സോഷ്യല്‍ മീഡിയയില്‍ യുവാക്കള്‍ക്കിടയില്‍ ഇന്ന് താരമാണ് കിഷോര്‍. ഫിറ്റ്‌നസ് ലക്ഷ്യങ്ങളുമായി പോകുന്നവര്‍ക്കും പ്രചോദനമാണ് കിഷോറിന്റെ ജീവിതകഥ. ശരീരം നഷ്ടപ്പെട്ടുവെന്ന് തോന്നുന്നിടത്ത് നിന്ന്് വീണ്ടെടുക്കാനും, ഏറ്റവും വലിയ സമ്പത്തമായ ആരോഗ്യത്തെ സ്മരണയോടെ കാത്തുസൂക്ഷിക്കാനും അതുവഴി ജീവിതത്തില്‍ സന്തോഷവും ഊര്‍ജ്ജവും നിലനിര്‍ത്താനുമെല്ലാം ശ്രമിക്കുന്നവര്‍ക്ക് കണ്ടുപഠിക്കാനൊരു മാതൃക

ഫിറ്റ്‌നസിനോട് പ്രായഭേദമെന്യേ നിരവധി പേര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നൊരു ( Fitness Goal ) സമയമാണിത്. എന്നാല്‍ നാം ആഗ്രഹിക്കുന്നത് പോലെയോ കണക്കുകൂട്ടുന്നത് പോലെയോ അത്ര എളുപ്പമല്ല ഫിറ്റ്‌നസ് ലക്ഷ്യത്തിലേക്ക് നടന്നടുക്കല്‍. അതിന് ഏറെ പ്രയത്‌നവും അതിലേറെ ( Doing Workout ) സമര്‍പ്പണവും ആവശ്യമാണ്. 

എത്രത്തോളം അധ്വാനിക്കാന്‍ മനസും ശരീരവും തയ്യാറാകുന്നുവോ അത്രത്തോളം ഫലം ഇതില്‍ നേടാനുമാകും. ഇതിന് ഉദാഹരണമാണ് ചെങ്ങന്നൂരുകാരനായ കിഷോര്‍ രാജ്. വണ്ണം കൂടിയതിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിട്ടിരുന്ന അവസ്ഥയില്‍ നിന്ന് സ്വന്തം പ്രയത്‌നത്തിന്റെ ഫലമായി ഇന്ന് നാടിനും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം അഭിമാനമായി മാറുന്ന രീതിയിലേക്ക് കിഷോര്‍ മാറിയിരിക്കുന്നു. 

അഫ്ഗാനിസ്ഥാനില്‍ യുഎസ് ആര്‍മി ബേസില്‍ ലോഡ്ജിംഗ് സൂപ്പര്‍വൈസറായിരുന്നു കിഷോര്‍. മുമ്പ് തന്നെ ജിമ്മില്‍ പോവുകയും അത്യാവശ്യം ഫിസിക്കല്‍ ഫിറ്റ്‌നസ് നോക്കുകയും ചെയ്തിരുന്നയാളായിരുന്നു. അഫ്ഗാനിലാകുമ്പോഴും അങ്ങനെ തന്നെയായിരുന്നു. പക്ഷേ 2007 ഒക്കെ ആയപ്പോഴേക്ക് അതെല്ലാം നിര്‍ത്തേണ്ടി വന്നു. വാര്‍സോണില്‍ ദീര്‍ഘകാലം നിന്നതിന്റെ മാനസിക സമ്മര്‍ദ്ദമായിരുന്നു ഇതില്‍ പ്രധാന കാരണമായത്. 

വര്‍ക്കൗട്ട് നിര്‍ത്തിയപ്പോള്‍ പിന്നെ ധാരാളം ഭക്ഷണം കഴിച്ചുതുടങ്ങി. മനസിന്റെ സന്തോഷത്തിന് വേണ്ടി ഇഷ്ടപ്പെട്ട ഭക്ഷണമെല്ലാം താല്‍പര്യം പോലെ കഴിച്ചുതുടങ്ങി. മധുരവും ബേക്കറിയുമൊക്കെ നല്ലതുപോലെ കഴിക്കുമായിരുന്നുവെന്ന് കിഷോര്‍ തന്നെ പറയുന്നു. പക്ഷേ അന്ന് വണ്ണം കൂടിവരുമ്പോഴും അത് കാര്യമാക്കിയില്ല. ജിമ്മില്‍ പോകാന്‍ തുടങ്ങിയാല്‍ ഇത് എളുപ്പത്തില്‍ കുറയ്ക്കാവുന്നതല്ലേയുള്ളൂവെന്നാണ് ചിന്തിച്ചത്. ആ ആത്മവിശ്വാസത്തില്‍ കുറയെങ്ങ് മുന്നോട്ടുപോയി. 

Click and drag to move

പിന്നെ ഒരുപാട് വണ്ണം വച്ച്, ശരീരത്തിന്റെ ഘടനയെല്ലാം മാറിത്തുടങ്ങി. വസ്ത്രത്തിന്റെ അളവൊക്കെ മാറി. ഒടുവില്‍ തൊട്ടടുത്ത് നില്‍ക്കുന്ന ആള്‍ക്ക് വരെ തിരിച്ചരിയാന്‍ സാധിക്കാത്ത അവസ്ഥയായി. 

'സത്യം പറഞ്ഞാല്‍ കുറെയൊക്കെ ആ അവസ്ഥ ഞാന്‍ എന്‍ജോയ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അങ്ങനെ കുറച്ചധികം മുന്നോട്ടുപോയപ്പെള്‍ മാറ്റം വേണമെന്ന് തോന്നിത്തുടങ്ങി. ആ സമയത്തൊക്കെ വിഷമിപ്പിക്കുന്ന ധാരാളം കമന്റുകള്‍ കേട്ടിട്ടുണ്ട് കെട്ടോ. പലരും പലതും പറഞ്ഞിട്ടുണ്ട്. ബോഡി ഷെയിമിംഗ് തന്നെ...'- കിഷോര്‍ പറയുന്നു. 

അങ്ങനെ 2019ഓട് കൂടി വീണ്ടും ജിമ്മില്‍ പോകാന്‍ തുടങ്ങി. അപ്പോഴാണ് പ്രശ്‌നത്തിന്റെ തീവ്രത മനസിലായത്. ഒരു പുഷ്- അപ് പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥ, ട്രെഡ് മില്ലില്‍ ഒരു മിനിറ്റ് നടക്കാന്‍ വയ്യ. ജിമ്മില്‍ പോകാന്‍ തന്നെ മടിയും നിരാശയും ആകും. ആ ശ്രമം പാളിയെന്ന് തന്നെ പറയാം. 

പിന്നീട് ജോലി രാജി വച്ച് തിരിച്ച് നാട്ടിലേക്ക്. 2020ഓടെ നാട്ടിലെ നല്ലൊരു ജിമ്മില്‍ ചേര്‍ന്ന് വീണ്ടും വര്‍ക്കൗട്ട് തുടങ്ങി. പുറത്തുനിന്നുള്ള ഭക്ഷണം സമ്പൂര്‍ണമായി ഒഴിവാക്കി. വര്‍ക്കൗട്ടിനൊപ്പം തന്നെ ഫുട്‌ബോള്‍ പോലുള്ള കായിക വിനോദങ്ങളിലും ഏര്‍പ്പെട്ടുതുടങ്ങി. അതിന്റെയൊരു ഉന്മേഷമൊക്കെ ശരീരത്തിനും മനസിനും കണ്ടുതുടങ്ങി. എങ്കിലും ശരീരം ഫാറ്റ് തന്നെയായിരുന്നു. 

'ആയിടക്ക്, വിഷ്ണുരാജ് എന്നൊരു സുഹൃത്തുണ്ട്, പുള്ളി ഫിറ്റ്‌നസ് ട്രെയിനിംഗ് കോഴ്‌സൊക്കെ പാസായ ആളാണ്. അദ്ദേഹവുമായി ആലോചിച്ച് ഒരു മാറ്റം വേണമെന്ന തീരുമാനത്തിലെത്തി. അതായിരുന്നു ശരിയായ തുടക്കം. വര്‍ക്കൗട്ടിലും ഡയറ്റിലും ജാഗ്രത പുലര്‍ത്തി. ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ആ സമയത്തൊക്കെ നൂറ്റിപ്പന്ത്രണ്ട്- പതിമൂന്ന്- പതിന്നാല് അങ്ങനെയൊക്കെയാണ് തൂക്കം. പിന്നെ ഡയറ്റില്‍ കാര്യമായ മാറ്റം വരുത്തി. കാര്‍ബ് കുറച്ചു, ചായ, കാപ്പി, സോഡ അങ്ങനെ പാനീയങ്ങളിലെ കലോറിയൊക്കെ പൂര്‍ണമായും നിര്‍ത്തി. വെളിയില്‍ നിന്നുള്ള ഭക്ഷണം തീരെ തൊടാതായി. ഭക്ഷണക്രമവും കൃത്യമായി പാലിക്കാന്‍ തുടങ്ങി...'- മാറ്റത്തിന്റെ നാളുകളെ കുറിച്ച് കിഷോര്‍ പറയുന്നു.

Click and drag to move

ലോക്ഡൗണ്‍ സമയത്ത് ജിം പൂട്ടിയപ്പോഴും ഡയറ്റ് കൃത്യമായി കൊണ്ടുപോയി. വീടിനടുത്ത് തന്നെയുള്ള ഗ്രൗണ്ടിലായിരുന്നു വര്‍ക്കൗട്ട്. ഇതിന് ശേഷം ജിം തുറന്നപ്പോള്‍ കുറച്ച് തീവ്രത കൂടിയ വര്‍ക്കൗട്ടിലേക്ക് കടന്നു. അതായത് സമയം പ്ലാന്‍ ചെയ്ത് സ്റ്റോപ്പ് വാച്ചൊക്കെ വച്ച് കാര്യമായ വര്‍ക്കൗട്ട് തന്നെ. പതിയെ ശരീരഭാരം കുറയാന്‍ തുടങ്ങി.

ആദ്യഘട്ടത്തില്‍ ശരീരഭാരം പെട്ടെന്ന് നൂറ്റിപ്പന്ത്രണ്ട് എന്നതില്‍ നിന്ന് 103 എന്ന നിലയിലേക്കായി. 

'അത് ലിക്വിഡ് വെയിറ്റാണ്. എളുപ്പം കുറയും. പിന്നെ വളരെ പതിയെ ആണ് ഭാരം കുറഞ്ഞിരുന്നത്. അപ്പോഴേക്ക് നമ്മള്‍ ഭക്ഷണമൊക്കെ അളന്നുവച്ച് കഴിക്കാന്‍ തുടങ്ങി. എന്നുപറഞ്ഞാല്‍ നമ്മളെത്ര കാര്‍ബ്, പ്രോട്ടീനൊക്കെ കഴിക്കുന്നുണ്ടെന്ന് നമുക്ക് തന്നെ മനസിലാകും. പിന്നെ ഭക്ഷണം മൂന്ന് നേരം ഉണ്ടായിരുന്ന അതേ അളവ് തന്നെ ആറ് നേരമാക്കി. അതുപോലെ തന്നെ വെള്ളവും. അങ്ങനെ ഒക്കെ ആയപ്പോഴേക്ക് തൂക്കം 90 ഒക്കെയെത്തി. അതിന് ശേഷം എന്തെങ്കിലും മത്സരങ്ങളില്‍ പങ്കെടുക്കാം എന്ന തീരുമാനത്തിലെത്തി. അതിന് വേണ്ടി പ്രോട്ടീന്‍ അല്‍പം കൂടി കൂട്ടിയും കാര്‍ബ് കുറച്ചുമുള്ള ഡയറ്റിലായി...'- മാറ്റത്തിന്റെ അടുത്ത ഘട്ടത്തെ ഓര്‍ത്തെടുത്ത് കിഷോര്‍. 

Click and drag to move

ഇതിനിടെ വിട്ടുപോകരുതാത്ത ചിലത് കൂടി കിഷോര്‍ പറയുന്നു. എല്ലാത്തിനും പിന്തുണയായി നിന്ന വീട്ടുകാര്‍. അച്ഛന്‍, അമ്മ, സഹോദരി, ഭാര്യ, അമ്മൂമ്മ, സഹോദരിയുടെ ഭര്‍ത്താവ്. പക്ഷേ ഇന്ന് കിട്ടിയ നേട്ടങ്ങളുടെയെല്ലാം ക്രെഡിറ്റ് കിഷോര്‍ നല്‍കുന്നത് വീട്ടിലെ നാല് സ്ത്രീകള്‍ക്കാണ്. ഭക്ഷണകാര്യത്തിലും മറ്റും തന്റെ കൂടെ നിന്നവര്‍ അവരാണെന്നും അവരില്ലെങ്കില്‍ ഈ നേട്ടങ്ങളൊന്നുമില്ലെന്നും സ്‌നേഹത്തോടെയും അഭിമാനത്തോടെയും കിഷോര്‍ പറയുന്നു. 

ഒരേയൊരു വര്‍ഷത്തെ മാജിക് ആണ് കിഷോറിലെ ഈ മാറ്റം എന്ന് ലളിതമായി പറയാം. 2020 അവസാനം മുതല്‍ 2021 അവസാനം വരെ. കഠിനമായ പ്രയത്‌നം തന്നെയായിരുന്നു. ഒടുവില്‍ എന്‍പിസിയുടെ (നാഷണല്‍ ഫിസിക് കമ്മറ്റി) കോമ്പറ്റീഷന് പോയി, 75 കിലോ വിഭാഗത്തില്‍ ബോഡി ബില്‍ഡിംഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മിസ്റ്റര്‍ ആലപ്പുഴ, ചാംപ്യന്‍ ഓഫ് ചാംപ്യനായി. ഇനി മാര്‍ച്ചില്‍ മിസ്റ്റര്‍ കേരള മത്സരം വരാനിരിക്കുന്നു. അതിനുള്ള ഒരുക്കത്തിലാണിപ്പോള്‍. 

'എനിക്കിപ്പോള്‍ മുപ്പത്തിയഞ്ച് വയസാണ്. ഈ പ്രായത്തിലാണോ നീയിനി ജിമ്മിലൊക്കെ പോയി കളിച്ച് മത്സരങ്ങള്‍ക്ക് പോകാന്‍ പോകുന്നേ എന്ന് പരിഹസിച്ച് ചോദിച്ചവരുണ്ട്. അവരൊക്കെ ഇപ്പോള്‍ എന്റെ ഫോട്ടോ ഷെയര്‍ ചെയ്യുന്നത് കാണുമ്പോള്‍ സത്യത്തില്‍ വലിയ സന്തോഷം തന്നെയാണ്. മത്സരങ്ങള്‍ക്ക് സമ്മാനം വാങ്ങണമെന്ന ലക്ഷ്യമൊന്നും എനിക്കുണ്ടായിരുന്നില്ല. എന്നെ പോലെ ഒരാള്‍ക്ക് ഇത്ര വരെയെങ്കിലും എത്താന്‍ കഴിയുമെന്ന് കാണിക്കണം. അത്രയേ ആഗ്രഹിച്ചിട്ടുള്ളൂ. ഇപ്പോള്‍ നാട്ടില്‍ തന്നെ ഒരു ജിം തുടങ്ങാനിരിക്കുന്നു. അതിന്റെ ഉദ്ഘാടനമാണ്. ഫിറ്റ് നേഷന്‍ എന്നാണ് പേര്. അതിന്റെയൊരു ആവേശത്തിലും ആഹ്ലാദത്തിലും ഒക്കെയാണ്...'- കിഷോറിന്റെ പ്രതീക്ഷകള്‍ തിളങ്ങുന്നു. 

Click and drag to move

സോഷ്യല്‍ മീഡിയയില്‍ യുവാക്കള്‍ക്കിടയില്‍ ഇന്ന് താരമാണ് കിഷോര്‍. ഫിറ്റ്‌നസ് ലക്ഷ്യങ്ങളുമായി പോകുന്നവര്‍ക്കും പ്രചോദനമാണ് കിഷോറിന്റെ ജീവിതകഥ. ശരീരം നഷ്ടപ്പെട്ടുവെന്ന് തോന്നുന്നിടത്ത് നിന്ന്് വീണ്ടെടുക്കാനും, ഏറ്റവും വലിയ സമ്പത്തമായ ആരോഗ്യത്തെ സ്മരണയോടെ കാത്തുസൂക്ഷിക്കാനും അതുവഴി ജീവിതത്തില്‍ സന്തോഷവും ഊര്‍ജ്ജവും നിലനിര്‍ത്താനുമെല്ലാം ശ്രമിക്കുന്നവര്‍ക്ക് കണ്ടുപഠിക്കാനൊരു മാതൃക.

Also Read:- ഉപകരണങ്ങള്‍ വേണ്ട, ലെവല്‍ അപ്പ് ചാലഞ്ചുമായി സാമന്ത; വൈറലായി വീഡിയോ