബി' ലഭ്യമല്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. 

ഇതോടെയാണ് 23,000 അധിക വയല്‍ മരുന്ന് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതിന്റെ വിശദ വിവരങ്ങളും മന്ത്രി സദാനന്ദ ഡൗഡ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. 

 

 

അഴുകിയ ജൈവിക പദാര്‍ത്ഥങ്ങളിലും മണ്ണിലുമെല്ലാം കാണപ്പെടുന്ന ഫംഗസ്, അമിത സ്റ്റിറോയ്ഡ് ഉപയോഗം മൂലമാണ് കൊവിഡ് രോഗികളിലെത്തുന്നത്. പ്രതിരോധശേഷി കുറഞ്ഞവരിലും ഫംഗസ് എളുപ്പത്തില്‍ കയറിക്കൂടുന്നു. ശ്വസനപ്രക്രിയയിലൂടെ അകത്തെത്തുന്ന ഫംഗസ് നെറ്റിയിലും മൂക്കിനും കവിളെല്ലിനും കണ്ണിനും പല്ലിനുമടിയിലുള്ള വായു അറകളെയാണ് ബാധിക്കുന്നത്. 

മുഖത്ത് പരിക്ക് പറ്റിയതുപോലുള്ള പാടുകള്‍, വീക്കം, മുറിവുകള്‍, കറുപ്പ് നിറത്തിലുള്ള അടയാളങ്ങള്‍ എന്നിങ്ങനെയായി ഫംഗസ് ബാധയുടെ ലക്ഷണങ്ങള്‍ വരാം. ഫംഗസ് ബാധ മൂലം തകരാറിലായ കോശകലകള്‍ സമയബന്ധിതമായി മുഖത്ത് നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ അണുബാധ തലച്ചോര്‍ വരെ എത്താം. ഈ ഘട്ടത്തില്‍ രോഗിയുടെ ജീവന്‍ അപകടത്തിലാവുകയും ചെയ്‌തേക്കാം. 

Also Read:- മദ്ധ്യപ്രദേശില്‍ നാല് ബ്ലാക്ക് ഫംഗസ് മരണം; ശ്രദ്ധിച്ചില്ലെങ്കില്‍ ജീവനെടുക്കുന്ന വില്ലനായി ബ്ലാക്ക് ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios