ടിവിയില്‍ പരസ്യം വരുമ്പോള്‍ അത് ആവേശത്തോടെ ഇരുന്ന് കാണുന്ന കുഞ്ഞുങ്ങളെപ്പറ്റി പറഞ്ഞ് ചിരിക്കുന്ന നിരവധി മാതാപിതാക്കളുണ്ട്. ഇത് കുട്ടികളുടെ ഒരു കൗതുകമോ സന്തോഷമോ ആയി മാത്രമാണ് മാതാപിതാക്കള്‍ കണക്കാക്കുന്നത്. അതില്‍ക്കവിഞ്ഞൊരു ഗൗരവം ഇതിന് നല്‍കേണ്ടതില്ലെന്നും അവര്‍ കരുതുന്നു. 

എന്നാല്‍ കാര്യങ്ങളങ്ങനെയല്ലെന്നാണ് ഐക്യരാഷ്ട്രസഭയുടെ പുതിയൊരു പഠനം ചൂണ്ടിക്കാണിക്കുന്നത്. വലിയ തോതില്‍, കുട്ടികള്‍ പരസ്യങ്ങളില്‍ ആകൃഷ്ടരാകുന്നത് അവരുടെ വ്യക്തിത്വത്തേയും മാനസികാരോഗ്യത്തേയും ശക്തമായി സ്വാധീനിക്കുന്നുണ്ടെന്നാണ് പഠനം അവകാശപ്പെടുന്നത്. 

ഫാസ്റ്റ് ഫുഡിന്റെ പരസ്യം തുടങ്ങി ചൂതാട്ടത്തിന്റെ പരസ്യം വരെ ഇന്ന് യഥേഷ്ടം കാണാവുന്ന സാഹചര്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്കുണ്ട്. പലപ്പോഴും ആരോഗ്യകരമായ ഉത്പന്നങ്ങളായിരിക്കില്ല, പരസ്യത്തിന് പിന്നിലുണ്ടാകുന്നത്. എന്നാല്‍ അതിന്റെ 'ക്വാളിറ്റി'യെക്കുറിച്ച് ചിന്തിക്കാന്‍ പാകതയില്ലാത്തത് കൊണ്ട് തന്നെ, അക്കാര്യങ്ങളൊന്നും ഓര്‍ക്കാതെ കുട്ടികള്‍ എളുപ്പത്തില്‍ അതില്‍ സ്വാധീനപ്പെടുന്നു. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ഒരുപോലെ ഹാനികരമായ രീതിയില്‍ പരസ്യങ്ങളാല്‍ സ്വാധീനപ്പെടുന്നുണ്ട്- പഠനം പറയുന്നു. 

പ്രധാനമായും പരസ്യനിര്‍മ്മാണക്കമ്പനികളാണ് ഇക്കാര്യത്തില്‍ നയങ്ങള്‍ കൊണ്ടുവരേണ്ടതെന്നും പഠനം നിര്‍ദേശിക്കുന്നു. മാതപിതാക്കള്‍ക്കാണെങ്കില്‍, കുഞ്ഞുങ്ങള്‍ പരസ്യങ്ങളില്‍ അമിതമായി ആകൃഷ്ടരാകുന്ന സാഹചര്യങ്ങളെ നിയന്ത്രിക്കാം. അത് ടിവിയില്‍ നിന്ന് മാത്രമല്ല, മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റില്‍ നിന്നോ, സോഷ്യല്‍ മീഡിയകളില്‍ നിന്നോ മറ്റ് ഗെയിം- ആപ്പുകളില്‍ നിന്നോ ഒക്കെയാകാം. ഇത്, കൃത്യമായും 'മോണിട്ടര്‍' ചെയ്യേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തം തന്നെയാണ്.