ഇന്ന് സ്ത്രീകളിൽ പൊതുവെ കണ്ട് വരുന്ന പ്രശ്നമാണ് യൂറിനറി ഇൻഫെക്ഷൻ. ഏതെങ്കിലും കാരണവശാല്‍ മൂത്രനാളം വഴി മൂത്രസഞ്ചിയില്‍ അണുക്കള്‍ എത്തി അണുബാധ ഉണ്ടാകുന്നതിനെയാണ് സാധാരണ ഗതിയില്‍ യൂറിനറി ഇന്‍ഫെക്ഷന്‍ എന്ന് പറയുന്നത്. യഥാസമയം മൂത്രമൊഴിക്കാതെ അധിക സമയം മൂത്രാശയത്തില്‍ കെട്ടിനില്‍ക്കുന്നത്‌ അണുക്കള്‍ വളരാനുള്ള സാഹചര്യം ഒരുക്കുന്നു. എന്നാല്‍ മൂത്രനാളത്തിലേക്ക് അണുക്കള്‍ പ്രവേശിക്കാന്‍ പലകാരണങ്ങളും ഉണ്ട്.

മൂത്രത്തിൽ അണുബാധ ഉണ്ടാകാനുള്ള പ്രധാനകാരണം വൃത്തിയില്ലായ്മ തന്നെയാണ്. വെള്ളം ധാരാളം കുടിച്ചാൽ യൂറിനെറി ഇൻഫെക്ഷൻ തടയാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു. ഇൻഫെക്ഷൻ രണ്ട് തരത്തിലുണ്ട്. മൂത്രസഞ്ചിയെ ബാധിക്കുന്ന ഇൻഫെക്ഷനും കിഡ്നിയെ ബാധിക്കുന്ന ഇൻഫെക്ഷനും. അതിൽ കി‍ഡ്നിയെ ബാധിക്കുന്ന ഇൻഫെക്ഷനാണ് ഏറ്റവും അപകടകാരി. അണുബാധ കിഡ്നിയിൽ ബാധിച്ചാൽ പിന്നെ മറ്റ് അസുഖങ്ങളും പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്. 

ഇ-കോളി ബാക്ടീരിയയാണ് സാധാരണ മൂത്രത്തില്‍ അണുബാധ ഉണ്ടാക്കുക. എന്നാല്‍ Proteus,Klebsiella, Pseudomonas എന്നീ ബാക്ടീരിയകളും മൂത്രത്തില്‍ അണുബാധയുണ്ടാക്കാറുണ്ട്. സാധാരണ സ്ത്രീകളില്‍ മൂന്നു കാലഘട്ടങ്ങലിലാണ് മൂത്രത്തില്‍ അണുബാധയ്ക്ക് സാധ്യതയേറെയുള്ളത്.

 ലക്ഷണങ്ങള്‍...
∙ മൂത്രം പോകുമ്പോള്‍ ഉണ്ടാകുന്ന വേദന, എരിച്ചില്‍ 
∙ ഇടയ്ക്കിടെ മൂത്ര ശങ്ക 
∙ അടിവയറ്റില്‍ വേദന 
∙ പനി
∙ മൂത്രത്തില്‍ നിറവ്യത്യാസം 
∙ മൂത്രത്തിന് ദുര്‍ഗന്ധം 

മൂത്രത്തില്‍ അണുബാധ ഉണ്ടെന്നു സംശയം തോന്നിയാല്‍ ഉടൻ ഡോക്ടറുടെ സേവനം തേടുക. ഇല്ലെങ്കില്‍ ഇത് ഗുരുതരമായ മറ്റു പ്രശ്നങ്ങള്‍ക്കു കാരണമാകാം. ചില അവസരങ്ങളില്‍ മൂത്രത്തിലെ അണുബാധ വൃക്കകളുടെ പ്രവര്‍ത്തനത്തെ വരെ ബാധിക്കാം. മറ്റ് അവയവങ്ങളിലേക്കു രോഗം പടരാനും സാധ്യതയുണ്ട്. വൃക്ക രോഗങ്ങൾ ജീവനു ഭീഷണിയാകാം, പ്രത്യേകിച്ചും സെപ്റ്റിസീമിയ എന്ന അവസ്ഥയിൽ ബാക്ടീരിയ രക്തപ്രവാഹത്തിൽ പ്രവേശിച്ചാൽ അത് ഗുരുതരമാണ്. അടിവസ്ത്രങ്ങള്‍ ദിവസവും മാറ്റുകയും അവ വൃത്തിയായി കഴുകി വെയിലത്ത് ഉണക്കുകയും ചെയ്യുക.