പല നാടുകളിലുമുള്ള പല സംസ്കാരങ്ങളിൽ ഒരുപോലെ പഠിപ്പിക്കുന്ന ഒന്നുണ്ട്: പുരുഷന്മാർ നിന്ന് മൂത്രമൊഴിക്കണം, സ്ത്രീകൾ ഇരുന്നും.  എന്നാൽ ഏറെക്കുറെ 'സ്വാഭാവികപരിജ്ഞാനം' എന്ന് കരുതപ്പെടുന്ന ഈ ധാരണയ്‌ക്കെതിരെ പല രാജ്യങ്ങളിലെയും ആരോഗ്യവകുപ്പുകൾ ഇപ്പോൾ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. അതിന്റെ വസ്തുതാപരമായ നിലനില്പിനെത്തന്നെ ചോദ്യംചെയ്തു തുടങ്ങിയിട്ടുണ്ട്. 

അപ്പോൾ അവശേഷിക്കുന്ന ചോദ്യങ്ങൾ ഇതൊക്കെയാണ്. 'പുരുഷന്മാർ മൂത്രമൊഴിക്കേണ്ടത് എങ്ങനെയാണ്? നിന്നുകൊണ്ടോ, അതോ ഇരുന്നുകൊണ്ടോ? സ്ത്രീകളോ?' രണ്ടു മാനദണ്ഡങ്ങളാൽ പ്രസക്തമാണ് ഈ സംശയങ്ങൾ. ഒന്ന്, വൃത്തിയുടെയും ദേഹശുദ്ധിയുടെയും കണക്കിൽ. രണ്ട്, ആരോഗ്യപ്രശ്നങ്ങളുടെ കണക്കിൽ. ചുരുക്കം ചിലർക്കെങ്കിലും ഇത് ലിംഗസമത്വത്തിന്റെ കൂടി ചോദ്യമാണ്. അതിനി എങ്ങനെയായാലും, കാര്യത്തിലെ ശരിയും തെറ്റും മാത്രം അറിഞ്ഞാൽ മതി. അപ്പോൾ, ചോദ്യത്തിലേക്ക് തിരിച്ചു വരാം. എങ്ങനെ മൂത്രമൊഴിക്കണം. നിന്നോ, ഇരുന്നോ?

പുരുഷന്മാരിൽ ഭൂരിഭാഗവും നിന്നുകൊണ്ട് മൂത്രമൊഴിക്കാൻ താത്പര്യപ്പെടുന്നവരാണ്. അതാണ് സൗകര്യം എന്ന് കരുതുന്നവരാണ്. താരതമ്യേന എളുപ്പത്തിൽ കാര്യം സാധിച്ചു കിട്ടുമെന്നതു തന്നെ പ്രധാനകാരണം. അതുകൊണ്ടുതന്നെയാണ് പുരുഷന്മാർക്കുള്ള പൊതുശൗചാലയങ്ങളിൽ താരതമ്യേന കുറഞ്ഞ ആൾക്കൂട്ടം കാണുന്നത്. കാര്യം വളരെ പെട്ടെന്ന് തീർത്തിറങ്ങാൻ പുരുഷന്മാർക്ക് സാധിക്കാറുണ്ട്. അകത്തേക്ക് പോകുന്നതിനും തിരിച്ചു വരുന്നതിനുമിടയിൽ ഏതാനും സെക്കന്റുകളുടെ ഇടവേളയേ ഉണ്ടാകാറുള്ളൂ മിക്കവാറും. 

പുരുഷന്മാരുടെ മൂത്രപ്പുരയിൽ തിക്കുംതിരക്കും കുറയാനുള്ള കാരണങ്ങൾ 

1. പുരുഷന്മാർക്ക് വേഗത്തിൽ മൂത്രമൊഴിച്ചിറങ്ങാൻ പറ്റുന്നതിന്റെ പ്രധാന കാരണം ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ, അതിനി കളസമോ നിക്കറോ എന്തുമാറ്റ, അതിന്റെ സിപ്പർ അല്ലെങ്കിൽ കുടുക്ക് മാറ്റിയാൽ കാര്യം സാധിക്കും വസ്ത്രധാരണ രീതിയിലെ പ്രത്യേകതയാണ്. മുണ്ടാണ് ഇട്ടിട്ടുള്ളതെങ്കിൽ കാര്യങ്ങൾ കുറേക്കൂടി എളുപ്പമായി. സ്ത്രീകൾക്ക് ആ ഒരു കാര്യത്തിൽ പുരുഷന്മാരേക്കാൾ കാലതാമസമുണ്ട്.

2. പുരുഷന്മാരുടെ യുറീനൽ ക്യൂബിക്കിൾ ടോയ്‌ലെറ്റിന്റെ അഞ്ചിലൊന്ന് സ്ഥലത്ത് സ്ഥാപിക്കാം. അതായത് സ്ത്രീകൾക്ക് പോകാൻ വേണ്ടി ഒരു ഒരു മൂത്രപ്പുര ഉണ്ടാക്കുന്നത്ര സ്ഥലത്ത് അഞ്ചു പുരുഷന്മാരുടെ ക്യൂബിക്കിൾ ഉണ്ടാക്കാം. അത്രയും സ്ഥലം കൊണ്ട് അഞ്ചു പുരുഷന്മാർക്ക് മൂത്രപ്പുര ഉപയോഗിക്കാം എന്നർത്ഥം.

മൂത്രം, കിഡ്നിയിലെ ഉത്പാദനം മുതൽ പുറത്തേക്കുള്ള പമ്പിങ് വരെ 

മൂത്രമൊഴിക്കുന്ന നേരം നിങ്ങളുടെ ശരീരം ഏതവസ്ഥയിലാണ് എന്നത്, ശരീരത്തിനുള്ളിൽ നിന്നു പുറത്തേക്കുള്ള മൂത്രത്തിന്റെ ഗതിയെ ബാധിക്കും എന്നാണ് എന്നാൽ വിദഗ്ധരുടെ അഭിപ്രായം. അതേപ്പറ്റി അറിയണമെന്നുണ്ടെങ്കിൽ നമ്മൾ മൂത്രമൊഴിക്കുമ്പോൾ  ശരീരത്തിനുള്ളിൽ നടക്കുന്ന പ്രക്രിയ എന്തെന്നറിയേണ്ടതുണ്ട്. അതിനെപ്പറ്റിയാകാം ആദ്യം. നമ്മുടെ ശരീരത്തിൽ മൂത്രം ഉത്പാദിപ്പിക്കപ്പെടുന്നത് കിഡ്‌നിക്കുള്ളിലാണ്. രക്തത്തിൽ നിന്ന് മൂത്രത്തെ വേർതിരിക്കുന്ന പണി ചെയ്യുന്ന സുപ്രധാന അവയവം വൃക്കയാണ്. അവിടെ ഉത്പാദിപ്പിക്കപ്പെടുന്ന മൂത്രം നേരെ വന്നു ശേഖരിക്കപ്പെടുക 'യൂറിനൽ ബ്ലാഡർ' അഥവാ മൂത്രസഞ്ചിയിലാണ്. അത് നിറയുമ്പോഴാണ് ഒരാൾക്ക് മൂത്രശങ്ക അഥവാ മൂത്രമൊഴിക്കാൻ മുട്ടൽ ഉണ്ടാവുന്നത്. ഒരു രാത്രി മുഴുവൻ ഉത്പാദിപ്പിക്കപ്പെടുന്ന മൂത്രത്തെ ശേഖരിക്കാനുള്ള കഴിവ് നമ്മുടെ മൂത്രസഞ്ചിക്ക് ഉള്ളതുകൊണ്ടാണ് നമുക്കൊക്കെ രാത്രി സുഖമായി ഉറങ്ങാൻ സാധിക്കുന്നത്. ഇടക്ക് മൂത്രമൊഴിക്കാൻ മുട്ടാത്തത്. 

ആരോഗ്യവാനായ ഒരു മനുഷ്യന്റെ മൂത്രസഞ്ചിയുടെ ശരാശരി മൂത്രസംഭരണ ശേഷി എന്നത് 300 മുതൽ 600 മില്ലീലിറ്റർ വരെയാണ്. അത് ആ ബ്ലാഡർ പരമാവധി നിറയുമ്പോഴുള്ള മൂത്രത്തിന്റെ അളവാണ്. മൂത്രസഞ്ചിയുടെ കപ്പാസിറ്റിയുടെ മൂന്നിൽ രണ്ട് ഭാഗം നിറയുമ്പോൾ തന്നെ നമുക്ക് കലശലായ മൂത്രശങ്ക അനുഭവപ്പെട്ടു തുടങ്ങും. അവിടന്നങ്ങോട്ട് കിഡ്‌നിയിൽ നിന്നുമെത്തി മൂത്രസഞ്ചിയിലേക്ക് കയറുന്ന ഓരോ മില്ലി മൂത്രവും നമ്മളെ എരിപിരി കൊള്ളിക്കും. ഏറെ നിറഞ്ഞിട്ടും മൂത്രപ്പുരയിൽ പോയില്ല, നമ്മൾ സ്വന്തം മൂത്രമൊഴിക്കാൻ വേണ്ടി ശ്രമിച്ചില്ല എങ്കിൽ, ഒടുവിൽ ഗതികെട്ട നമ്മുടെ അനുവാദത്തിനു കാത്തുനിൽക്കാതെ തന്നെ മൂത്രം അതിന്റെ വഴിക്ക് ഇറങ്ങിപ്പോകും. അത്തരത്തിലാണ് നമ്മുടെ ശരീരത്തിന്റെ മൂത്രം റിലീസ് ചെയ്യുന്ന സംവിധാനത്തിന്റെ ഡിസൈൻ തന്നെ. 

സാധാരണഗതിക്ക് നമ്മൾ സ്വയമേവ പോയി മൂത്രപ്പുരയിലും മറ്റും നിന്നുകൊണ്ട് മൂത്രമൊഴിക്കുമ്പോൾ, നമ്മുടെ ബ്ലാഡർ മുഴുവനായി ഒഴിയണം എന്നുണ്ടെങ്കിൽ അതിന് നമ്മുടെ നാഡീവ്യൂഹത്തിന്റെ ഫലപ്രദമായ പ്രവർത്തനം അത്യാവശ്യമാണ്. ബ്ലാഡറിന്റെ മൂന്നിൽ രണ്ടുഭാഗം നിറഞ്ഞിരിക്കുന്നു എന്ന് നമ്മളെ അറിയിക്കുന്ന പണി നാഡീവ്യൂഹത്തിന്റേതാണ്. മൂത്രമൊഴിക്കാൻ പറ്റുന്ന സ്ഥലം കിട്ടിയില്ല, അല്ലെങ്കിൽ നമ്മൾ യാത്ര ചെയ്യുകയാണ് എന്നൊക്കെ അസൗകര്യങ്ങൾ ഉണ്ടെങ്കിൽ, എത്ര നേരത്തേക്ക് മൂത്രം പിടിച്ചു വെക്കാൻ പറ്റും എന്നതൊക്കെ നമ്മുടെ നാഡീവ്യൂഹത്തിന്റെ മിടുക്ക്‌പോലിരിക്കും. തഞ്ചത്തിനൊരു സ്ഥലം ഒത്തുകിട്ടി, എന്നാലിനി മൂത്രമൊഴിച്ചുകളയാം എന്ന് മനസ്സിലുറപ്പിച്ചുകൊണ്ട്, നമ്മൾ നടന്നു മൂത്രപ്പുരയിൽ ചെന്ന്, ക്യൂബിക്കിളിൽ നിന്ന്, അതിനുള്ള സംവിധാനമുണ്ടാക്കിക്കഴിഞ്ഞാൽ, തലച്ചോർ നാഡീവ്യൂഹത്തിന്റെ ഉത്തരവ് നൽകും. നാഡീവ്യൂഹം ആ സന്ദേശം മൂത്രസഞ്ചിക്ക് കൈമാറും. അത് ചുരുങ്ങാൻ തുടങ്ങും. അതോടെ അതുമായി ബന്ധിപ്പിച്ചിരിക്കുന്ന നാളിയിലൂടെ, യൂറീത്ര വഴി, ജനനേന്ദ്രിയത്തിലൂടെ മൂത്രം പുറത്തേക്ക് ഒഴുകാൻ തുടങ്ങും. ഈ പ്രവൃത്തി മൂത്രസഞ്ചി കാലിയായി എന്ന സന്ദേശം അങ്ങ് തലച്ചോറിലെത്തും വരെ തുടരും. 

അപ്പോൾ മുള്ളുമ്പോൾ നിൽക്കണോ ഇരിക്കണോ?

ആരോഗ്യമുള്ള ഒരാൾക്ക് മൂത്രമൊഴിക്കാൻ വേണ്ടി ബലം പ്രയോഗിക്കേണ്ട ആവശ്യമുണ്ടാകരുത് എന്നതാണ് അടിസ്ഥാന സങ്കൽപം. സാധാരണഗതിക്ക് ഏറെ സ്വാഭാവികമായ രീതിയിൽ തന്നെ ഈ അനിർഗ്ഗളപ്രവാഹം സാധ്യമാകാറുമുണ്ട്. എന്നാൽ, ചില കേസുകളിൽ പുരുഷന്മാർക്ക് 'മുള്ളൽ' വളരെ പ്രയാസകരമായ ഒരു പണിയായി മാറാറുണ്ട്. 

'പ്ലസ് വൺ' എന്ന ശാസ്ത്ര മാസിക പറയുന്നത് പ്രോസ്ട്രേറ്റ് ഗ്രന്ഥിക്ക് വീക്കമുള്ള പുരുഷന്മാർ ഇരുന്നുകൊണ്ട് മൂത്രമൊഴിക്കുന്നത് അവരുടെ മൂത്രവിസർജനം കൂടുതൽ എളുപ്പമാക്കും എന്നാണ്. ഇന്നത്തെ കാലത്ത് പുരുഷന്മാരെ ബാധിക്കുന്ന മൂത്രവിസർജ്ജന സംബന്ധിയായ ഒരു കൂട്ടം പ്രയാസങ്ങളെ ഒന്നിച്ചു വിളിക്കുന്ന പേരാണ് ലോവർ യൂറീനറി ട്രാക്ട് സിംപ്റ്റംസ്‌ (LUTS). ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, അമിതമായ മൂത്രശങ്ക അനുഭവപ്പെടുക, മൂത്രമൊഴിക്കാൻ തോന്നിയാൽ പിന്നെ പിടിച്ചു വെക്കാൻ സാധിക്കാതിരിക്കുക, രാത്രിയിൽ പലവട്ടം മൂത്രമൊഴിക്കേണ്ടി വരിക, മൂത്രത്തിന്റെ ധാരയ്ക്ക് ശക്തികുറവുണ്ടാവുക, ഒഴിക്കാൻ മടിയുണ്ടാവുക, പൂർണ്ണമായും മൂത്രം ഒഴിഞ്ഞു പോവാതിരിക്കുക, ഒരു തവണ ഒഴിച്ച് തിരിച്ചു വന്ന്, മിനിട്ടുകൾക്കകം വീണ്ടും ഒഴിക്കാൻ മുട്ടുക. മൂത്രം മൂത്ര നാളികളിൽ തന്നെ ഒഴിഞ്ഞുപോവാതെ നിൽക്കുക എന്നിങ്ങനെ പലതും ആ ലക്ഷണങ്ങളുടെ കൂട്ടത്തിൽ പെടും.

അതിനു പല കാരണങ്ങളുമുണ്ടാകാം. പ്രോസ്ട്രേറ്റ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾ, ബ്ലാഡർ സ്റ്റോൺ, ബ്ലാഡറിന്റെയോ പ്രോസ്ട്രേറ്റ് ഗ്രന്ഥിയുടെയോ കാൻസർ, പ്രമേഹം, കീറ്റമിൻ ഉപയോഗം, ന്യൂറോസമ്പന്ധിയായ മൾട്ടിപ്പിൾ സ്ക്ളീറോസിസ് പോലുള്ള അസുഖങ്ങൾ, യൂറീനറി ട്രാക്ട് ഇൻഫെക്ഷൻസ് അഥവാ UTI എന്നിങ്ങനെ പലതും. ഈ പ്രശ്നങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ മുതല്ക്കങ്ങോട്ട് വിശദമായ ചികിത്സാ പ്രൊസീജിയറുകൾ വരെയുണ്ട്. ഇങ്ങനെയുള്ള ലക്ഷണങ്ങൾ ബാധിച്ചിട്ടുള്ളവരുടെ മൂത്രനാളിയിൽ ഇരുന്നുകഴിയുമ്പോൾ സമ്മർദ്ദം കുറയുമെന്നാണ് പറയപ്പെടുന്നത്. അത് മൂത്രമൊഴിപ്പ് എന്ന പ്രക്രിയ കൂടുതൽ എളുപ്പമുള്ളതാക്കും 

മേല്പറഞ്ഞത് ഇതുപോലുള്ള പ്രശ്നങ്ങൾ ഉള്ളവരുടെ കാര്യം, ആരോഗ്യവാന്മാരായ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, മൂത്രമൊഴിക്കുന്നത് നിന്നായാലും ഇരുന്നായാലും ഒരു പ്രശ്നവുമില്ല. അത് ഒരു തരത്തിലുള്ള നേട്ടങ്ങളോ കോട്ടങ്ങളോ മനുഷ്യന്റെ ശരീരത്തിന് ഏൽപ്പിക്കുന്നില്ല. മേൽപ്പറഞ്ഞ തരത്തിലുള്ള മൂത്രനാളീ സംബന്ധിയായ ലക്ഷണങ്ങൾ ഇന്ന് സർവ്വസാധാരണമാകയാൽ ബ്രിട്ടനിലെ ആരോഗ്യ സംവിധാനം പുരുഷന്മാരോട് നല്ല വൃത്തിയുള്ള ഒരു ടോയ്‌ലറ്റ് കണ്ടുപിടിച്ച് അതിൽ ഇരുന്നു തന്നെ മൂത്രശങ്ക തീർക്കാനാണ് പറയുന്നത്. ഇരുന്നു മൂത്രമൊഴിച്ചാൽ പ്രോസ്ട്രേറ്റ് ഗ്രന്ഥിക്ക് കാൻസർ വരാനുള്ള സാധ്യത കുറവാണ് എന്നും, പുരുഷന്മാരുടെ ലൈംഗിക ജീവിതം മെച്ചപ്പെടും എന്നുമൊക്കെയുള്ള പ്രചാരങ്ങൾ കേട്ടുകാണും. എന്നാൽ ഇതൊക്കെ വെറും നുണപ്രചാരണങ്ങൾ മാത്രമാണ്. അതിനെ സാധൂകരിക്കുന്ന തരത്തിലുള്ള ഒരു പഠനവും ഇന്നോളം നടന്നിട്ടില്ല. അങ്ങനെ സൂചിപ്പിക്കുന്ന ഒരു റിസർച്ച് പേപ്പറും ഇന്നോളം വന്നിട്ടുമില്ല. 

നിന്നുകൊണ്ടുള്ള മൂത്രമൊഴിപ്പും വ്യക്തിശുചിത്വവും 

നിന്നുകൊണ്ട് മൂത്രമൊഴിക്കുന്നതിന് ഒരു പ്രശ്നമേയുള്ളൂ. കമ്മോഡിനെ ലക്ഷ്യംവച്ചുള്ള ഈ മൂത്രധാര എന്തെങ്കിലും കാരണവശാൽ ഉന്നം തെറ്റിയാൽ മൂത്രം ടോയ്‌ലെറ്റിന്റെ തറയിൽ വീഴും. അവിടം വൃത്തികേടാകും. അതിനുപുറമേ, ചിലർ ടോയ്‌ലെറ്റ് സീറ്റിന്റെ ഫ്ലാപ്പ് പൊന്തിക്കാതെയാണ് മൂത്രമൊഴിക്കുക. അത് ആ സിറ്റിംഗ് ഫ്ലാപ്പിന്റെ മുകളിൽ മൂത്രത്തിന്റെ അംശം പടരാനും, അടുത്ത് വന്നിരിക്കുന്ന ആൾക്ക് അത് ഹൈജീൻ വെച്ച് നോക്കുമ്പോൾ ഏറെ അരോചകമാകാൻ കാരണമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ, പൊതു ശൗചാലയങ്ങളിൽ ഇരുന്നു മൂത്രമൊഴിക്കാനാണ് ബ്രിട്ടനിലും മറ്റും ആവശ്യമുയരുന്നത്. അതുസംബന്ധിച്ച സ്റ്റിക്കറുകളും മറ്റും ഇപ്പോൾ ബ്രിട്ടനിലെ ശൗചാലയങ്ങൾക്കുള്ളിൽ കാണാം. 

എന്നാൽ ജർമനിയിൽ നേരെ തിരിച്ചാണ്. 2015 -ൽ ജർമനിയിൽ ഒരു വീട്ടുടമയ്‌ക്കെതിരെ വാടകക്കാരൻ നൽകിയ കേസിൽ കോടതി നിന്ന് മൂത്രമൊഴിക്കാനുള്ള 'പുരുഷ'ന്റെ അധികാരം നിലനിർത്തിക്കൊണ്ട് വിധിച്ചിരുന്നു. ജർമനിയിൽ 'ഇരുന്നുമുള്ളണോ, നിന്നുമുള്ളണോ' എന്നത് വലിയൊരു സാംസ്‌കാരിക ചർച്ചയ്ക്ക് തന്നെ വേദിയൊരുക്കിയ വിഷയമാണ്. ഇരുന്നുകൊണ്ട് മൂത്രമൊഴിക്കുന്നതിനെ കാലങ്ങളായി അവർ കാണുന്നത് ആണത്തമില്ലായ്ക എന്നാണ്. സിറ്റ്സ്പിൻകലർ (SITZPINKLER) എന്നൊരു പ്രയോഗം തന്നെ അവിടുണ്ട്. 


അപ്പോൾ സ്ത്രീകളുടെ കാര്യമോ?

സ്ത്രീകളെ സംബന്ധിച്ചിടത്തോളം, അവരുടെ ശാരീരികപ്രത്യേകതകൾ നിമിത്തം, ഇരുന്നു മുള്ളുന്നതാണ് എളുപ്പം. നിന്നുമുള്ളുമ്പോൾ മൂത്രം കാലുകളിൽ ആകാനുള്ള സാധ്യത ഏറെയുണ്ട് സ്ത്രീകളിൽ. ഇരുന്നു മൂത്രമൊഴിക്കണം എന്നതുകൊണ്ട്, അവർക്ക് പുരുഷന്മാരെപ്പോലെ കുഞ്ഞ് ക്യൂബിക്കിളുകൾ മതിയാകാറില്ല. കൂടുതൽ സ്വകാര്യത ഇക്കാര്യത്തിൽ ആഗ്രഹിക്കുന്നവരാണ് സ്ത്രീകൾ. അവർക്ക് വൃത്തിയായ രീതിയിൽ നിന്ന് മുള്ളുക ഏറെ ദുഷ്കരമാണ് എന്നതിനാലും, അങ്ങനെ ചെയ്യുന്നത് പല യൂറീനറി ഇന്ഫെക്ഷനുകളിലേക്കും നയിക്കും എന്നതുകൊണ്ടും സ്ത്രീകൾ പൊതുവെ ഇരുന്നു തന്നെ മൂത്രമൊഴിക്കാനാണ് താത്പര്യപ്പെടാറുള്ളത്.

എന്നാൽ, ഈ ശീലം അവർക്ക് പലപ്പോഴും വൃത്തിഹീനമായ പൊതു ശൗചാലയങ്ങളിൽ പോകുമ്പോൾ, വിശേഷിച്ചും തീവണ്ടികളിലും, സിനിമാ തിയേറ്ററുകളിലും, ബസ്റ്റാന്റിലും മറ്റുമുള്ള ഏറെപ്പേർ ഉപയോഗിക്കുന്ന ഇടങ്ങളുടെ കാര്യം വരുമ്പോൾ, ഹൈജീൻ കണക്കിലെടുത്താൽ ഏറെ മനഃപ്രയാസമുണ്ടാകുന്ന ഒരു അനുഭവമായി മാറാറുണ്ട്. അവിടെ ചെന്നിരിക്കാൻ തോന്നാത്തത്ര വൃത്തിഹീനമായ സാഹചര്യങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. അത്തരം ഇടങ്ങളിൽ പോലും പുരുഷന്മാർക്ക് നിന്നുതന്നെ കാര്യങ്ങൾ സാധിക്കാൻ കഴിയുമ്പോൾ, സ്ത്രീകൾ അവിടെ നിസ്സഹായരാവുകയാണ് സംഭവിക്കാറുള്ളത്. എന്നാൽ ഇന്ന് യാത്ര ചെയ്യുന്ന സ്ത്രീകളെ ലക്‌ഷ്യം വെച്ച് കൊണ്ട് 'പീ ബഡി' പോലെ അവരെ നിന്നുകൊണ്ടുതന്നെ മുള്ളാൻ സഹായിക്കുന്ന ഉപകരണങ്ങളും വികസിപ്പിച്ചെടുക്കപ്പെട്ടിട്ടുണ്ട്. അത് ഒരർത്ഥത്തിൽ സ്ത്രീപുരുഷ സമത്വം ഇക്കാര്യത്തിൽ കൊണ്ടുവന്നിട്ടുണ്ടെന്നും പറയാം. എന്നാൽ സ്ത്രീകളുടെ അനാട്ടമി പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമാണ് എന്നതിനാൽ, രണ്ടു പ്രക്രിയകളും ശരീരത്തിലുണ്ടാക്കുന്ന സ്വാധീനം ഒരേ അളവുകോൽ വെച്ച് അളക്കാനായി എന്നുവരില്ല.