Asianet News MalayalamAsianet News Malayalam

'കൗമാരക്കാരിൽ സുരക്ഷിതമല്ലാത്ത ലൈം​ഗിക ബന്ധം വർധിക്കുന്നു'; ഞെട്ടിക്കുന്ന പഠനവുമായി ലോകാരോഗ്യ സംഘടന

പല രാജ്യങ്ങളിലും സ്‌കൂളുകളിൽ ലൈംഗികവിദ്യാഭ്യാസം നൽകുന്നതിൽ വിമുഖത കാണിക്കുന്നതാണ് സുരക്ഷിതമല്ലാത്ത ലൈംഗികതയുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

unprotected teenage sex increasing all over in the world, says WHO
Author
First Published Sep 3, 2024, 8:43 PM IST | Last Updated Sep 3, 2024, 9:04 PM IST

ജനീവ: കൗമാരക്കാരിൽ സുരക്ഷിതമല്ലാത്ത ലൈം​ഗിക ബന്ധം വർധിക്കുന്നതായി ലോകാരോ​ഗ്യ സംഘടനയുടെ പഠനം. ഇക്കാരണത്താൽ കൗമാരക്കാരിൽ ലൈംഗികമായി പകരുന്ന അണുബാധ, സുരക്ഷിതമല്ലാത്ത ഗർഭഛിദ്രങ്ങൾ, ആസൂത്രിതമല്ലാത്ത ഗർഭധാരണം എന്നിവ വർധിക്കുകന്നതായും അപകടപ്പെടുത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. 2014 മുതൽ 2022 വരെ യൂറോപ്പ്, മധ്യേഷ്യ, കാനഡ എന്നിവിടങ്ങളിലെ 42 രാജ്യങ്ങളിലായി 15 വയസ് പ്രായമുള്ള 2,42,000-ലധികം കുട്ടികളിൽ നടത്തിയ പഠനത്തിൻ്റെ ഭാഗമായാണ് പുതിയ ഡാറ്റ പ്രസിദ്ധീകരിച്ചത്. കൗമാരക്കാർ കോണ്ടം  ഉപയോഗിക്കുന്നത് വളരെ കുറവാണെന്നും ഡാറ്റ കാണിക്കുന്നതായി യുഎൻ ആരോഗ്യ ഏജൻസി പറഞ്ഞു.

മൊത്തത്തിൽ അവസാന ലൈംഗിക ബന്ധത്തിൽ കോണ്ടം ഉപയോഗിച്ച് സജീവമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന കൗമാരക്കാരുടെ അനുപാതം ആൺകുട്ടികളിൽ 70 ശതമാനത്തിൽ നിന്ന് 61 ശതമാനമായും പെൺകുട്ടികളിൽ 63 ശതമാനത്തിൽ നിന്ന് 57 ശതമാനമായും കുറഞ്ഞു. മൂന്നിലൊന്ന് പേരും അവസാനത്തെ ലൈംഗിക ബന്ധത്തിൽ കോണ്ടമോ ഗർഭനിരോധന ഗുളികകളോ ഉപയോഗിച്ചിരുന്നില്ല. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള കൗമാരക്കാർ സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ കോണ്ടമോ ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നതിൽ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പല രാജ്യങ്ങളിലും സ്‌കൂളുകളിൽ ലൈംഗികവിദ്യാഭ്യാസം നൽകുന്നതിൽ വിമുഖത കാണിക്കുന്നതാണ് സുരക്ഷിതമല്ലാത്ത ലൈംഗികതയുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പ്രായത്തിന് അനുയോജ്യമായ സമഗ്രമായ ലൈംഗികത വിദ്യാഭ്യാസം പല രാജ്യങ്ങളിലും ഇല്ലാത്തത് തെറ്റായ ലൈം​ഗിക കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കൃത്യമായ ലൈം​ഗിക വിദ്യാഭ്യാസം ഉത്തരവാദിത്തമുള്ള പെരുമാറ്റവും മികച്ച ആരോഗ്യ ഫലങ്ങളിലേക്കും നയിക്കുമെന്നും ഡബ്ല്യുഎച്ച്ഒ യൂറോപ്പിലെ റീജിയണൽ ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗെ പറഞ്ഞു.  
 

Latest Videos
Follow Us:
Download App:
  • android
  • ios