Asianet News MalayalamAsianet News Malayalam

അമേരിക്ക വെറുതെ കളഞ്ഞത് ഒരു കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍

ഇതുവരെ ആകെ ജനസംഖ്യയുടെ 52 ശതമാനം പേരിലും മുഴുവന്‍ ഡോസ് വാക്‌സിനെത്തിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതിന് പുറമെ പത്ത് ലക്ഷത്തിലധികം പേര്‍ ബൂസ്റ്റര്‍ ഡോസ് ( അധികസുരക്ഷയ്ക്കായുള്ള മൂന്നാമത്തെ ഡോസ് ) വാക്‌സിനും സ്വീകരിച്ചുകഴിഞ്ഞു

us have wasted more than one crore covid vaccine doses
Author
USA, First Published Sep 2, 2021, 11:16 AM IST

ലോകരാജ്യങ്ങളാകെയും കൊവിഡ് പ്രതിരോധത്തിനായി വാക്‌സിനേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പല രാജ്യങ്ങളും വാക്‌സിന്‍ ലഭ്യമാകാതെ ദുരിതത്തിലാണ്. 

ആകെ ജനസംഖ്യയുടെ കാല്‍ ശതമാനം പേര്‍ക്ക് പോലും മുഴുവന്‍ ഡോസ് വാക്‌സിന്‍ ലഭിക്കാത്ത സാഹചര്യമാണ് ഈ രാജ്യങ്ങളിലെല്ലാമുള്ളത്. 2.8 ശതമാനം പേര്‍ക്ക് മാത്രമാണ് ആഫ്രിക്കയില്‍ വാക്‌സിന്‍ ലഭിച്ചിരിക്കുന്നത്. മറ്റ് പല രാജ്യങ്ങളിലെയും സ്ഥിതിഗതികള്‍ സമാനം തന്നെ. 

ഈ സാഹചര്യത്തിലാണ് അമേരിക്ക ഇതുവരെ വെറുതെ നഷ്ടപ്പെടുത്തിയ വാക്‌സിന്‍ ഡോസുകളുടെ കണക്ക് പുറത്തുവന്നിരിക്കുന്നത്. ഒരു കോടിയിലധികം ഡോസ് വാക്‌സിന്‍ മാര്‍ച്ച് മുതല്‍ മാത്രം അമേരിക്ക വെറുതെ കളഞ്ഞുവെന്നാണ് 'എന്‍ബിസി' റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

വിവിധ ഫാര്‍മസികളും സ്റ്റേറ്റുകളും മറ്റ് സ്ഥാപനങ്ങളും നല്‍കിയ കണക്കുകള്‍ മാത്രമാണിതെന്നും ഇതിന്റെ യഥാര്‍ത്ഥ കണക്ക് നിലവില്‍ പുറത്തുവന്നതിനെക്കാള്‍ വളരെ കൂടുതലായിരിക്കുമെന്നുമാണ് വിലയിരുത്തലുകള്‍. ഏഴ് സ്റ്റേറ്റുകളും പ്രധാനപ്പെട്ട ചില ഫെഡറല്‍ ഏജന്‍സികളും ഇപ്പോഴും പാഴായിപ്പോയ വാക്‌സിന്‍ ഡോസുകളുടെ കണക്ക് നല്‍കിയിട്ടില്ലെന്നാണ് വിവരം. ഇതുകൂടി ചേരുമ്പോള്‍ ഒവിവാക്കിയ വാക്‌സിന്‍ ഡോസുകളുടെ അളവ് ഭീമമായി വര്‍ധിക്കുമെന്നാണ് സൂചന. 

വാക്‌സിന്‍ വയലുകള്‍ നസിച്ചതും, വാക്‌സിന്‍ നേര്‍പ്പിക്കുന്നതില്‍ പിഴവ് സംഭവിച്ചതും, വാക്‌സിന്‍ ഫ്രീസ് ചെയ്തതിലെ പിഴവും, പൊട്ടിച്ച വയലുകളില്‍ വാക്‌സിന്‍ ബാക്കി വന്നതുമെല്ലാമാണ് ഇത്രയധികം വാക്‌സിന്‍ വെറുതെ പാഴായിപ്പോകാന്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍. 

ഇതുവരെ ആകെ ജനസംഖ്യയുടെ 52 ശതമാനം പേരിലും മുഴുവന്‍ ഡോസ് വാക്‌സിനെത്തിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതിന് പുറമെ പത്ത് ലക്ഷത്തിലധികം പേര്‍ ബൂസ്റ്റര്‍ ഡോസ് ( അധികസുരക്ഷയ്ക്കായുള്ള മൂന്നാമത്തെ ഡോസ് ) വാക്‌സിനും സ്വീകരിച്ചുകഴിഞ്ഞു. ഇതിനിടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലേക്ക് അമേരിക്ക വാക്‌സിന്‍ സംഭാവന ചെയ്യുകയുമുണ്ടായി. എങ്കില്‍ക്കൂടിയും വലിയ അളവില്‍ വാക്‌സിന്‍ വെറുതെ പാഴാക്കി കളഞ്ഞുവെന്നത് സ്വീകാര്യമായ നടപടിയല്ലെന്ന അഭിപ്രായം തന്നെയാണ് ശക്തമാകുന്നത്. 

Also Read:- കുട്ടികളിലെ കൊവിഡ്; ഏഴിലൊരാള്‍ക്ക് 'ലോംഗ് കൊവിഡ്' സാധ്യതയെന്ന് പഠനം

Follow Us:
Download App:
  • android
  • ios