മുടികൊഴിച്ചില്‍ പല കാരണങ്ങള്‍ കൊണ്ടുമാകാം ഉണ്ടാകുന്നത്. മോശം ഡയറ്റ്, അനാരോഗ്യകരമായ ജീവിതശൈലി, ഉയര്‍ന്ന തോതിലുള്ള മലിനീകരണം, മുടിയെ വേണ്ടത്ര പരിപാലിക്കാതിരിക്കുന്നത് ഇങ്ങനെ പലതുമാകാം മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നത്. 

മുടി വളര്‍ന്നുകയറുന്ന 'ഫോളിക്കിള്‍' അഥവാ രോമകൂപങ്ങളെ ശക്തിപ്പെടുത്തലാണ് മുടി കൊഴിച്ചില്‍ തടയാനുള്ള ഒരു മാര്‍ഗം. അതുപോലെ മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കുമാവശ്യമായ പോഷകങ്ങള്‍ കൃത്യമായി ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുമാവാം. ഇത് പ്രധാനമായും ഭക്ഷണത്തിലൂടെയാകാം. 

അതല്ലെങ്കില്‍ വിവിധ ഹെയര്‍ മാസ്‌കുകള്‍, ഓയിലുകള്‍ എല്ലാം ഇതിനായി ഉപയോഗിക്കാവുന്നതാണ്. അത്തരത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന രണ്ട് തരം മാസ്‌കുകളെക്കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു മാസ്‌കിനെ കുറിച്ചാണ് ആദ്യം പറയുന്നത്. മിക്ക വീടുകളിലും സര്‍വസാധാരണമായി വാങ്ങിക്കുന്ന ഒന്നാണ് നേന്ത്രപ്പഴം. അതിനാല്‍ തന്നെ ഈ മാസ്‌ക് തയ്യാറാക്കല്‍ അത്ര വിഷമതയുള്ള കാര്യവുമല്ല. ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ്. രണ്ട് നേന്ത്രപ്പഴം നന്നായി ഉടച്ചെടുത്ത് ഇതിലേക്ക് ഒരു സ്പൂണ്‍ ഒലിവ് ഓയിലും ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ഒരു സ്പൂണ്‍ തേനും ചേര്‍ക്കുക. ഇവയെല്ലാം നന്നായി ചേര്‍ത്തിളക്കി യോജിപ്പിക്കുക. 

 

 

ഈ പേസ്റ്റ് മുടിയിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കാം. തുടര്‍ന്ന് ഒരു മണിക്കൂര്‍ അത് നന്നായി തലയില്‍ പിടിക്കാനായി അനുവദിക്കാം. ശേഷം ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകിയെടുക്കാവുന്നതാണ്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന പൊട്ടാസ്യവും ആന്റി ഓക്‌സിഡന്റുകളുമാണ് മുടിക്ക് ആരോഗ്യം പകരാന്‍ സഹായിക്കുന്നത്. ഇതിന് പുറമെ, ധാരാളം വിറ്റാമിനുകളാലും സമ്പുഷ്ടമാണ് നേന്ത്രപ്പഴം. 

രണ്ട്...

കട്ടിത്തൈരുപയോഗിച്ച് തയ്യാറാക്കുന്ന ഒരു മാസ്‌കിനെ കുറിച്ചാണ് രണ്ടാമതായി പറയുന്നത്. കട്ടിത്തൈര് അല്ലെങ്കില്‍ 'യോഗര്‍ട്ട്' ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ്. ഇതില്‍ ഏതെങ്കിലും ഹെയര്‍ ഓയില്‍ ചേര്‍ത്ത് യോജിപ്പിച്ച ശേഷം മാസ്‌ക് ആയി ഉപയോഗിക്കാവുന്നതാണ്. 

 

 

ഈ മിശ്രിതം മുടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച ശേഷം ഏതാനും മണിക്കൂറുകള്‍ അങ്ങനെ തന്നെ വയ്ക്കുക. ശേഷം സാധാരണ ചെയ്യാറുള്ളത് പോലെ തന്നെ മുടി കഴുകിയെടുക്കാം.