മുന്‍ ലോക സൈക്ലിംഗ് ചാമ്പ്യന്‍ ജാനെസ് ബ്രാകോവിക് പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഓരോ ഞരമ്പും പേശികളും എടുത്തുകാണിക്കുന്ന തന്റെ കാലുകളുടെ ചിത്രമാണ് ജാനെസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 

ഉത്തേജകമരുന്ന് കഴിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ലൊവേനിയന്‍ താരമായ ജാനെസിനെ കഴിഞ്ഞ പത്തുമാസമായി മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. വിലക്കിന് ശേഷം വീണ്ടും ട്രാക്കിലിറങ്ങിയ പശ്ചാത്തലത്തിലാണ് ജാനെസ് കാലുകളുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അസാധാരണമായ ഘടനയിലുള്ള കാലുകള്‍ കണ്ട് ആരാധകരാണെങ്കില്‍ ആകെ അമ്പരന്ന മട്ടിലാണ്. 

എന്താണ് താരത്തിന്റെ അസുഖമെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. 'Bluimia' എന്നൊരു അസുഖം തനിക്കുണ്ടെന്ന് താരം നേരത്തേ വ്യക്തമാക്കിയിരുന്നു. അമിതമായി ഭക്ഷണം കഴിക്കുന്ന അസുഖമാണിത്. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഒന്ന്. എന്നാല്‍ കാലുകള്‍ ഇത്തരത്തിലായിരിക്കുന്നത് തുടര്‍ച്ചയായ സൈക്കിള്‍ റേസിനെ തുടര്‍ന്നാണത്രേ. 

നിരന്തരം സൈക്കിള്‍ ചവിട്ടുന്ന താരങ്ങളില്‍ ഇത്തരം വ്യതിയാനങ്ങള്‍ കാണാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒട്ടും കൊഴുപ്പില്ലാത്തതിനാല്‍ കാലുകള്‍ തീരെ മെലിഞ്ഞിരിക്കും. ചിലപ്പോഴൊക്കെ നിര്‍ജലീകരണവും കൂടിയാകുമ്പോള്‍ കാലുകള്‍ പേശികളും ഞരമ്പുകളും തെളിഞ്ഞ് ഇതുപോലെയാകും. എന്നാല്‍ ഇതില്‍ ഭയപ്പെടാന്‍ മറ്റൊന്നുമില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

തന്റെ അസുഖത്തെ പ്രതിരോധിക്കാന്‍ വേണ്ടി കഴിച്ച ഫുഡ് സപ്ലിമെന്റിനകത്ത് അടങ്ങിയിരുന്ന 'മീഥൈല്‍ ഹെക്‌സാനിയാമിന്‍' എന്ന ഘടകമാണ് അധികൃതര്‍ ഉത്തേജകമായി കണ്ടെത്തിയതെന്നും അത് താന്‍ മനപ്പൂര്‍വ്വം ചെയ്ത കുറ്റമല്ലെന്നും ഇതിനിടെ ജാനെസ് ആരാധകരോട് വ്യക്തമാക്കി. തനിക്ക് നേരെയുണ്ടായ വിലക്ക് തന്നെ മാനസികമായി വളരെയേറെ ബാധിച്ചുവെന്നും ജാനെസ് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു.