ഒറ്റക്കാലില്‍ പത്ത് സെക്കൻഡ് നിന്നുനോക്കുക. കേള്‍ക്കുമ്പോള്‍ ഇത് വളരെ എളുപ്പമുള്ളൊരു സംഗതിയാണെന്നേ ആര്‍ക്കും തോന്നൂ. എന്നാല്‍ അമ്പത് കടന്നിട്ടുള്ളവരെ സംബന്ധിച്ച് കാല്‍ നിലത്ത് കുത്താതെയും വീഴാൻ പോകാതെയുമെല്ലാം പത്ത് സെക്കൻഡ് ഒറ്റക്കാലില്‍ നില്‍ക്കുക പ്രയാസമാണെന്നാണ് വ്യത്യസ്തമായ പരീക്ഷണം നടത്തിയ ഗവേഷകരുടെ സംഘം പറയുന്നത്.
പ്രായം കൂടും തോറും നമ്മുടെ ആരോഗ്യം ക്ഷയിച്ചുവരാം. വലിയൊരു പരിധി വരെ ജീവിതരീതികള്‍ ഇതില്‍ സ്വാധീനം ചെലുത്താം. എങ്കില്‍പോലും പ്രായം ഏറുന്നത് ആരോഗ്യത്തെ ദോഷകരമായിത്തന്നെയാണ് ബാധിക്കുക. ഇത്തരത്തില്‍ മദ്ധ്യവയസിന് ശേഷം എളുപ്പത്തില്‍ മരണം സംഭവിക്കാൻ സാധ്യതയുണ്ടോ- പ്രത്യേകിച്ച് വീഴ്ചയെ തുടര്‍ന്നുള്ള മരണത്തിനുള്ള സാധ്യതകളുണ്ടോ എന്നറിയാൻ വ്യത്യസ്തമായൊരു പരീക്ഷണം നടത്താൻ നിര്‍ദേശിക്കുകയാണ് ഒരു സംഘം ഗവേഷകര്‍.
ഒറ്റക്കാലില്‍ പത്ത് സെക്കൻഡ് നിന്നുനോക്കുക. കേള്‍ക്കുമ്പോള്‍ ഇത് വളരെ എളുപ്പമുള്ളൊരു സംഗതിയാണെന്നേ ആര്‍ക്കും തോന്നൂ. എന്നാല്‍ അമ്പത് കടന്നിട്ടുള്ളവരെ സംബന്ധിച്ച് കാല്‍ നിലത്ത് കുത്താതെയും വീഴാൻ പോകാതെയുമെല്ലാം പത്ത് സെക്കൻഡ് ഒറ്റക്കാലില്‍ നില്‍ക്കുക പ്രയാസമാണെന്നാണ് വ്യത്യസ്തമായ പരീക്ഷണം നടത്തിയ ഗവേഷകരുടെ സംഘം പറയുന്നത്.
'ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിൻ' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. അമ്പത് കടന്നവരുടെ ആരോഗ്യം മോശമായി വരികയാണോ എന്നറിയാൻ ഏറ്റവും ലളിതമായി പത്ത് സെക്കൻഡ് ഇതുപോലെ ഒറ്റക്കാലില്‍ നിന്നുനോക്കൂവെന്നാണ് പഠനം നിര്‍ദേശിക്കുന്നത്.
വെറുതെ എങ്ങനെയെങ്കിലും ഒരു കാലില്‍ പത്ത് സെക്കൻഡ് നിന്നാല്‍ പോര. ഒറ്റക്കാലില്‍ നില്‍ക്കുന്ന കാലിന്‍റെ മുട്ട് പരമാവധി നിവര്‍ത്തി വച്ച്, കൈകള്‍ ശരീരത്തോട് ചേര്‍ത്തുവച്ച് കണ്ണുകള്‍ നേരെ മുന്നിലേക്ക് ഒരു പോയിന്‍റിലേക്കായി കേന്ദ്രീകരിച്ചാണ് നില്‍ക്കേണ്ടത്.
വര്‍ഷങ്ങളോളം നീണ്ട പഠനത്തില്‍ 50- 55 വയസിന് ശേഷം തുടര്‍ന്നങ്ങോട്ട് ശരീരത്തിന് ബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥ കാണുന്നുവെന്നും പ്രായമായവര്‍ വീഴ്ചയെ തുടര്‍ന്ന് മരിക്കുന്ന സാഹചര്യം ഇതിന്‍റെ തുടര്‍ച്ചയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഇവരുടെ പഠനത്തില്‍ 51-55 വരെ പ്രായമുള്ളവരില്‍ 4.7 ശതമാനം പേര്‍ക്കും ഇത് ചെയ്യാൻ സാധിച്ചില്ല. 56-60 വരെ പ്രായമുള്ളവരില്‍ 8.1 ശതമാനത്തിന് സാധിച്ചില്ല. 61-65 വരെ പ്രായമുള്ളവരിലാകട്ടെ 17.8 ശതമാനം പേര്‍ക്കും സാധ്യമായില്ല. 66-70 വരെയുള്ള പ്രായക്കാരാകുമ്പോഴേക്ക് 36.8 ശതമാനം പേരും ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. പ്രായം കൂടുംതോറുമാണ് ശരീരത്തിന്‍റെ ബാലൻസ് പ്രശ്നം രൂക്ഷമാകുന്നതെന്ന് ഇതോടെ വ്യക്തമാവുകയാണ്.
പ്രതിവര്‍ഷം ലക്ഷക്കണക്കിന് പ്രായമായവര്‍ ഇത്തരത്തില്‍ ബാലൻസ് തെറ്റുന്നതിനെ തുടര്‍ന്നുള്ള വീഴ്ചയ്ക്ക് പിന്നാലെ മരിക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് 60 കടന്നവരാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടതെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു. ശരീരത്തിന്‍റെ ബാലൻസ് കാത്തുസൂക്ഷിക്കുന്നതിന് പ്രത്യേകമായി തന്നെ പരിശീലനം തേടാവുന്നതാണ്. ഇത്തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് വഴി ഒരു പരിധി വരെ ഈ പ്രശ്നം അകറ്റിനിര്‍ത്താമെന്നും വിദഗ്ധര്‍ പറയുന്നു.
Also Read:- 'പ്രമേഹമുള്ളവരില്‍ ഭാവിയില്‍ ക്യാൻസര്‍ സാധ്യത?'; പഠനം പറയുന്നത് കേള്‍ക്കൂ...
