എല്ലാ പെൺകുട്ടികൾക്കും എച്ച്പിവി വാക്സിനേഷൻ നൽകണമെന്നും എല്ലാ വർഷവും സെർവിക്കൽ സ്ക്രീനിംഗ് നടത്തണമെന്നും ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. cervical cancer

ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ സെർവിക്കൽ ക്യാൻസർ മൂലം മരിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്. സ്ത്രീകളിൽ കാണുന്ന അർബുദമാണ് സെർവിക്കൽ ക്യാൻസർ. എല്ലാ വർഷവും ജനുവരിയിൽ ക്യാൻസർ അവബോധ മാസമായി ആചരിച്ച് വരുന്നു.

 2022-ൽ ലോകമെമ്പാടുമായി 660,000 സ്ത്രീകൾക്ക് സെർവിക്കൽ ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയതായും ഏകദേശം 350,000 സ്ത്രീകൾ ഈ രോഗം മൂലം മരിച്ചതായും ലോകാരോ​ഗ്യ സംഘടന റിപ്പോർട്ട് ചെയ്തു.

ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീയുടെ ജീവൻ ഈ രോഗം അപഹരിക്കുന്നുവെന്ന് യുണിസെഫ് വ്യക്തമാക്കുന്നു. മിക്കവാറും എല്ലാ സെർവിക്കൽ ക്യാൻസർ കേസുകളും ഹ്യൂമൻ പാപ്പിലോമ വൈറസുകളുമായുള്ള (HPV) അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു. ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന വെെറസാണ് ഇത്.

മിക്ക കേസുകളിലും, രോഗപ്രതിരോധ സംവിധാനം വൈറസിനെ സ്വാഭാവികമായി ഇല്ലാതാക്കുന്നു, പക്ഷേ ചില അർബുദകാരികളായ HPV-കളുമായുള്ള സ്ഥിരമായ അണുബാധ അസാധാരണമായ കോശ വളർച്ചയ്ക്ക് കാരണമാകും. അത് ഒടുവിൽ കാൻസറായി മാറിയേക്കാം. കൃത്യമായ സ്‌ക്രീനിംഗ്, വാക്‌സിനേഷൻ, ചികിത്സ എന്നിവയിലൂടെ സെർവിക്കൽ ക്യാൻസർ തടയാനും ഭേദമാക്കാനും കഴിയും.

എല്ലാ പെൺകുട്ടികൾക്കും എച്ച്പിവി വാക്സിനേഷൻ നൽകണമെന്നും എല്ലാ വർഷവും സെർവിക്കൽ സ്ക്രീനിംഗ് നടത്തണമെന്നും ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗനിർണയം നടത്തിക്കഴിഞ്ഞാൽ നേരത്തെ കണ്ടെത്തി ഫലപ്രദമായി കൈകാര്യം ചെയ്താൽ വിജയകരമായി ചികിത്സിക്കാൻ കഴിയുന്ന കാൻസറുകളിൽ ഒന്നാണിത്.

യോനിയിൽ നിന്നുള്ള ഡിസ്ചാർജ്, ലൈംഗിക ബന്ധത്തിനിടെ വേദന, പെൽവിക് പരിശോധനയ്ക്ക് ശേഷം രക്തസ്രാവം, സാധാരണയേക്കാൾ കൂടുതൽ യോനി ഡിസ്ചാർജ്, യോനിയിൽ രക്തം ഉള്ളതായി തോന്നുന്ന ഡിസ്ചാർജ്, ആർത്തവവിരാമത്തിനു ശേഷം യോനിയിൽ രക്തസ്രാവം, പെൽവിക് ഭാ​ഗത്ത് വേദന, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക‌ എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.