ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന 'കൊറോണ വൈറസി'ന്റെ തീവ്രത വ്യക്തമാക്കുന്ന പുതിയ ദൃശ്യങ്ങള്‍ പുറത്ത്. വൈറസ് ബാധിച്ച രോഗിയെ പ്ലാസ്റ്റിക് ട്യൂബിനുള്ളില്‍, മെഡിക്കല്‍ സന്നാഹങ്ങളോടെ സീല്‍ ചെയ്ത് ആംബുലന്‍സില്‍ നിന്ന് ഇറക്കുന്ന ദൃശ്യങ്ങളാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. 

ഇതിന്റെ വിവിധ ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്. ചൈനയില്‍ ഇതുവരെ 17 ജീവനുകള്‍ കവര്‍ന്നെടുത്ത 'കൊറോണ' മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന സ്ഥിരീകരണത്തോടെയാണ് വലിയ പ്രതിരോധ സന്നാഹങ്ങളോടെ മാത്രം രോഗിയെ സമീപിക്കാനും കൈകാര്യം ചെയ്യാനും തുടങ്ങിയത്. 

ശരീരം മുഴുവനായി മൂടുന്ന മെഡിക്കല്‍ സ്യൂട്ടും, മാസ്‌കും കയ്യുറയും ധരിച്ചാണ് ഡോക്ടര്‍മാരും നഴ്‌സുമാരും രോഗിയെ പരിചരിക്കുന്നത്. പുറത്ത് നിന്ന് ഒരാള്‍ക്ക് പോലും രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനാകില്ല. രോഗി കിടക്കുന്ന മുറിയില്‍ പോലും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്ത ഒരാള്‍ക്ക് പ്രവേശിക്കാനാകില്ല. 

ഏതെങ്കിലും സാഹചര്യത്തില്‍ രോഗിയെ മാറ്റേണ്ടിവന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യത്തിലെപ്പോലെ മെറ്റല്‍ ബോക്‌സില്‍ പ്ലാസ്റ്റിക് ട്യൂബ് വച്ച് അതിനകത്ത് എല്ലാ സൗകര്യങ്ങളുമേര്‍പ്പെടുത്തി സീല്‍ ചെയ്ത ശേഷം മാത്രമാണ് മാറ്റുന്നത്. രോഗം കണ്ടെത്തിയ യുഎസില്‍, റോബോ ഡോക്ടര്‍, അതായത് റോബോട്ടാണ് രോഗിയെ പരിശോധിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

'റേഡിയോ ഫ്രീ ഏഷ്യ'യാണ് ട്വിറ്ററിലൂടെ ഞെട്ടിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത് കാണുമ്പോള്‍ ഒരുപക്ഷേ, 'നിപ' വൈറസ് ബാധയുണ്ടായ സമയത്ത് കണ്ട ചിത്രങ്ങളും വീഡിയോകളുമെല്ലാം ഒരുനിമിഷം നമ്മുടെ ഉള്ളിലേക്ക് ഭീതിയോടെ ഓടിയെത്തിയേക്കാം. 

 

 

എന്നാല്‍ 'നിപ'യില്‍ നിന്ന് വിഭിന്നമായി, 2002-03 കാലത്ത് പടര്‍ന്നിരുന്ന 'സാര്‍സ്' വൈറസിനോടാണ് 'കൊറോണ'യ്ക്ക് സാമ്യതകളേറെയുള്ളത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 774 പേര്‍ക്കാണ് അന്ന് 'സാര്‍സ്' മൂലം ജീവന്‍ നഷ്ടപ്പെട്ടത്. എണ്ണായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെയാണ് 'സാര്‍സ്'ഉം 'കൊറോണ'യും ബാധിക്കുന്നത്. അനിയന്ത്രിതമായ അവസ്ഥയെത്തുന്നതോടെ രോഗി മരണത്തിന് കീഴടങ്ങുന്ന സാഹചര്യമുണ്ടാകുന്നു. 

ചൈനയിലെ വുഹാന്‍ നഗരമാണ് 'കൊറോണ'യുടെ ഉറവിടമായി കരുതപ്പെടുന്നത്. വൈറസ് ബാധ വ്യാപകമായതോടെ ഈ നഗരം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ് അധികൃതര്‍. 

ചൈനയ്ക്ക് പുറമെ തായ്‌ലാന്‍ഡ്, തായ്വാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, യുഎസ്, സൗദി അറേബ്യ എന്നിവിടങ്ങളിലും 'കൊറോണ' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഏറെ ഭീതിയിലായിരിക്കുകയാണ് ഇന്ത്യ ഉള്‍പ്പെടെ മറ്റ് ലോകരാജ്യങ്ങളും. ചൈനയില്‍ ചികിത്സയിലുള്ള രോഗികളില്‍ ഒരു ദില്ലി സ്വദേശിനിയും ഉള്‍പ്പെടുന്നുണ്ടെന്ന് ആദ്യദിവസങ്ങളിലെ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം സൗദിയില്‍ മലയാളി നഴ്‌സിന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇതുവരെ 570 പേരോളം ചൈനയില്‍ മാത്രം വൈറസ് ബാധിച്ച് ചികിത്സയിലായിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. അതേസമയം ഔദ്യോഗികമായി ഇത്രയധികം രോഗികളുള്ളതായി ചൈന അംഗീകരിച്ചിട്ടില്ല. വിവിധ രാജ്യങ്ങളില്‍ 'കൊറോണ' പടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പ്രധാന വിമാനത്താവളങ്ങളിലെല്ലാം കര്‍ശനമായ പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലും ആരോഗ്യവകുപ്പ് മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.