Asianet News MalayalamAsianet News Malayalam

എല്ലാ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ട്രോമ കെയര്‍ പരിശീലനം; അടെല്‍ക് നേതൃത്വം നൽകുമെന്ന് മന്ത്രി

നൂതന സിമുലേഷന്‍ സാങ്കേതികവിദ്യയിലും എമര്‍ജന്‍സി കെയറിലും പരിശീലകര്‍ക്കുള്ള ആദ്യ പരിശീലനം

trauma care training for all doctors and nurses; minister said that ATELC will lead ppp
Author
First Published Oct 21, 2023, 7:25 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രോമ കെയര്‍ പരിശീലനം അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിങ് സെന്ററിന്റെ (ATELC) നേതൃത്വത്തില്‍ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടിയന്തര സാഹചര്യം നേരിടുന്നതിന് പരിശീലകര്‍ക്കുള്ള പരിശീലനം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം അടെല്‍കില്‍ ആരംഭിച്ചു. 

അത്യാധുനിക സിമുലേഷന്‍ ബേസ്ഡ് ടീച്ചിംഗിംല്‍ പരിശീലകരുടെ പരിശീലര്‍ക്കുള്ള മാസ്റ്റേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമാണ് ആരംഭിച്ചത്. ഒക്‌ടോബര്‍ 16 മുതല്‍ 21 വരെ രണ്ട് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റും സിമുലേഷന്‍ വിദഗ്ധരും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്. മെഡിക്കല്‍ കോളേജുകളില്‍ നിന്നും നഴ്‌സിംഗ് കോളേജുകളില്‍ നിന്നുമുള്ളവര്‍ക്കാണ് പരിശീലനം നല്‍കിയത്.

സംസ്ഥാനത്തെ എല്ലാ വിഭാഗത്തിലുള്ള ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എമര്‍ജന്‍സി കെയറില്‍ പരിശീലനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ 150 ഓളം മാസ്റ്റേഴ്‌സ് ട്രെയ്‌നര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. നൂതന സിമുലേഷന്‍ ടെക്‌നോളജിയിലും എമര്‍ജന്‍സി കെയറിലും അത്യാധുനിക സങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു പരിശീലനം നല്‍കിയത്. മനുഷ്യ ശരീരത്തോട് സാമ്യമുള്ള അത്യാധുനിക മാനിക്വിനുകളിലായിരുന്നു പരിശീലനം. 

Read more: ഒരൊറ്റ കുത്തിവെപ്പ്, പുരുഷന്മാർക്ക് ​വന്ധ്യംകരണം സാധ്യം? ലോകത്താദ്യമായ കണ്ടെത്തല്‍, വമ്പൻ നേട്ടവുമായി ഇന്ത്യ

സിപിആര്‍, എമര്‍ജന്‍സി കെയര്‍ എന്നിവയില്‍ വിദഗ്ധ പരിശീലനം നല്‍കി. ഈ മാസ്റ്റേഴ്‌സ് ട്രെയിനര്‍മാര്‍ മറ്റ് ഡോക്ടര്‍മാര്‍ക്കും, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും നഴ്‌സുമാര്‍ക്കും, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ക്കും പരിശീലനം നല്‍കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 1.5 കോടി രൂപയുടെ അത്യാധുനിക ഉപകരണങ്ങളാണ് സെന്ററില്‍ വിദഗ്ധ പരിശീലനത്തിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടകം 15,000ലധികം പേര്‍ക്ക് സെന്ററിലൂടെ വിവിധ പരിശീലനങ്ങള്‍ നല്‍കാനായി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios