രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഒരു രോഗം എന്നതിനെക്കാള്‍ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയാണ്. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്. 

ശരീരത്തില്‍ ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ' ടൈപ്പ് 2'  പ്രമേഹം. പ്രമേഹമുണ്ടെന്ന് കണ്ടെത്തിയതിന് ശേഷം ജീവിതരീതികളില്‍ പുലര്‍ത്തേണ്ട ജാഗ്രത വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.  

പ്രമേഹ രോഗികളില്‍ ഒരു നിശ്ചിതകാലം കഴിഞ്ഞാല്‍  കാഴ്‌ചയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പ്രമേഹത്തിന്‍റെ പ്രത്യാഘാതങ്ങളില്‍ ഒന്നായി കാഴ്ചയെ വരെ ബാധിക്കാവുന്ന  തരത്തില്‍ റെറ്റിന തകരാറിലാകുന്ന അവസ്ഥയെയാണ്‌ 'ഡയബറ്റിക്ക്‌ റെറ്റിനോപ്പതി' എന്ന് പറയുന്നത്. എന്നാല്‍ വിറ്റാമിന്‍ എ കൊണ്ട് പ്രമേഹ രോഗികളില്‍ കാഴ്ചശക്തി മെച്ചപ്പെടുത്താം എന്നാണ് പുതിയൊരു പഠനം പറയുന്നത്.

പ്രമേഹം, വിറ്റാമിന്‍ എയുടെ കുറവ്, റെറ്റിനോപ്പതി മൂലമുണ്ടാകുന്ന കാഴ്ച കുറവ് എന്നിവ തമ്മില്‍ ബന്ധമുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. യൂണിവേഴ്സിറ്റി ഓഫ് ഒക്‌ലഹോമ ഹെല്‍ത്ത് സയന്‍സസ് സെന്‍റര്‍ നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് അമേരിക്കന്‍ ജേണല്‍ ഓഫ് പാത്തോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
 
എലികളുടെ മൂന്ന് ഗ്രൂപ്പുകളിലാണ് പഠനം നടത്തിയത്. വിറ്റാമിന്‍ എയുടെ കുറവ് റെറ്റിനോപതിയുടെ പ്രാരംഭ ഘട്ടത്തില്‍ കാഴ്ചയുടെ പ്രവര്‍ത്തനം കുറയ്ക്കുന്നതിന് കാരണമാകുന്നു എന്നാണ് ഈ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. 

"മുന്‍പ് നടത്തിയ പഠനത്തില്‍ , പ്രമേഹം റെറ്റിനയില്‍ വിറ്റാമിന്‍ എയുടെ കുറവുണ്ടാക്കുന്നുവെന്ന് കണ്ടെത്തി. ഇത് രക്തക്കുഴലുകളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ കാണിക്കുന്നതിന് മുന്‍പുതന്നെ കാഴ്ചശക്തി കുറയാന്‍ ഇടയാക്കുന്നു. ഈ കണ്ടെത്തലാണ് റെറ്റിനയിലെ വിറ്റാമിന്‍ എയുടെ അപര്യാപ്തത മൂലമാകാം നേരത്തെ കാഴ്ച ശക്തി കുറയുന്നതെന്ന അനുമാനത്തിലേക്ക് നയിച്ചത്. ഞങ്ങള്‍ നടത്തിയ പരീക്ഷണത്തിന്‍റെ ഫലം ഇത് ശരി വയ്ക്കുന്നുമുണ്ട് "- യൂണിവേഴ്സിറ്റി ഓഫ് ഒക്‌ലഹോമ ഹെല്‍ത്ത് സയന്‍സസ് സെന്‍ററിലെ ഡോ. ഗിന്നാഡി മൊയ്സ്യേവ് പറഞ്ഞു.

അതിനാല്‍ പ്രമേഹരോഗികള്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു. 

Also Read: കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ...