ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. 

ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഇക്കാലയളവില്‍ കൂടിവരികയാണ്. നേരത്തെ തിരിച്ചറിയാനായാല്‍ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികില്‍സകള്‍ ഇന്ന് ലഭ്യമാണ്. സാധാരണയായി അധികമാര്‍ക്കും അറിയാത്ത 10 ഹൃദ്രോഗലക്ഷണങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.

ഒന്ന്...

നെഞ്ച് വേദന ഹൃദ്രോഗത്തിന്റെ സാധാരണയായുള്ള ഒരു ലക്ഷണമാണ്. നെഞ്ചില്‍ ഭാരം വര്‍ദ്ധിക്കുന്നതായി തോന്നിക്കുന്ന വേദനകള്‍ അവഗണിക്കരുത്. അത്തരക്കാര്‍ തീര്‍ച്ചയായും ഡോക്‌ടറെ കാണുക.

രണ്ട്...

തോള്‍ വേദന- തോളില്‍നിന്ന് കൈകളിലേക്ക് വ്യാപിക്കുന്ന വേദന ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. സാധാരണയായി ഇടംകൈയിലായിരിക്കും ഈ വേദന അനുഭവപ്പെടുക.

മൂന്ന്...

അസിഡിറ്റി- അസിഡിറ്റിയും ഗ്യാസ് മൂലമുള്ള വേദനയും പലരും കാര്യമാക്കാറില്ല. എന്നാല്‍ ഇതും ഹൃദ്രോഗത്തിന്റെ ലക്ഷണം ആണെന്ന് അറിയുക. ഇത്തരക്കാര്‍ ഉടന്‍ ഡോക്ടറെ കണ്ട് പരിശോധനകള്‍ വിധേയമാകുക.

നാല്...

കഴുത്തിനും താടിയെല്ലിനു വേദന- നെഞ്ചില്‍നിന്ന് തുടങ്ങി മുകളിലേക്ക് വ്യാപിക്കുന്ന വേദന കഴുത്തിലും താടിയെല്ലിലും അനുഭവപ്പെടും. ഇത്തരം വേദനകള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണമായിരിക്കും.

അഞ്ച്...

ക്ഷീണവും തളര്‍ച്ചയും- പടി കയറുമ്പോഴും നടക്കുമ്പോഴും കിതപ്പും ക്ഷീണവും അനുഭവപ്പെടുന്നുവെങ്കില്‍ അത് നിസാരമായി കാണരുത്. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണിത്.

ആറ്...

തലകറക്കം- മസ്‌തിഷ്‌ക്കത്തിലേക്കുള്ള രക്തയോട്ടം കുറയുമ്പോള്‍ തലകറക്കമുണ്ടാകാം. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ടാകുമ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ട്.

ഏഴ്...

കൂര്‍ക്കംവലി- ഉറങ്ങുമ്പോള്‍ കാര്യക്ഷമമായി ശ്വാസോച്ഛാസം നടത്താനാകാതെ വരുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദമേറുന്നതുകൊണ്ടാണ്.

എട്ട്...

സ്ഥിരമായുള്ള ചുമ- ചുമ പലപ്പോഴും അധികമാരും കാര്യമാക്കാറില്ല. എന്നാല്‍ നിര്‍ത്താതെയുള്ള ചുമ ഹൃദ്രോഗത്തിന്റെ ലക്ഷണമായിരിക്കാം. ചുമയ്‌ക്കൊപ്പം, മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള കഫം വരുകയാണെങ്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ അസ്വാഭാവികതയുള്ളതായി സംശയിക്കേണ്ടിവരും. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടാകുന്നതുകൊണ്ടാകാം പിങ്ക് നിറത്തിലുള്ള കഫം വരുന്നത്.

ഒമ്പത്...

കാലിനും ഉപ്പൂറ്റിക്കും നീര്‍ക്കെട്ട്- ഹൃദയം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍, കാലിനും ഉപ്പൂറ്റിക്കും നീര്‍ക്കെട്ട് വരാം. ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യാതെ വരുമ്പോഴാണ് കാല്‍പ്പാദത്തില്‍ നീര് വരുന്നത്.

പത്ത്...

സ്ഥിരതയില്ലാത്ത ഹൃദയ സ്‌പന്ദനം- ഹൃദയസ്പന്ദനത്തിലുണ്ടാകുന്ന വ്യതിയാനം അധികമാര്‍ക്കും പെട്ടെന്ന് മനസിലാകില്ല. ഹൃദ്രോഗത്തിന്റെ ലക്ഷണമായിരിക്കും ഇത്.